കല്ലൂര്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ വന്‍ കവര്‍ച; പൊലീസ് അന്വേഷണം ആരംഭിച്ചു
കണ്ണൂര്‍: (www.kasargodvartha.com 06.02.2021) കല്ലൂര്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ വന്‍ കവര്‍ച നടന്ന സംഭവത്തില്‍ മട്ടന്നൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. എസ് ഐ ഷിബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. വിഗ്രഹത്തില്‍ അണിഞ്ഞ മാല, പതക്കം, ഓഫിസില്‍ സൂക്ഷിച്ചിരുന്ന നിത്യനിദാന കിരീടങ്ങള്‍ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. ക്ഷേത്രത്തിലെ ശ്രീകോവില്‍, ചുറ്റമ്പലം, അഗ്രശാല, വഴിപാട് കൗണ്ടര്‍ എന്നിവയുടെയും പൂട്ട് തകര്‍ത്താണ് അകത്തുകയറിയും ഭണ്ഡാരങ്ങള്‍ പൊളിച്ചുമാണ് കവര്‍ച നടത്തിയത്.
വെള്ളിയാഴ്ച പുലര്‍ച്ചെ ക്ഷേത്രത്തില്‍ പൂജ നടത്താനെത്തിയ പൂജാരിയും വഴിപാട് കൗണ്ടര്‍ ജീവനക്കാരനുമാണ് ശ്രീകോവിലിന്റേതുള്‍പ്പെടെ വാതില്‍ തുറന്നിട്ടനിലയില്‍ കണ്ടതോടെ ക്ഷേത്രം ഭാരവാരവാഹികളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്രം പ്രസിഡന്റ് കെ വി രാമചന്ദ്രന്‍ മട്ടന്നൂര്‍ പൊലീസില്‍ പരാതി നല്‍കുകയമായിരുന്നു.
ശ്രീകോവിലിനുള്ളില്‍ വിഗ്രഹത്തില്‍ ചാര്‍ത്തിയ സ്വര്‍ണപ്പതക്കവും മൂന്ന് വെള്ളി കിരീടവുമാണ് മോഷണം പോയത്. ശ്രീകോവിലില്‍നിന്ന് എട്ടുഗ്രാം വരുന്ന സ്വര്‍ണപ്പതക്കവും വെള്ളി മാലയും ഒരു ലക്ഷം രൂപ വിലവരുന്ന ഒരു കിലോയുടെ കല്ലു പതിച്ച വെള്ളി കിരീടം, 600 ഗ്രാമിന്റെ അയ്യപ്പന്റെ വെള്ളി കിരീടം, 500 ഗ്രാമിന്റെ ഗണപതിയുടെ വെള്ളി കിരീടം, മേശയില്‍ സൂക്ഷിച്ച 25,000 രൂപ തുടങ്ങിയവയാണ് മോഷണം പോയത്. സംഭവത്തില്‍ പൊലീസ് ക്ഷേത്രത്തിലെത്തി അന്വേഷണം നടത്തി. മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ക്ഷേത്രം പ്രസിഡന്റ് കെ വി രാമചന്ദ്രന്‍ വ്യക്തമാക്കി.
Keywords: Kannur, news, Kerala, Top-Headlines, Robbery, Crime, Temple, Police, Robbery at Kallur Mahavishnu temple