Politics | ദിവ്യയ്ക്ക് പകരം രത്‌നകുമാരി, കണ്ണൂര്‍ ജില്ലാ പഞ്ചായതിന് ഇനി പുതിയ അധ്യക്ഷ
● സിപിഎമ്മിന് 16 ഉം കോണ്‍ഗ്രസിന് 7 വോടും ലഭിച്ചു.
● പി പി ദിവ്യ വോടെടുപ്പിന് എത്തിയില്ല.
● മുഖ്യവരണാധികാരി കലക്ടര്‍ അരുണ്‍ കെ വിജയന്‍.
കണ്ണുര്‍: (KasargodVartha) കണ്ണൂര്‍ ജില്ലാ പഞ്ചായതിന്റെ പുതിയ അധ്യക്ഷയായി സിപിഎമ്മിലെ അഡ്വ. കെ രത്‌നകുമാരിയെ (Adv. K. Ratnakumari) തിരഞ്ഞെടുത്തു. കോണ്‍ഗ്രസിലെ ജൂബിലി ചാക്കോയെയാണ് രത്‌നകുമാരി പരാജയപ്പെടുത്തിയത്. രത്‌നകുമാരിക്ക് 16 ഉം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജൂബിലി ചാക്കോയ്ക്ക് ഏഴ് വോടും ലഭിച്ചു.
മുന്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ വോടെടുപ്പിന് എത്തിയില്ല. എല്ലാവരുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും നേരത്തെയെടുത്ത തീരുമാനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും രത്‌നകുമാരി പറഞ്ഞു. ഒരുവര്‍ഷം മാത്രമാണ് ഭരണസമിതിക്ക് മുന്നിലുള്ളതെന്നും അപ്രതീക്ഷിതമായാണ് ജില്ലാ പഞ്ചായത് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയതെന്നും രത്‌നകുമാരി മാധ്യമങ്ങളോട് പറഞ്ഞു.
കലക്ടര്‍ അരുണ്‍ കെ വിജയനായിരുന്നു മുഖ്യവരണാധികാരി. പരിയാരം ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായതിലേക്ക് എത്തിയ രത്‌നകുമാരി അധികാരമേല്‍ക്കുമ്പോള്‍ ദൃഡപ്രതിജ്ഞയാണെടുത്തത്. സ്ഥാനമേറ്റതിനുശേഷം എല്‍ഡിഎഫ് നേതാക്കളായ എം വി ജയരാജന്‍, എം സുരേന്ദ്രന്‍, സി പി സന്തോഷ് കുമാര്‍, കെ സുരേശന്‍ തുടങ്ങിയവര്‍ ഷാള്‍ അണിയിച്ച് കെ കെ രത്‌നകുമാരിയെ അഭിനന്ദിച്ചു.
#KannurDistrictPanchayat #KeralaPolitics #LocalElections #KKRatnakumari #CPM