Vizhinjam port | വിഴിഞ്ഞത്ത് ഒരു വിഭാഗം പുരോഹിതരുടെ നേതൃത്വത്തില്‍ കലാപത്തിന് ശ്രമിക്കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി
Nov 28, 2022, 20:57 IST
കണ്ണൂര്‍: (www.kasargodvartha.com) വിഴിഞ്ഞം സമരക്കാര്‍ പ്രവര്‍ത്തിക്കുന്നത് തീവ്രവാദികളെ പോലെയാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരുവിഭാഗം പുരോഹിതരുടെ നേതൃത്വത്തില്‍ കലാപത്തിനുളള ശ്രമങ്ങളാണ് നടന്നുവരുന്നതെന്ന് മന്ത്രി കണ്ണൂര്‍ പയ്യാമ്പലം ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
പൊലീസ് അങ്ങേയറ്റം സംയമനം പാലിച്ചതുകൊണ്ടാണ് അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരുന്നത്. പൊലീസിനെ അക്രമിക്കുക, അവരുടെ തൊപ്പി, ഷീല്‍ഡ് എന്നിവ നശിപ്പിക്കുക തുടങ്ങിയ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് സമരക്കാര്‍ അഴിച്ചുവിടുന്നത്. ഒരുവിഭാഗം രാഷ്ട്രീയ കേന്ദ്രങ്ങളുടെ പിന്തുണ അക്രമികള്‍ക്ക് ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞം തുറമുഖ സമരം അനാവശ്യമാണെന്ന് മത്സ്യതൊഴിലാളികള്‍ക്ക് ബോധ്യമായഘട്ടത്തില്‍ വരെ ഭീഷണിപ്പെടുത്തി ആരാധനാലയങ്ങളില്‍ വിളിച്ചുവരുത്തി നിര്‍ബന്ധിച്ച് സമരത്തില്‍ പങ്കെടുക്കാന്‍ ചില പുരോഹിതന്‍മാര്‍ ശ്രമിക്കുകയാണ്. താനും മന്ത്രിമാരായ ആന്റണി രാജു, അബ്ദുര്‍ റഹ് മാന്‍ എന്നിവരടങ്ങിയ ഉപസമിതി സമരക്കാരുമായി മൂന്നുഘട്ടം ചര്‍ച നടത്തിയിരുന്നു.
വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യമൊഴിച്ചു മറ്റെല്ലാ ആവശ്യങ്ങളും സര്‍കാര്‍ അംഗീകരിച്ചതാണ്. തുടര്‍ന്നും സമരം നടന്നുവരികയാണെന്നും ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാത്തത് സര്‍കാരിന്റെ ദൗര്‍ബല്യമായി കാണരുതെന്നും സമരക്കാരുമായി ഇനിയും ചര്‍ചയ്ക്ക് തയാറാണെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
Keywords: Minister V Sivankutty about Vizhinjam port protest, Kannur, News, Politics, Clash, CPM, Minister, Top-Headlines, Kerala.