Wild Elephant | കണ്ണൂര്‍ ജില്ലയിലെ ജനവാസ കേന്ദ്രത്തില്‍ കാട്ടാനയിറങ്ങി; ജാഗ്രതാ നിര്‍ദേശം നല്‍കി
കണ്ണൂര്‍: (KasargodVartha) മലയോര ഹൈവയോട് ചേര്‍ന്നുള്ള ഉളിക്കല്‍ ടൗണിന് സമീപം കാട്ടാനയിറങ്ങി. ചൊവ്വാഴ്ച (10.10.2023) രാത്രിയോടെയാണ് സ്ഥലത്തെത്തിയത്. ഉളിക്കല്‍ ടൗണിനോട് ചേര്‍ന്നുള്ള മാര്‍ക്കറ്റിന് പിന്‍ഭാഗത്തായാണ് നിലയുറപ്പിച്ചിട്ടുള്ളത്. വനാതിര്‍ത്തിയില്‍നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്താണ് കാട്ടാനയെത്തിയതിനാല്‍ തന്നെ പെട്ടെന്ന് വനത്തിലേക്ക് തുരത്തല്‍ ഒരു വെല്ലുവിളി തന്നെയാണ്.
സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്. ആളുകളെ സ്ഥലത്ത് നിന്ന് ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിച്ചുവരുകയാണെന്ന് അധികൃതര്‍ പറഞ്ഞു. കാട്ടാനയെ മയക്കുവെടിവെക്കണമെന്നും അല്ലെങ്കില്‍ അടിയന്തരമായി കാട്ടിലേക്ക് തുരത്തണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ടൗണിലേക്ക് ആളുകള്‍ വരുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കിയെന്ന് ഉളിക്കല്‍ പഞ്ചായത് പ്രസിഡന്റ് പറഞ്ഞു.
പുലര്‍ചെ കൃഷി ഭവന് സമീപത്തെ കശുമാവിന്‍ തോട്ടത്തിലാണ് കാട്ടാനയുണ്ടായിരുന്നത്. പിന്നീട് മാര്‍കറ്റിന് സമീപത്തേക്ക് പോവുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഉളിക്കലിലെ കടകള്‍ അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വയത്തൂര്‍ വിലേജിലെ അംഗന്‍വാടികള്‍ക്കും സ്‌കൂളുകള്‍ക്കും അവധിയും നല്‍കി. ഉളിക്കലിലെ ഒമ്പത് മുതല്‍ 14 വരെയുള്ള വാര്‍ഡുകളില്‍ തൊഴിലുറപ്പ് ജോലിയും നിര്‍ത്തിവച്ചിട്ടുണ്ട്.
Keywords: Kannur, Wild Elephant, Ulikal, Alert, School, Elephant, Forest, News, Kerala, Kannur: Wild elephant in Ulikal; Alert.