Award | കണ്ണൂർ സർവകലാശാല കലോത്സവം: സംഗീത പ്രതിഭയായി രാംപ്രസാദ്; ഗുരുവിന് ശിഷ്യന്റെ ഷഷ്ടിപൂർത്തി സമ്മാനം
● കണ്ണൂർ സർവകലാശാല കലോത്സവത്തിൽ രാംപ്രസാദ് സംഗീത പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു.
● നാല് മത്സരങ്ങളിൽ നിന്ന് 24 പോയിന്റുകൾ നേടിയാണ് ഈ നേട്ടം കരസ്ഥമാക്കിയത്.
● രാംപ്രസാദ്, ലളിതഗാനത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.
● കർണാടക സംഗീതവും ഗസലും ഉൾപ്പെടുന്ന മത്സരങ്ങളിൽ രണ്ടാമത്തെ സ്ഥാനം നേടി.
● കഥകളി സംഗീതത്തിൽ ആദ്യമായി മത്സരിച്ച രാംപ്രസാദ്, എ ഗ്രേഡിൽ മൂന്നാം സ്ഥാനം നേടി.
● അഞ്ച് വയസ് മുതൽ രാംപ്രസാദ് വിഷ്ണുഭട്ടിൽ നിന്ന് സംഗീതം അഭ്യസിച്ചു വരുന്നു.
● ഗുരുനാഥന്റെ ഷഷ്ടിപൂർത്തി വർഷത്തിൽ ശിഷ്യൻ അർപ്പിച്ച ഗുരു ദക്ഷിണയുമായി ഈ വിജയം ഇരട്ടി മധുരമാകുന്നു.
രാജപുരം: (KasargodVartha) കണ്ണൂർ തോട്ടട എസ് എൻ കോളേജിൽ സമാപിച്ച കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവത്തിൽ രാജപുരം സെന്റ് പയസ് ടെൻത് കോളേജ് വിദ്യാർത്ഥി എ. രാംപ്രസാദ് സംഗീത പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു. നാല് മത്സരങ്ങളിൽ നിന്ന് 24 പോയിന്റുകൾ നേടിയാണ് ഈ നേട്ടം കരസ്ഥമാക്കിയത്. ഇതേ പോയിന്റുകൾ നേടിയ കണ്ണൂർ മാങ്ങാട്ടുപറമ്പ് ക്യാംപസ് വിദ്യാർത്ഥി സി.എസ്. കൃഷ്ണനുണ്ണിക്കൊപ്പമാണ് രാംപ്രസാദ് സംഗീത പ്രതിഭ സ്ഥാനം പങ്കിട്ടത്. ലളിതഗാനത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ രാംപ്രസാദ് കർണാടക സംഗീതം, ഗസൽ എന്നിവയിൽ രണ്ടാം സ്ഥാനവും നേടി. ഇക്കുറി ആദ്യമായി മത്സരിച്ച കഥകളി സംഗീതത്തിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും രാംപ്രസാദിന് ലഭിച്ചു.
കോളേജിലെ മൂന്നാം വർഷ ബി എസ് സി ഫിസിക്സ് വിദ്യാർത്ഥിയായ രാംപ്രസാദ് വെള്ളിക്കോത്ത് സ്വദേശിയാണ്. ജനകീയ സംഗീതയാത്രകളിലൂടെ പ്രശസ്തനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ പ്രമുഖ സംഗീതജ്ഞൻ വെള്ളിക്കോത്ത് വിഷ്ണുഭട്ടാണ് എല്ലാ ഇനങ്ങളിലും രാംപ്രസാദിന് പരിശീലനം നൽകിയത്. അഞ്ച് വയസ് മുതൽ രാംപ്രസാദ് വിഷ്ണുഭട്ടിൽ നിന്ന് സംഗീതം അഭ്യസിച്ചു വരുന്നു. ഗുരുനാഥന്റെ ഷഷ്ടിപൂർത്തി വർഷത്തിൽ ശിഷ്യൻ അർപ്പിച്ച ഗുരു ദക്ഷിണയുമായി ഈ വിജയം ഇരട്ടി മധുരമാകുന്നു.
'നിനക്കായ് പൂത്തൊരെൻ കർണികാരങ്ങളെ കാണാതെ പോയതെന്തേ.....' എന്ന വരികൾ പാടിയാണ് രാംപ്രസാദ് ലളിതഗാനത്തിൽ ഒന്നാം സ്ഥാനം നേടിയത്. ചെറുവത്തൂർ എ ഇ ഒയും വെള്ളിക്കോത്ത് മഹാകവി പി സ്മാരക സ്കൂളിലെ മുൻ അധ്യാപകനുമായ രമേശൻ പുന്നത്തിരിയൻ എഴുതിയ ഈ ഗാനം വെള്ളിക്കോത്ത് വിഷ്ണുഭട്ടാണ് സംഗീതം നൽകി രാംപ്രസാദിനെ പരിശീലിപ്പിച്ചത്. കർണാടക സംഗീതത്തിൽ മുത്തുസ്വാമി ദീക്ഷിതരുടെ ശ്രീ കമലാംബയാം... എന്ന ഭൈരവി രാഗത്തിലുള്ള നവാവരണ കൃതിയും ഗസലിൽ സയ്യിദ് റാസിയുടെ ഭൂലി ബിസ് രി ചന്ദ്... എന്ന് തുടങ്ങുന്ന ഗാനവുമാണ് രാംപ്രസാദ് ആലപിച്ചത്.
നളചരിതം നാലാം ദിവസത്തിലെ എങ്ങാനും ഉണ്ടോ കണ്ടു... എന്ന പദം കഥകളി സംഗീത മത്സരത്തിൽ ആലപിച്ചു. കർണാടക സംഗീതത്തിൽ പ്രഭാകരൻ വള്ളിക്കുന്ന് (മൃദംഗം) ബൽരാജ് ബദിയടുക്ക (വയലിൻ), ഗസലിൽ തൃക്കരിപ്പൂർ മഹേഷ് ലാൽ (തബല), മോഹൻദാസ് അണിയാരം (ഹാർമോണിയം) എന്നിവരായിരുന്നു പിന്നണിയിൽ. മാധ്യമ പ്രവർത്തകൻ വെള്ളിക്കോത്ത് വീണച്ചേരി പൈനി വീട്ടിലെ ശ്യാംബാബു - പ്രഭ ദമ്പതികളുടെ മകനാണ്. സഹോദരി ശിവദ കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയത്തിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Ram Prasad of St. Pius X College, Rajapuram, won the Music Talent Award at the Kannur University Arts Festival with 24 points. He shared the title with another student, CS Krishnanunni, and achieved top ranks in various music categories.
#KannurUniversity #MusicTalent #RamPrasad #ArtsFestival #KarnaticMusic #KasaragodNews