HC Verdict | പ്രിയ വര്‍ഗീസിന് യോഗ്യതയില്ലെന്ന ഹൈകോടതി വിധി: മുഖ്യമന്ത്രിക്കും സിപിഎമിനും തിരിച്ചടിയായി; ഗവര്‍ണര്‍ക്ക് ഹാട്രിക് വിജയമെന്ന് വിലയിരുത്തല്‍
Nov 17, 2022, 16:54 IST
കണ്ണൂര്‍: (www.kasargodvartha.com) മുഖ്യമന്ത്രിയുടെ പൈവ്രറ്റ് സെക്രടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാല അസോ. പ്രൊഫസറായി അപേക്ഷിക്കാന്‍ പോലും യോഗ്യതയില്ലെന്ന ഹൈകോടതി വിധി കണ്ണൂരിലെ സിപിഎമിന് പ്രഹരമായി. തന്റെ ഓഫിസിലെ പ്രബലന്റെ ബന്ധുവിന് ഹൈകോടതിയില്‍ നിന്നുമേറ്റ തിരിച്ചടി മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമിനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
രേഖകള്‍ പരിശോധിച്ചതിനു ശേഷം പ്രിയാവര്‍ഗീസിന് അസോ. പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള മതിയായ അധ്യാപന പരിചയമില്ലെന്നാണ് ജസ്റ്റിസ് ദേവന്‍രാമചന്ദ്രന്‍ വിധിപറഞ്ഞത്. യുജിസി ചട്ടം പാലിച്ചായിരിക്കണമായിരിക്കണം നിയമനങ്ങള്‍ നടത്തേണ്ടതെന്നും കോടതി വിധിയില്‍ പറയുന്നുണ്ട്. യുജിസി ചട്ടം ലംഘിച്ചാണ് പ്രിയ വര്‍ഗീസിനെ റാങ്ക് പട്ടികയില്‍ ഒന്നാമതാക്കിയെന്ന് പട്ടികയില്‍ നിന്നും പ്രിയാവര്‍ഗീസിനെ നീക്കണമെന്നുമാണ് രണ്ടാം റാങ്കുകാരനായ ചങ്ങനാശേരി എസ് ബി കോളേജിലെ മലയാളവിഭാഗം മേധാവി പ്രൊഫ. ജോസഫ് സ്‌കറിയയുടെ ആവശ്യം.
അസോ. പ്രൊഫസര്‍ നിയമനത്തിന് എട്ടുവര്‍ഷത്തെ അധ്യാപനപരിചയം വേണമെന്നാണ് യുജിസി നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. പ്രിയാ വര്‍ഗീസിന് അഞ്ചുവര്‍ഷവും അഞ്ചുദിവസവും മാത്രമാണ് അധ്യാപന പരിചയമെന്ന ഹരജിക്കാരന്റെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. യുജിസി ചട്ടപ്രകാരം മാത്രമേ പ്രിയവര്‍ഗീസിന്റെ നിയമനവുമായി മുന്‍പോട്ടുപോകാന്‍ കഴിയുവെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ കഴിഞ്ഞ ദിവസം ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
നാഷനല്‍ സര്‍വീസ് സ്‌കീമിന്റെ ഭാഗമായി കുഴിവെട്ടിയതൊന്നും അസോ. പ്രൊഫസര്‍ നിയമനത്തിനുള്ള അധ്യാപന പരിചയവുമായി കണക്കാക്കാനാവില്ലെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. പ്രിയവര്‍ഗീസിന് അധികയോഗ്യതയുണ്ടെന്ന് നേരത്തെ വാദിച്ചുകൊണ്ടിരുന്ന സി.പി. എം മന്ത്രിമാര്‍ക്കും കണ്ണൂര്‍ സര്‍വകലാശാല വിസിയും ഹൈക്കോടതി വിധി കനത്ത തിരിച്ചടിയായിരിക്കുകയാണ്. തന്റെ ഓഫീസില്‍ സ്റ്റാഫയതുകൊണ്ടു അവരുടെ ബന്ധുക്കള്‍ക്ക് ഇത്തരം തസ്തികകളില്‍ അപേക്ഷിക്കാന്‍ പാടില്ലെന്നു പറയുന്നത് ശരിയാണോയെന്നായിരുന്നു ഈക്കാര്യത്തെ കുറിച്ചുവാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചത്.
തുടക്കം മുതല്‍ ഒടുക്കം വരെ പിന്‍വാതില്‍ നിയമനം നടത്താന്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കണ്ണൂര്‍ സര്‍വകലാശാലവിസിയും സംഘവും പ്രവര്‍ത്തിച്ചതെന്ന വിലയിരുത്തലും ഹൈക്കോടതി നടത്തിയിട്ടുണ്ട്. അസോ. പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത പോലുമില്ലാത്ത പ്രിയാവര്‍ഗീസിനെ സ്‌കൂട്ടിനി കമ്മിറ്റി രൂപീകരിച്ചാണ് കണ്ണൂര്‍ സര്‍വകലാശാല ഓണ്‍ ലൈന്‍ ഇന്റര്‍വ്യൂവിലൂടെ ഒന്നാം റാങ്കുകാരിയാക്കിയത്.
പാര്‍ടി നേതാവിന്റെ ഭാര്യയായതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് സേവ് യൂനിവേഴ്സിറ്റി ഫോറം ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. ഇടതു ഭരണക്കാലത്ത് രണ്ടു വിസിമാരെ ഹൈക്കോടതി തന്നെ പുറത്താക്കിയത് ഗവര്‍ണര്‍ പറയുന്ന കാര്യങ്ങള്‍ നിയമപരമായി സാധൂകരിക്കുന്നതാണ്. ഇതിനു ശേഷമുണ്ടായ മൂന്നാമത്തെ പ്രഹരമാണ് സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്നും ലഭിക്കുന്നത്. ഒരു വൈസ് ചാന്‍സലര്‍ വിരമിക്കാന്‍ അഞ്ചുദിവസം മാത്രം ബാക്കി നില്‍ക്കവെ പ്രിയാ വര്‍ഗീസിനെ ഒന്നാം റാങ്കുകാരിയാക്കിയതു കോടതി റദ്ദുചെയ്തത് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും കനത്ത തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍.
Keywords: Kannur, News, Kerala, High Court, Application, Kannur: High Court verdict that Priya Varghese is not eligible.