Clash | കണ്ണൂരില്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം; സ്ത്രീ വോടര്‍മാരെയടക്കം മര്‍ദിച്ചതായി ആരോപണം; യുഡിഎഫ് വോടെടുപ്പ് ബഹിഷ്കരിച്ചു
Nov 13, 2022, 18:17 IST
കണ്ണൂര്‍: (www.kasargodvartha.com) പയ്യാവൂരിനടുത്തെ എരുവേശ്ശി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സിപിഎം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടതായി യുഡിഎഫ് ആരോപിച്ചു. വോട് ചെയ്യാനായി പോളിങ് ബൂതിലെത്തിയ സ്ത്രീകള്‍ അടക്കമുള്ള യുഡിഎഫ് വോടര്‍മാരെ തടഞ്ഞു മർദിച്ചെന്നാണ് പറയുന്നത്. അക്രമികൾക്കെതിരെ പൊലീസ് ലാതിവീശി. അട്ടിമറി ആരോപിച്ച് യുഡിഎഫ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. തെരഞ്ഞെടുപ്പ് നടന്ന എരുവേശ്ശി കെകെഎന്‍എം സ്കൂളില്‍ രാവിലെ 10 മണി മുതല്‍ സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു.
വോട് ചെയ്യാന്‍ എത്തിയ വനിതകള്‍ അടക്കമുള്ള യുഡിഎഫ് പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞുവെന്നാണ് പരാതി. യുഡിഎഫ് പ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. എരുവേശി ഗ്രാമപഞ്ചായത് പ്രസിഡണ്ട് ഷൈല ജോയ് അടക്കമുള്ളവര്‍ക്ക് മര്‍ദനമേറ്റു.
ഇരിക്കൂര്‍ എംഎല്‍എ സജീവ് ജോസഫിന്റെ നേതൃത്വത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. വ്യാപക അക്രമവും കള്ളവോടും നടന്നതായി സജീവ് ജോസഫ് എംഎല്‍എ ആരോപിച്ചു.
യുഡിഎഫ് ഭരിച്ചിരുന്ന സഹകരണ ബാങ്ക് കഴിഞ്ഞ തവണയാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. യുഡിഎഫ് ബഹിഷ്കരണത്തോടെ ഇത്തവണയും ബാങ്ക് ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തുമെന്നാണ് സൂചന. എരുവേശ്ശി സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെയും, കോണ്‍ഗ്രസ് നേതാക്കളെയും അക്രമിച്ച് പരുക്കേല്‍പ്പിച്ച് യഥാര്‍ത്ഥ വോടര്‍മാരെ പോളിംഗ് ബൂതില്‍ കയറ്റാതെ തടഞ്ഞുകൊണ്ട് ഇലക്ഷന് അട്ടിമറിച്ചുകൊണ്ടാണ് സിപിഎം ബാങ്ക് ഭരണം നിലനിര്‍ത്തിയതെന്ന് സണ്ണി ജോസഫ് എംഎല്‍എ ആരോപിച്ചു.
Keywords: Kannur, Kerala, News, Top-Headlines, Latest-News, Clash, Bank, UDF, Vote, Women, Election, UDF, Panchayath, Kannur: Clashes during co-operative bank election.