Suspension | ഹരിദാസ് വധക്കേസിലെ പ്രതിയെ ഒളിവില്‍ പാര്‍പിച്ച സംഭവം; അധ്യാപികയെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു
Apr 25, 2022, 13:37 IST
കണ്ണൂര്‍: (www.kvartha.com) സിപിഎം പ്രവര്‍ത്തകന്‍ പുന്നോലിലെ ഹരിദാസനെ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതി നിജില്‍ ദാസിനെ ഒളിവില്‍ പാര്‍പിച്ച അധ്യാപിക പി രേഷ്മയെ അമൃത വിദ്യാലയത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കേസില്‍ പതിനഞ്ചാം പ്രതിയാണ് ധര്‍മടം അണ്ടലൂര്‍ ശ്രീനന്ദനത്തില്‍ പി രേഷ്മ കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തതെന്ന് സ്‌കൂള്‍ പ്രിന്‍സിപാള്‍ അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പിണറായി പാണ്ട്യാലമുക്കിലെ രേഷ്മയുടെ വീട്ടില്‍ നിന്നുമാണ് നിജില്‍ ദാസിനെ അറസ്റ്റ് ചെയ്തത്. കൊലയാളിയാണെന്ന് അറിഞ്ഞുകൊണ്ട് ഒളിവില്‍ കഴിയാന്‍ സഹായിച്ച കുറ്റത്തിന് രാത്രിയോടെ രേഷ്മയെയും അറസ്റ്റുചെയ്തിരുന്നു. ഇതിനിടെ കോടിയേരി പുന്നോലിലെ ഹരിദാസനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ആര്‍എസ്എസ് നേതാവിനെ അധ്യാപിക സഹായിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പൊലിസീന്റെ അവകാശവാദം.
പ്രതി നിജില്‍ ദാസിന് ഒളിവില്‍ കഴിയാന്‍ സഹായിച്ച അധ്യാപിക രേഷ്മ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മകളുടെ പേരിലുള്ള സിം കാര്‍ഡും പ്രതിക്ക് കൊടുത്തുവെന്നാണ് പൊലീസ് പറയുന്നത്. ഇതുപയോഗിച്ചാണ് ആര്‍എസ്എസ് നേതാവായ പ്രതി ഭാര്യയുമായി നിരന്തരം സംസാരിച്ചതെന്നും പൊലിസ് പറയുന്നു.
കൊലക്കേസ് പ്രതിയെ സംരക്ഷിക്കാന്‍ അത്രമാത്രം ശ്രദ്ധയാണ് രേഷ്മയ്ക്കുണ്ടായിരുന്നതെന്നാണ് പൊലീസിന്റെ നിഗമനം. ഇവര്‍ ഉപയോഗിച്ച ഫോണുകള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കേസില്‍ പതിനാലും പതിനഞ്ചും പ്രതികളാണ് നിജില്‍ ദാസും രേഷ്മയും. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ദീപക്, നിഖില്‍ എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്.
Keywords: News, Kerala, Crime, Teacher, Suspension, Accused, Case, Arrest, Arrested, Police, Incident that helped the accused in the Haridas murder case to abscond; Teacher suspended.