കാസര്‍കോട് ഗവ. കോളജ് ജിയോളജി വകുപ്പ് സുവര്‍ണ ജൂബിലി ഞായറാഴ്ച
Jan 3, 2013, 18:59 IST
കാസര്‍കോട്: കാസര്‍കോട് ഗവ.കോളജ് സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഭൂമിയെ രക്ഷിക്കാന്‍ പഴയകാല വിദ്യാര്‍ത്ഥികളും അധ്യാപകരും ഒത്തുകൂടുന്നു. പഴയകാല അധ്യാപകര്‍ക്ക് ജിയോളജി വകുപ്പ് സുവര്‍ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഗുരുവന്ദനം അര്‍പിക്കും. മുന്‍ ചീഫ് സെക്രട്ടറി എം. വിജയനുണ്ണി നമ്പ്യാരെ പഠിപ്പിച്ച കെ.പി. രാമചന്ദ്രന് നായര്‍, പ്രൊഫ. ടി.സി. മാധവ പണിക്കര്‍ എന്നിവര്‍ക്കാണ് ഗുരുവന്ദനം അര്പിക്കുക. എം. വിജയനുണ്ണി മുഖ്യ പ്രഭാഷണം നടത്തും.
ഭൂമിയെ നോവിക്കാതെ നിലനില്പിനുതകുന്ന രീതിയില്‍ ഭൂവിനിയോഗം നടത്തുന്നതിനെ കുറിച്ച് പരിപാടിയില്‍ ചര്‍ച്ചനടത്തും. നൂറുകണക്കിന് പൂര്‍വ വിദ്യാര്‍ത്ഥികളും അധ്യാപകരും ജനുവരി ആറിന് രാവിലെ 9.30 ന് കോളജ് ഓഡിറ്റോറിയത്തില്‍ ഒത്തുചേരും.
പൂര്‍വ വിദ്യാര്‍ത്ഥിയായ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഉല്‍ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രൊഫസര്‍ ടി.സി. മാധവപ്പണിക്കര്‍ എന്‍ഡോവ്മെന്റ്, പ്രൊഫസര്‍ ശ്രീ റാം എന്‍ഡോവ്മെന്റ് അവാര്‍ഡുകള്‍ മികച്ച എം.എസ്.സി, ബി.എസ്.സി. ജിയോളജി വിദ്യാര്‍ത്ഥികള്‍ക്ക് കോളജ് വികസന ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ മുഹമ്മദ് സഗീര്‍ വിതരണം ചെയ്യും.
ആദ്യകാല അധ്യാപകരായിരുന്ന പ്രൊഫ. എന്‍. ഹരിമോഹന്‍ ഭട്ടതിരി, പ്രൊഫ. എം. രാംശര്‍മ, പ്രൊഫ. ജി. ഗോപാലകൃഷ്ണന്, പ്രൊഫ. എസ്. മോഹന്‍കുമാര്‍ എന്നിവരെ ആദരിക്കുന്ന ചടങ്ങില്‍ പരേതനായ പ്രൊഫ. ആര്. മഹാദേവ അയ്യര്‍, പ്രൊഫ. പി. കൃഷ്ണന് നായര്‍, പ്രൊഫ. ശ്രീറാം എന്നിവര്‍ക്ക് മരണാനന്തര വന്ദനം നടത്തി അവരുടെ ഫോട്ടോ അനാഛാദനം ചെയ്യും.
ജി.എ.എം.2013 ല്‍ (ജിയോളജി അലുമിനി മീറ്റില്‍) ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ, എണ്ണ പ്രകൃതി വാതക കമ്മീഷന്, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ്, സര്‍വകലാശാല, കോളജ്, മൈനിംഗ് വകുപ്പ്, കേന്ദ്ര- സംസ്ഥാന ഭൂജല വകുപ്പ്, അന്റാര്‍ട്ടിക്ക ഗവേഷണ പര്യവേഷണ വകുപ്പ്, നാഷണല്‍ ഹൈഡ്രോളജി, ജലവിഭവ വിനിമയ കേന്ദ്രം, റവന്യൂ വകുപ്പ്, പോലീസ്, സ്കൂളുകള്‍, രാഷ്ട്രീയ സാമൂഹ്യ മേഖല, വിവിധ എണ്ണക്കമ്പനികള്‍, സ്വദേശത്തും, വിദേശത്തും സേവനമനുഷ്ഠിക്കുന്നവര്‍, റിട്ടയര്‍ ചെയ്തവര്‍ തുടങ്ങി ജിയോളജി പഠിച്ച നൂറുകണക്കിനാളുകള്‍ പങ്കെടുക്കുന്നു. ജിയോളജി പഠനം സാര്വത്രികമാക്കുന്നതിന്റെ ആവശ്യകത അവര്‍ ചര്‍ച്ച ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ ജിയോളജി പൂര്‍വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് പ്രൊഫ. വി. ഗോപിനാഥന്, വകുപ്പ് മേധാവിയും സെക്രട്ടറിയുമായ പ്രൊഫ. എ. ചന്ദ്രശേഖരന്, ട്രഷറര്‍ കെ. മഞ്ചുനാഥ കാമത്ത്, ഗവ. കോളജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് സി.എല്‍. ഹമീദ്, കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ. മുഹമ്മദ് അസ്ലം, അബുദാബിയില്‍ ജിയോളജിസ്റ്റായ കെ. വേണുഗോപാലന്‍ നമ്പ്യാര്‍ സംബന്ധിച്ചു.
Keywords: Kasaragod, Govt.college, Teachers, Students, Celebration, Research, Press meet, N.A.Nellikunnu, Kannur, Kerala.