Gold seized | കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; കാസർകോട് സ്വദേശി പിടിയിൽ
മട്ടന്നൂർ: (www.kasargodvartha.com) കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. ഒരു കിലോയിലധികം സ്വർണവുമായി കാസർകോട് സ്വദേശി കസ്റ്റംസിന്റെ പിടിയിലായി. ഡിആർഐ കണ്ണൂർ യൂനിറ്റ്, എയർ ഇന്റലിജിൻസ്, എയർപോർട് കസ്റ്റംസ് ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് റശീദ് പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ദുബൈയിൽ നിന്നും കണ്ണൂരിലെത്തിയ ഇയാൾ ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. കാപ്സ്യൂളുകൾക്കുള്ളിൽ മിശ്രിതമാക്കിയ നിലയിലായിരുന്നു സ്വർണം. നാല് കാപ്സ്യൂളുകളിലുമായി 1172 ഗ്രാം സ്വർണമിശ്രിതമായിരുന്നു ഉണ്ടായത്.
ഇവയിൽ നിന്നും വേർതിരിച്ചപ്പോൾ 53,40,250 രൂപ വിലമതിക്കുന്ന 1025 ഗ്രാം സ്വർണമാണ് ലഭിച്ചത്. കസ്റ്റംസ് സൂപ്രണ്ടുമാരായ കൂവൻ പ്രകാശൻ, ശ്രീവിദ്യ സുധീർ, ഇൻസ്പെക്ടർമാരായ സന്ദീപ് ദഹിയ, നിഷാന്ത് താക്കൂർ, ജൂബർ ഖാൻ, സുരേന്ദ്ര ജങ്കിദ്, അഭിഷേക് വർമ, ഹെഡ് ഹവിൽദാർ എംവി വത്സല, ഓഫീസ് സ്റ്റാഫുമാരായ ലിനേഷ്, ലയ എന്നിവരുടെ നേതൃത്വത്തിലാണ് സ്വർണക്കടത്ത് പിടികൂടിയത്.