city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Satheesan Pacheni | സതീശൻ പാച്ചേനി: പരാജയങ്ങളിലുടെ കരുത്തനായ നേതാവ്

കണ്ണൂർ: (www.kasargodvartha.com) പരാജയങ്ങളിലൂടെ കരുത്തനായ നേതാവാണ് സതീശൻ പാച്ചേനി. ഒടുവിൽ മരണം ജീവതത്തിന് തിരശീലയിടുപ്പോഴും പാച്ചേനി നേതാക്കളിലും പ്രവർത്തകരിലും ഒരു ചെറുപുഞ്ചിരി ബാക്കി വെച്ചാണ് യാത്രയാകുന്നത്. സ്വന്തം തറവാട് വീട് വിറ്റ് ഡിസിസി ഓഫിസിനായി പണം കണ്ടെത്തിയ നേതാവാണ് പാച്ചേനി.
             
Satheesan Pacheni | സതീശൻ പാച്ചേനി: പരാജയങ്ങളിലുടെ കരുത്തനായ നേതാവ്


സതീശൻ പാച്ചേനിയുടെ വിയോഗത്തോടെ കണ്ണൂരിലെ കോൺഗ്രസിന് നഷ്ടമായത് നിസ്വാർഥ കോൺഗ്രസ് നേതാക്കളിലൊരാളെയാണ്. കണ്ണൂർ ജില്ലയിലെ സിപിഎം പാർടി ഗ്രാമങ്ങളിൽ ഒന്നായ പാച്ചേനിയിൽ കർഷകത്തൊഴിലാളികളായ പി ദാമോദരന്റെയും എം നാരായണിയുടെയും മൂത്ത മകനായ സതീശൻ പാച്ചേനി ദാരിദ്ര്യവും കഷ്ടപ്പാടുകളും ഏറെ അനുഭവിച്ചാണ് വളർന്ന് വന്നത്. എഴുപതുകളുടെ അവസാനം എകെ ആന്റണിയുടെ ആദർശാധിഷ്ഠിത നിലപാടുകളിലെ ആരാധനയിൽ അദ്ദേഹത്തോട് അണിചേർന്ന അനേകായിരങ്ങളിൽ സതീശൻ ഉണ്ടായിരുന്നു.

ഒരുപാട് വെല്ലുവിളികൾ തരണം ചെയ്തുള്ള രാഷ്ട്രീയ പ്രവർത്തനം

പരിയാരം ഗവ. സ്കൂളിൽ കെ എസ് യു യൂണിറ്റ് പ്രസിഡന്റ് ആയി ഒന്നാമത്തെ എസ് എസ് എൽ സി ബാചിൽ ഇറങ്ങിയ സതീശന്റെ അടുത്ത പ്രവർത്തന കേന്ദ്രം കണ്ണൂർ ഗവൺമെന്റ് പോളിടെക്നിക് ആയിരുന്നു. മെകാനിക്കൽ ട്രേഡിൽ വിദ്യാർഥിയായി ഇവിടെയും കെ എസ് യുവിനെ നയിച്ചു. 1985ൽ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ കെ എസ്‌ യു നേതൃത്വത്തിൽ 66 ദിവസം നീണ്ടുനിന്ന ഐതിഹാസിക സമരം നടത്തിയപ്പോൾ കണ്ണൂരിൽ അത് നയിച്ചത് സതീശൻ പാച്ചേനി ആയിരുന്നു.

കണ്ണൂർ എസ്എൻ കോളജിൽ പ്രീഡിഗ്രിക്ക് ചേർന്ന സതീശൻ കെ എസ്‌ യു തളിപ്പറമ്പ് താലൂക് സെക്രടറിയും തുടർന്ന് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റുമായി. ബിഎ പൊളിറ്റികൽ സയൻസ് പഠിക്കാൻ പയ്യന്നൂർ കോളജിൽ ചേർന്ന കാലഘട്ടത്തിൽ കെസി വേണുഗോപാൽ കെ എസ് യു പ്രസിഡണ്ടായ സമയത്ത് കെ എസ് യു സംസ്ഥാന കമിറ്റി അംഗമായി. 1993 ൽ ജെ ജോസഫ് പ്രസിഡന്റ് ആയ കമിറ്റിയിൽ സംസ്ഥാന ജെനറൽ സെക്രടറിയായി തുടർന്ന് അടുത്ത കെ എസ്‌ യു സംസ്ഥാന പ്രസിഡന്റായി സതീശൻ പാച്ചേനിയെ തെരഞ്ഞെടുത്തു.

കേരളത്തിൽ ഇകെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതു സർകാരിനെതിരെ നിരവധി പ്രക്ഷോഭങ്ങൾക്ക് കെ എസ്‌ യു സംസ്ഥാന പ്രസിഡന്റ് ആയിരിക്കെ സതീശൻ പാച്ചേനി നേതൃത്വം നൽകി. പാരലൽ കോളജ് വിദ്യാർഥികളുടെ ബസ് കൺസഷനുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി കെ എസ്‌ യു നടത്തിയ സെക്രടറിയേറ്റ് മാർചിന് നേരെ പൊലീസ് നടത്തിയ ഭീകരമായ ലാതിചാർജിൽ സതീശൻ പാച്ചേനി അടക്കം 28 കെഎസ്‌യു നേതാക്കൾക്ക് മാരകമായി പരിക്കേറ്റ് മെഡികൽ കോളജ് ആശുപത്രിയിൽ ആയി. അന്ന് ആശുപത്രിയിൽ എത്തിയാണ് മജിസ്ട്രേറ്റ് കെ എസ് യു നേതാക്കളെ റിമാൻഡ് ചെയ്യുന്നത്. അട്ടക്കുളങ്ങര സബ് ജയിലിൽ റിമാൻഡ് കാലാവധി കഴിഞ്ഞ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് ശേഷം ഒടിഞ്ഞ പ്ലാസ്റ്ററിട്ട കൈകളും മുറിവുകളുമായി സെക്രടറിയേറ്റ് പടിക്കൽ നിരാഹാരസമരം നടത്തി.

സതീശൻ പാച്ചേനിയുടെ നിരാഹാരസമരത്തിന്റെ അഞ്ചാംദിവസം അന്നത്തെ ഗതാഗത മന്ത്രി നീലലോഹിതദാസ നാടാർ കെഎസ്‌യു നേതാക്കളെ ചർചയ്ക്ക് വിളിക്കുകയും പാരലൽ കോളജ് വിദ്യാർത്ഥികളുടെ ചാർജ് വർധിപ്പിച്ച നടപടി പിൻവലിക്കുകയും ചെയ്തു. വിദ്യാർഥികളുടെ അവകാശ സംരക്ഷണത്തിനായി കെ എസ്‌ യു നടത്തിയ ചരിത്ര സമരങ്ങളിൽ ഒന്നായി ഇത് മാറി. മതിയായ സൗകര്യങ്ങൾ ഏർപെടുത്താതെ പ്രീ ഡിഗ്രി എടുത്തുകളഞ്ഞ് സ്കൂളുകളിൽ പ്ലസ് ടു കൊണ്ടുവരുന്നതിനെതിരെ കെഎസ്‌യു നടത്തിയ പ്രക്ഷോഭവും സതീശൻ പാച്ചേനി പ്രസിഡന്റായ കാലത്തായിരുന്നു. അന്ന് ജാമ്യം കിട്ടാത്ത നിരവധി വകുപ്പുകൾ ചുമത്തി നിരന്തരം ജയിലിൽ അടച്ചാണ് സതീശനെയും സഹപ്രവർത്തകരെയും ഇടത് സർകാർ പ്രതിരോധിക്കാൻ ശ്രമിച്ചത്. ജയിലിൽ നിരാഹാര സമരം നടത്തി കെഎസ്‌യു നടത്തിയ പ്രതിഷേധവും ചരിത്രസംഭവമായി.

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം കാലികറ്റ് സർവകലാശാല യൂണിയൻ കെഎസ്‌യു തിരിച്ചുപിടിക്കുന്നത് സതീശൻ പാച്ചേനി പ്രസിഡണ്ടായ കാലത്താണ്. 1996ൽ കെഎസ്‌യു സംസ്ഥാന സെക്രടറിയായിരിക്കെ സതീശൻ പാച്ചേനി നിയമസഭയിലേക്ക് മത്സരിച്ചു. തളിപ്പറമ്പ് മണ്ഡലത്തിൽ എംവി ഗോവിന്ദൻ മാസ്റ്റർക്ക് എതിരെ കന്നി പോരാട്ടം. 2001 ൽ പാർടി നേതൃത്വം സതീശൻ പാച്ചേനിയെ മലമ്പുഴയിൽ വിഎസ് അച്യുതാനന്ദനെ നേരിടാനുള്ള ദൗത്യമാണ് ഏൽപ്പിച്ചത്. അവസാന നിമിഷം മാത്രമാണ് സ്ഥാനാർഥി പ്രഖ്യാപനം വന്നതെങ്കിലും സംസ്ഥാനത്തെ കെഎസ്യു നേതാക്കളും സഹപ്രവർത്തകരും എല്ലാം മലമ്പുഴയിൽ ക്യാമ്പ് ചെയ്ത് ആ പോരാട്ടം അവിസ്മരണീയമാക്കി.

കേവലം 4200 വോടുകൾക്കാണ് മലമ്പുഴയിൽ വിഎസ് ജയിച്ചു കയറിയത്. 2006 ൽ താരമൂല്യത്തിന്റെ പാരമ്യത്തിൽ വി.എസ് എത്തി നില്ക്കുന്ന സമയത്തും സതീശൻ പാച്ചേനിയെ തന്നെ മലമ്പുഴയിൽ വീണ്ടും കോൺഗ്രസ് നിയോഗിച്ചു. പാലക്കാട് നിന്ന് ലോകസഭയിലേക്ക് 2009 ൽ പോരാട്ടത്തിന് സതീശൻ പാച്ചേനിയെ പാർടി പരിഗണിച്ചപ്പോൾ നേരിയ 1820 വോടിന് പിറകിൽ പോയി. തുടർന്ന് അഞ്ച് വർഷത്തിന് ശേഷം നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളത്തിലെ അതികായൻ എംപി വീരേന്ദ്രകുമാർ ഒരു ലക്ഷത്തിലധികം വോടിനാണ് ആ മണ്ഡലത്തിൽ പരാജയപ്പെട്ടത് എന്നത് പാച്ചേനിയുടെ പോരാട്ടവീര്യത്തിന്റെ മാറ്റ് കൂടുതൽ പ്രകടമായി. 2016 ലും, 2021 ലെയും നിയമസഭ തിരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിനാണ് സതീശൻ പാച്ചേനി കണ്ണൂരിൽ നിന്ന് പരാജയപ്പെട്ടത്.

2001 മുതൽ 2012 വരെ കെപിസിസി സെക്രടറി ആയിരുന്നു സതീശൻ പാച്ചേനി. കെപിസിസി ജെനറൽ സെക്രടറിയായ വേളയിൽ കേരളത്തിലങ്ങോളമിങ്ങോളം കോൺഗ്രസിന് കരുത്തേകാൻ പാച്ചേനി വിശ്രമരഹിതമായ പടയോട്ടത്തിലായിരുന്നു. 2016 ഡിസംബർ 17 ന് ജില്ലാ കോൺഗ്രസ് കമിറ്റിയുടെ പ്രസിഡന്റായി പാർടി ചുമതല കണ്ണൂരിൽ ഏല്പിച്ചപ്പോൾ കോൺഗ്രസിന് പുതിയ രീതിയും ശൈലിയും സമ്മാനിച്ചാണ് നിലപാടുകളെ മുറുകെ പിടിക്കുന്ന ആദർശ നിഷ്ടയുള്ള പാച്ചേനി ശ്രദ്ധേയനായത്. പാർടി ഗ്രാമങ്ങളിലൂടെ ഉൾപെടെ പദയാത്രകൾ നിരന്തരം നടത്തി രാഷ്ട്രീയപരമായി കോൺഗ്രസിന് മേൽക്കോയ്മ സൃഷ്ടിച്ച് മുന്നേറി. മുഖ്യമന്ത്രിയുടെ ജില്ലയിൽ ഇടത് മുന്നണിക്ക് അതിശക്തമായ പ്രതിരോധം തീർത്ത് രാഷ്ട്രീയ പ്രതികരണങ്ങളിലൂടെ ഭരണ നേതൃത്വത്തെ രണ്ടാം സ്ഥാനത്തേക്ക് തള്ളി മാറ്റുന്ന പൊളിറ്റികൽ മെതഡോളജി രൂപപ്പെടുത്തി. ഒരു മാസക്കാലം നീണ്ട് നിന്ന പദയാത്ര ജില്ലയിലുടനീളം നടത്തി പാർടിക്ക് ഉണർവേകി.

യൂത് കോൺഗ്രസ് നേതാവ് ശുഐബിന്റെ കൊലപാതകത്തെ തുടർന്ന് സിപിഎം അക്രമത്തിനെതിരെ ജില്ലയിൽ അതി ശക്തമായി ജനമനസാക്ഷി ഉണർത്തുന്ന ഇടപെടലിന് നേതൃത്വം നല്കി ഉപവാസ സമരമിരുന്ന് പുതിയ സമര മുഖത്തിന് നായകനായി മാറിയത് ശ്രദ്ധേയമായി. കെ സുധാകരൻ എം പിയെ നിരാഹാര സമരത്തിലേക്ക് നയിക്കുന്ന രാഷ്ട്രീയ തീരുമാനത്തിലൂടെ ജില്ലയിൽ കോൺഗ്രസ് നടത്തിയ സമരങ്ങളെ ജനകീയ സമരമായി മാറ്റിയ സംഘടനാപാടവം ഏറെ ചർച ചെയ്യപ്പെട്ടു. കോവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തിൽ സംസ്ഥാന തലത്തിൽ തന്നെ എറ്റവും മികവുറ്റ രീതിയിൽ പാർടി സംഘടനാ സംവിധാനം ഉപയോഗിച്ച് നടത്തിയ ചാരിറ്റി ഇടപെടൽ ശ്രദ്ധേയമായി. കെ സുധാകരൻ എംപിയുടെ നായകത്വത്തിൽ ജില്ലയിലെ പാർടി നേതൃത്വത്തെ ഒരുമിപ്പിച്ച് അപസ്വരങ്ങളില്ലാതെ മുന്നോട്ട് നയിച്ച രാഷ്ട്രിയ തന്ത്രം സംസ്ഥാന തലത്തിൽ തന്നെ കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ അഭിനന്ദനങ്ങൾ നേടിയെടുക്കാൻ പാച്ചേനിക്ക് കഴിഞ്ഞു.

ജില്ലാ കോൺഗ്രസ് കമിറ്റിയുടെ ആസ്ഥാനമന്ദിരം പണി പൂർത്തിയാക്കി ഉദ്ഘാടനത്തിന് ഒരുക്കിയതും സതീശൻ പാച്ചേനിയായിരുന്നു. അന്ന് ആസ്ഥാന നിർമാണത്തിന് പണം തികയാതെ വന്നപ്പോൾ സ്വന്തം വീട് വിറ്റിട്ടായിരുന്നു സതീശൻ പാച്ചേനി നിർമാണം പൂർത്തികരിക്കാൻ പണം കണ്ടെത്തിയത്. ജനങ്ങൾക്കെല്ലാവർക്കും ഏത് സമയത്തും സമീപിക്കാൻ കഴിയുന്ന പാച്ചേനിയുടെ സൗഹാർദ പൂർണമായതും ഹൃദയബന്ധം സൂക്ഷിക്കുന്നതുമായ ഇടപെടൽ പൊതു രംഗത്ത് ജില്ലയിലെ കോൺഗ്രസ് പാർടിക്ക് വലിയ മുതൽ കൂട്ടായി മാറിയിരുന്നു. ഭാരത് ജോഡോ പദയാത്രയുടെ കണ്ണുർ ജില്ലയിലെ പ്രചാരണത്തിന്റെ മുഖ്യ ചുമതലക്കാരനായിരുന്നു സതീശൻ പാച്ചേനി. അത് ഭംഗിയായി നിർവഹിച്ച് നേതാക്കളുടെ പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

Keywords: Congress leader Satheesan Pacheni is no more, Kerala,Kannur,news,Top-Headlines,Congress,Leader,Obituary.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia