എടിഎം കാര്‍ഡ് കൈക്കലാക്കി പണം തട്ടിയെന്ന പരാതി; പൊലീസുകാരനെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു
കണ്ണൂര്‍: (www.kasargodvartha.com 14.12.2021) എടിഎം കാര്‍ഡ് കൈക്കലാക്കി പണം തട്ടിയെന്ന പരാതിക്ക് പിന്നാലെ പൊലീസുകാരനെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു. കണ്ണൂര്‍ റൂറല്‍ എസ്പി നവനീത് ശര്‍മയുടെ ഉത്തരവിനെ തുടര്‍ന്ന് തളിപ്പറമ്പിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഇ എന്‍ ശ്രീകാന്തിനെയാണ് സെര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. 2021 ഏപ്രിലിലാണ് സംഭവം.
ചൊക്ലി സ്വദേശിയുടെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് 70,000 രൂപ മോഷ്ടിച്ച ഗോകുല്‍ എന്നയാളെ കഴിഞ്ഞ മാര്‍ചില്‍ തളിപ്പറമ്പ് പൊലീസ് പിടികൂടിയിരുന്നു. ഈ കേസ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉദ്യാഗസ്ഥനായിരുന്നു ശ്രീകാന്ത്. മോഷ്ടാവായ ഗോകുല്‍ തട്ടിയെടുത്ത പണമെല്ലാം സഹോദരിയുടെ എടിഎമിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് സഹോദരിയില്‍ നിന്നും എടിഎം കൈക്കലാക്കി പൊലീസ് ഉദ്യോഗസ്ഥന്‍ തട്ടിപ്പ് നടത്തിയെന്നാണ് പരാതി.
അരലക്ഷം രൂപ തട്ടിയെടുത്ത ശ്രീകാന്തിനെ നേരത്തെ അന്വേഷണ വിധേമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് സഹോദരിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് പിന്‍നമ്പറും മനസിലാക്കിയെടുത്തതായും പരാതിയില്‍ പറയുന്നു. മോഷണക്കേസില്‍ ഗോകുല്‍ റിമാന്‍ഡിലായതിന് ശേഷവും എടിഎമില്‍ നിന്ന് പണം പിന്‍വലിക്കുന്നതായി മെസേജുകള്‍ വന്നതോടെ സഹോദരി തളിപ്പറമ്പ് സിഐക്ക് പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തളിപ്പറമ്പ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ആയ ഇഎന്‍ ശ്രീകാന്താണ് പണം തട്ടിയെടുത്തത് എന്ന് മനസിലായത്. ശ്രീകാന്തിനെ സസ്‌പെന്റ് ചെയ്ത് വിശദമായ അന്വേഷണം നടത്താന്‍ തളിപ്പറമ്പ് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. മോഷണത്തിന് സിപിഒ ശ്രീകാന്തിനെതിരെ കേസും രെജിസ്‌റ്റെര്‍ ചെയ്തിട്ടുണ്ട്. സംഭവം പൊലീസ് സേനയ്ക്ക് നാണക്കേട് ആയതോടെ ഡിജിപി നേരിട്ട് എസ്പിയോട് റിപോര്‍ട് ആവശ്യപ്പെടുകയും കര്‍ശന നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Keywords: Kannur, News, Kerala, Top-Headlines, Complaint, Police, Crime, Complaint of fraudulent use of ATM card