സി കെ ജാനുവിന് പണം നല്‍കിയത് ആര് എസ് എസ് അറിവോടെ; 25 ലക്ഷം കൊണ്ടുവന്നത് തുണി സഞ്ചിയില്‍; മുകളില്‍ പൂജിച്ച ചെറുപഴം; കൈമാറിയത് ബത്തേരിയില്‍ വച്ചെന്നും പ്രസീത
കണ്ണൂര്‍: (www.kasargodvartha.com 23.06.2021) നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാക്കാന്‍ സി കെ ജാനുവിനു പണം നല്‍കിയത് ആര്‍എസ്എസ് അറിവോടെയെന്നു ശബ്ദരേഖ. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ജനാധിപത്യ രാഷ്ട്രീയ പാര്‍ടി (ജെആര്‍പി) നേതാവ് പ്രസീതയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ പുതിയ ശബ്ദരേഖയിലാണ് ആര്‍എസ്എസ് ബന്ധം പരാമര്‍ശിക്കുന്നത്. ആര് എസ് എസ് ഓര്‍ഗനൈസിങ് സെക്രടെറി എം ഗണേഷാണു പണം ഏര്പാടാക്കുന്നതെന്ന് സുരേന്ദ്രന് പറഞ്ഞെന്നാണ് ആരോപണം.
25 ലക്ഷം രൂപയാണു ബത്തേരിയില്‍ വച്ച് ജാനുവിനു കൈമാറിയതെന്നും ആര്‍എസ്എസ് ഇടപെടലിനു കൂടുതല്‍ തെളിവുണ്ടെന്നും പ്രസീത അഴീക്കോട് വ്യക്തമാക്കി. ആദ്യം കൈമാറിയ 10 ലക്ഷത്തിനു പുറമെയാണു ബിജെപി 25 ലക്ഷം കൂടി ജാനുവിനു നല്‍കിയതെന്നും പ്രസീത പറഞ്ഞു. പാര്‍ടിക്കായി നല്കിയ പണവും ജാനു കൈക്കലാക്കി. മാര്‍ച്ച് 26ന് ബത്തേരി മണിമല ഹോം സ്റ്റേയിലെ മുറിയില്‍ വച്ചാണു ബിജെപി വയനാട് ജില്ലാ ജനറല്‍ സെക്രടെറി പ്രശാന്ത് മലവയല്‍ പണം കൈമാറിയത്.
പ്രശാന്ത് തുണി സഞ്ചിയിലാണു പണം കൊണ്ടുവന്നത്. സഞ്ചിയുടെ മുകളില്‍ ചെറുപഴമായിരുന്നു. പൂജ കഴിച്ച സാധനങ്ങളാണെന്നാണു ചോദിച്ചപ്പോള്‍ പറഞ്ഞത്. സ്ഥാനാര്‍ഥിക്കു കൊടുക്കാനാണെന്നും സൂചിപ്പിച്ചു. അതില്‍ നിന്നൊരു ചെറുപഴം ഞങ്ങളുടെ സെക്രടെറി ചോദിച്ചപ്പോള്‍ സ്ഥാനാര്‍ഥിക്കു വേണ്ടി കഴിപ്പിച്ച പൂജയാണെന്നും പറഞ്ഞു.
അവരെടുത്തിട്ടു നിങ്ങള്‍ക്കു തരുമെന്നും പ്രതികരിച്ചു. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ ജാനു വരികയും സഞ്ചി വാങ്ങുകയുമായിരുന്നുവെന്നും പ്രസീത വ്യക്തമാക്കി. പണം സ്വീകരിക്കുമ്പോള്‍ ജാനുവിനൊപ്പം വിനീത എന്ന പെണ്‍കുട്ടി ഉണ്ടായിരുന്നു. എം ഗണേഷുമായി സംസാരിച്ചതിനു കൂടുതല്‍ തെളിവുണ്ടെന്നും പ്രസീത പറഞ്ഞു.
ജാനുവിനെ സംഘടനയില്‍നിന്നും നീക്കും. ജെആര്‍പി എന്‍ഡിഎ മുന്നണി വിടുമെന്നും പ്രസീത വ്യക്തമാക്കി. എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സുരേന്ദ്രന് ജാനുവിനു കോഴ നല്കിയെന്നു നേരത്തേ പരാതിയുയര്‍ന്നിരുന്നു.
Keywords: CK Janu was paid with the knowledge of the RSS; Says Praseetha, Kannur, Top-Headlines, News, Politics, BJP, K Surendran, Allegation, Kerala.