ദേശീയപാതയിൽ 1.65 കോടി രൂപ കൊള്ളയടിച്ചെന്ന കേസ്; പ്രതിയുടെ സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്വിഫ്റ്റ് കാറും 70000 രൂപയും കണ്ടെത്തി
Jan 19, 2022, 12:16 IST
കാസർകോട്: (www.kasargodvartha.com 19.01.2022) സ്വര്‍ണ വ്യാപാരിയുടെ ഡ്രൈവറെ തട്ടിക്കൊണ്ട് പോയി 1.65 കോടി രൂപ കൊള്ളയടിച്ചെന്ന കേസിൽ അറസ്റ്റിലായ പ്രതിയുടെ സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്വിഫ്റ്റ് കാറും 70000 രൂപയും പൊലീസ് കണ്ടെത്തി. പൊലീസ് റിമാൻഡ് ചെയ്ത കണ്ണൂർ ജില്ലയിലെ എൻ എൻ മുബാറകിന്റെ (27) സുഹൃത്തിന്റെ കണ്ണൂർ കൊറ്റാളി അത്തായക്കുന്നിലെ വീട്ടുമുറ്റത്ത് നിന്നാണ് ഇവ കണ്ടെത്തിയത്.
കണ്ണൂർ റെജിസ്ട്രേഷനിലുള്ള കാറാണിത്. കേസ് അന്വേഷിക്കുന്ന കാസർകോട് ടൗൺ പൊലീസ് സംഘം കാർ കസ്റ്റഡിയിലെടുത്ത് കാസർകോട്ടെത്തിച്ചു. കാറിന്റെ ഉടമയെ കണ്ടെത്തുന്നതിനും മറ്റുമായി കൂടുതൽ അന്വേഷണം നടത്തിവരികയാണ്. കൃത്യത്തിന് ഉപയോഗിച്ച കാറാണിതെന്നും സംശയിക്കുന്നു.
2021 സപ്തംബർ 22 ന് ഉച്ചയോടെ മൊഗ്രാല്‍ പാലത്തിന് സമീപത്ത് നിന്നും തലശേരിയിലേക്ക് കാറിൽ പോകുകയായിരുന്ന മഹാരാഷ്ട്ര സാംഗ്ലി സ്വദേശി രാഹുലിനെ (35) വഴി തടഞ്ഞ് കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടികൊണ്ടു പോയി വാഹനത്തിലുണ്ടായിരുന്ന പണം കൊള്ളയടിച്ചെന്നാണ് കേസ്. 13 പ്രതികളുള്ള കേസിൽ ഏഴ് പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.
ചൊവ്വാഴ്ച പ്രതികളെ കണ്ണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് കാർ കണ്ടെത്തിയത്. മുബാറകിനെ കൂടാതെ കേസിൽ അറസ്റ്റിലായ കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ശഹീർ റഹീമിനേയും (34) ഇവർ താമസിച്ച മൊഗ്രാലിലെ വീട്ടിലടക്കം എത്തിച്ച് തെളിവെടുത്തു. ഒന്നാം പ്രതി അടക്കമുള്ളവരെ കണ്ടെത്തുന്നതിനായി അന്വേഷണം നടന്നുവരികയാണ്.
Keywords: Kerala, Kasaragod, News, Top-Headlines, Gold, Theft, Arrest, Kannur, Case, Car, Mogral, Cash, Maharashtra, Case of theft Rs 65 lakh from gold dealer's driver; 2 more arrested.