കാറുകളുടെ രജിസ്ട്രേഷന് വൈകുന്നു : പോലീസ് നടപടിക്ക്
Oct 14, 2011, 02:56 IST
കണ്ണൂര്‍ : ഷോറൂമുകളില്‍ നിന്നും വിലക്കെടുക്കുന്ന കാറുകള്‍ രജിസ്ട്രേഷന് കാലാവധി കഴിഞ്ഞിട്ടും രജിസ്റ്റര്‍ ചെയ്യാതെ ഓടുന്നത് പോലീസിന്റെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നടപടിക്ക് നീക്കം തുടങ്ങി. ചെറിയ തുക അഡ്വാന്‍സായി നല്‍കിയാണ് പലരും കാറുകള്‍ ഷോറൂമുകളില്‍ നിന്നും വിലക്കെടുക്കുന്നത്. എന്നാല്‍ പുതിയ കാറുകള്‍ ഒരാഴ്ചക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്ത് പെര്‍മിറ്റും നമ്പറും വാങ്ങണമെന്നാണ് നിബന്ധന. എന്നാല്‍ ഇരിട്ടി മേഖലയില്‍ ഇപ്പോള്‍ പുതുതായി കണ്ടുവരുന്ന കാറുകള്‍ പലതും രജിസ്ട്രേഷന് ചെയ്യാതെ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ ഓടിയതായിട്ടാണ് പോലീസിന് കിട്ടിയ വിവരം. ഇത്തരം കാറുകള്‍ ഒരേ നിറമാണ്. രജിസ്ട്രേഷനെടുക്കാതെ ഇത്തരം കാറുകള്‍ അനധികൃത പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുകഴിഞ്ഞാല്‍ യാതൊരു നിയമ നടപടിയും സ്വീകരിക്കാന്‍ സാധിക്കാതെ മോട്ടോര്‍ വാഹന വകുപ്പും കുഴങ്ങുകയാണ്. കാറുകളുടെ ഒരേ നിറവും പോലീസിനെ പ്രതിസന്ധിയിലാക്കുന്നു. രജിസ്ട്രേഷന് ചെയ്യാന്‍ താമസിക്കുന്ന ഇത്തരം കാറുകള്‍ പിടിച്ചെടുത്ത് നടപടികള്‍ സ്വീകരിക്കുമെന്ന് ഇരിട്ടി എസ് ഐ കെ ജെ ബിനോയ് പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്കും ഇതു സംബന്ധിച്ച് വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് എസ് ഐ അറിയിച്ചു. ഇരിട്ടി മേഖലയില്‍ ഇയടുത്ത കാലത്തായി ഇത്തരം നിരവധി ചെറുകാറുകള്‍ ഓടുന്നുണ്ടത്രെ.