അശ്ലീലം; മൊബൈല്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി
Oct 23, 2011, 02:49 IST
ഇരിട്ടി : കഴിഞ്ഞ ദിവസം ഇരിട്ടി പുതിയ ബസ്സ്റ്റാന്റിലെ മൊബൈല്‍ ഷോപ്പില്‍ നിന്നും വന്‍ തോതില്‍ അശ്ലീല ചിത്രങ്ങളടങ്ങിയ പെന്‍ഡ്രൈവുകളും മറ്റ് കമ്പ്യൂട്ടര്‍ ഉപകരണങ്ങളും പിടിച്ചെടുത്ത സാഹചര്യത്തില്‍ ഇരിട്ടി മേഖലയിലെ മൊബൈല്‍ ഷോപ്പുകളില്‍ പോലീസ് പരിശോധന കര്‍ശനമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മൊബൈല്‍ ഫോണുകളിലേക്ക് പണം വാങ്ങി അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി നല്‍കുകയും അവരുടെ മൊബൈലുകള്‍ കടകളില്‍ സൂക്ഷിക്കുകയും ചെയ്യുകയാണ് മൊബൈല്‍ ഷോപ്പുടമകള്‍ ചെയ്യുന്നത്. ഇതിനെതിരെ വ്യാപക പരാതികള്‍ രക്ഷിതാക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും ഉയര്‍ന്നതിനെ തുടര്‍ന്നാണ് പോലീസിന്റെ നടപടി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ അങ്ങാടിക്കടവ്, ആറളം ടൗണുകളിലെ മൊബൈല്‍ ഷോപ്പുകളില്‍ ഇരിട്ടി സി.ഐ മനോജും സംഘവും പരിശോധന നടത്തിയിരുന്നു. പോലീസ് പരിശോധന ശക്തമാക്കിയതിനെ തുടര്‍ന്ന് മൊബൈല്‍ ഷോപ്പുടമകള്‍ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇരിട്ടിയില്‍ നടത്തിയ റെയ്ഡില്‍ മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിപ്പോള്‍ റിമാന്റിലുമാണ്. ഇരിട്ടി സി.ഐ വി.വി. മനോജ്, എസ് പിയുടെ സ്‌ക്വാഡംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.