അക്രമം; കണ്ണൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍
Feb 20, 2012, 12:00 IST
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍ ആചരിക്കാന്‍ സി.പി.എം തീരുമാനിച്ചു. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയായിരിക്കും ഹര്‍ത്താല്‍. തളിപ്പറമ്പ് അരയില്‍ വെച്ച് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ വാഹനം കല്ലെറിഞ്ഞ് തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ജയരാജന്റ് വാഹനത്തിന് നേരെയുണ്ടായ കല്ലേറിലും ആക്രമത്തിലും ജയരാജനും ടി.വി രാജേഷ് എം.എല്‍.എക്കും പരിക്കേറ്റിരുന്നു. ജയരാജന് പുറത്താണ് പരിക്കേറ്റത്. കാറിന്റെ പിന്നിലെ ചില്ലുകള്‍ തകര്‍ന്നു. ഞായറാഴ്ച സി.പി.എം പ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കും ഓഫീസുകള്‍ക്കും നേരെ ആക്രമങ്ങള്‍ നടന്നിരുന്നു. ആക്രമങ്ങള്‍ നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു കല്ലേറ്. 25ഓളം വരുന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് കല്ലെറിഞ്ഞതെന്ന് ജയരാജന്‍ പറഞ്ഞു. സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി വാസുദേവന്‍, ഏരിയാ കമ്മറ്റിയംഗം ബാലകൃഷ്ണന്‍ എന്നിവരും കാറിലുണ്ടായിരുന്നു. ഇവരോടൊപ്പം വന്ന കൈരളി ടി.വി വാര്‍ത്താ സംഘത്തിന് നേരെയും ആക്രമണം നടന്നിരുന്നു. സംഭവസ്ഥലത്ത് വന്‍ പോലീസ് ബന്തവസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച ഉണ്ടായ ആക്രമത്തില്‍ സി.പി.എം പാറപ്പുല്‍ ബ്രാഞ്ച് സെക്രട്ടറി കുനുല്‍ രാജനടക്കം മൂന്ന് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. വൈകുന്നേരത്തോടെ കണ്ണപുരം കീഴറയില്‍ എം.എസ്.എഫ് നേതാവ് പി. അബ്ദുല്‍ ഷുക്കൂര്‍ (23) കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് യു.ഡി.എഫും ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചീട്ടുണ്ട്.
(Updated)
(Updated)
Keywords: Kannur, Harthal, CPM, Assault,