വീതി കുറഞ്ഞ റോഡിന് കീഴെ അംഗണ്‍വാടി; ദുരന്ത ഭീതിയില്‍ രക്ഷിതാക്കള്‍
Feb 3, 2012, 18:02 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയില്‍പ്പെട്ട അരയി പ്രദേശത്താണ് ഏത് സമയത്തും അപകട സാധ്യത നിലനില്‍ക്കുന്ന സാ ഹചര്യത്തില്‍ അംഗണ്‍വാടി സ്ഥിതി ചെയ്യുന്നത്. അരയി റോഡിന്റെ കയറ്റത്തില്‍ താഴെയായാണ് അംഗണ്വാടിയുള്ളത്. ഈ റോഡി നാകട്ടെ വീതി നന്നേ കുറവാണ്. റോഡില്‍ നിന്ന് താഴെയിറങ്ങി അംഗണ്വാടിക്കകത്ത് കയറാന്‍ ചെറിയ ചവിട്ട് പടിയുണ്ട്. വാഹനങ്ങള്‍ വരുമ്പോള്‍ കുട്ടികള്‍ക്ക് ഒഴിഞ്ഞുമാറാന്‍ പോലും ഇവിടെ സൗകര്യമില്ല. കാലൊന്ന് തെറ്റിയാല്‍ കുട്ടികള്‍ താഴെ വീഴുമെന്ന കാര്യത്തില്‍ സംശയമില്ല. വാഹനങ്ങള്‍ ശ്രദ്ധയോടെ ഓടിച്ചില്ലെങ്കില് ഈ ഭാഗത്ത് അപകടം ഉറപ്പാണ്. നിയന്ത്രണം വിടുന്ന വാഹനങ്ങള്‍ താഴെ പതിക്കുക അംഗണ്‍ വാടിയുടെ മുറ്റത്തായിരിക്കും. ഇവിടെ കളിക്കുന്ന പിഞ്ചു കുട്ടികള്‍ക്ക് മുകളിലൂടെ കടന്ന് പോകുന്ന വാഹനങ്ങള്‍ ഭീഷണി തന്നെയാണ്. അങ്ങനെ ഏത് സമയത്തും അപകടം പതിയിരിക്കുന്ന അംഗണ്‍വാടിയിലേക്ക് കുട്ടികളെ അയക്കാന്‍ രക്ഷിതാക്കള്‍ ഭയക്കുന്നു.
പഴയ കെട്ടിടത്തിലാണ് അംഗണ്‍വാടി പ്രവര്‍ത്തിക്കുന്നത്. 1990 ലാണ് അരയിയില്‍ അംഗണ്‍വാടി പ്രവര്‍ത്തനം ആരംഭിച്ചത്. 23 ഓളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ശക്തമായ കാറ്റും മഴയും വന്നാല്‍ ഏത് സമയവും തകര്‍ന്ന് വീഴാവുന്ന അവസ്ഥയിലാണ് അംഗ ണ്വാടി. കെട്ടിടത്തിനകത്തെ കുടുസുമുറിയില്‍ കുട്ടികള്‍ വീര്‍പ്പ് മുട്ടുകയും ചെയ്യുന്നു. അരയിയിലെ അംഗണ്‍വാടി കൂടുതല്‍ സുരക്ഷിതവും സൗകര്യപ്രദവുമായ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികള്‍ക്ക് നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
കുട്ടികളുടെ ജീവന് തുലാസില്‍ തൂക്കുന്ന അധികാരികളുടെ നയത്തിനെതിരെ ജനങ്ങളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. മഴക്കാലത്ത് റോഡില്‍ നിന്നും വെള്ളം കുത്തിയൊലിച്ച് അരയിയിലെ അംഗണ്‍വാടിയിലേക്ക് ഒഴുകുന്നത് പതിവ് കാഴ്ചയാണ്. എത്രയും വേഗം ഇത് സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ട് കുട്ടികളുടെ ജീവന് രക്ഷിക്കാന്‍ ആവശ്യമായ നട പടികള്‍ അധികൃതര്‍ കൈ കൊള്ളണമെന്നാണ് നാട്ടുകാരുടെ പൊതുവായ അഭിപ്രായം. വാര്‍ഡ് കൗണ്‍സിലര്‍ ഇക്കാര്യത്തില്‍ പ്രത്യേക താല്‍പ്പര്യമെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Keywords: Anganwadi, Arai, Kanhangad, Kasaragod