'പാസ്പോര്ട് നഷ്ടപെട്ടാല്‍ ഇങ്ങോട്ട് വരരുത്'
Sep 19, 2012, 21:46 IST
കാഞ്ഞങ്ങാട്: പാസ്പോര്ട്, റേഷന്‍കാര്‍ഡ് തുടങ്ങിയവ നഷ്ടപെട്ടാല്‍ എന്തെല്ലാം പൊല്ലാപ്പാണ്. ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് പോലീസ് സ്റ്റേഷനിലെത്തിയാലോ ഏമാന്മാരുടെ ആട്ടും തൂപ്പും. പാസ്പോര്ട് തുടങ്ങിയവ നഷ്ടപ്പെട്ടാല്‍ പരാതിയുമായി ഇനി ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ പോകേണ്ടന്നാണ് ചില പോലീസുകാരുടെ പക്ഷം. സ്റ്റേഷനില്‍ സ്വാധീനിക്കാന്‍ കഴിവുള്ളവരെ കൂടെകൂട്ടിയാല്‍ ഒരു പക്ഷെ കാര്യം സാധിച്ചെന്നിരിക്കും. പോലീസുകാര്‍ തന്നെയാണ് ഇത്തരത്തില്‍ മറുപടി തരുന്നത്.
പോലീസിന്റെ കളി ഹൈക്കോടതി അഭിഭാഷകനോടായാലോ.? മേലാങ്കോട്ടെ കെ. മോഹനനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതിനല്‍കിയത്. പാസ്പോര്‍ട്ട് നഷ്ടപെട്ടതിനെതുടര്ന്ന് കഴിഞ്ഞദിവസം പോലീസ് സ്റ്റേഷനിലെത്തിയ തന്റെ പരാതി സ്വീകരിക്കാന്‍പോലും പോലീസ് തയ്യാറായില്ലെന്ന് കാണിച്ച് ഇദ്ദേഹം മുതിര്‍ന്ന പോലീസുകാര്‍ക്ക് പരാതി നല്കി. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ വിളിച്ച് കാര്യം പറഞ്ഞപ്പോഴാണ് പരാതി സ്വീകരിക്കാന്‍ പോലീസ് തയ്യാറായതും രസീത് നല്കിയതും.
എന്നാല്‍ പിന്നെ കാര്യം അന്വേഷിക്കാന്‍ എസ്.ഐക്ക് വിളിച്ചാലോ.? ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെ എസ്.ഐ പറഞ്ഞത് ഇത്തരം പരാതികള്‍ സ്വീകരിക്കാനും റസീത് കൊടുക്കാനും ബുദ്ധിമുട്ടുണ്ടെന്നാണ്. റേഷന്‍കാര്‍ഡ് നഷ്ടപ്പെട്ട് പരാതിയുമായെത്തുന്നവര്ക്കും അനുഭവം വ്യത്യസ്തമല്ല.
കാര്യംതിരക്കി സി.ഐ കെ.വി വേണുഗോപാലിന് വിളിച്ചാല്‍ ആശ്വാസവചനങ്ങള്‍ കേള്‍ക്കാം. തന്റെ പരിധിയിലെ പോലീസ് സ്റ്റേഷനുകളില്‍ ഇത്തരം പരാതികള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ അക്കാര്യം തന്നോട്പറയണമെന്ന നിര്‍ദേശമെങ്കിലും അദ്ദേഹം നൽകും. ഇതൊക്കെയുണ്ടോ സാധാരണക്കാരന് അറിയുന്നു.
റേഷന്‍കാര്‍ഡോ പാസ്പോര്‍ടോ നഷ്ടപെട്ടാല്‍ പത്രങ്ങളില്‍ പരസ്യംകൊടുത്ത് പോലീസ് സ്റ്റേഷനില്‍ സ്വാധീനമുള്ളവരെ സംഘടിപ്പിച്ച് ഏമാന്മാര് വരുന്നതും കാത്ത് സ്റ്റേഷന് വരാന്തയില്‍ കുത്തിയിരിക്കുകതന്നെ. ശേഷം ദിവസങ്ങളോളം ഓരോ കാരണങ്ങള്‍ പറഞ്ഞ് പോലീസ് മടക്കിയയക്കും. പിന്നീടുള്ള പോലീസ് പീഡനമോര്ത്ത് പരാതി നല്‍കാനോ നിയമപരമായി നേരിടാനോ സാധാരണക്കാര്‍ തയ്യാറാവത്തതിന്റെ പരിണിതഫലമാണ് പോലീസ് സ്റ്റേഷനുകളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
Keywords: Kasaragod, Kanhangad, Hosdurg, Police, SI, CI, Passport, Ration card, K.V Venugopal, Police station, High court.