കൊണ്ടുപോയത് വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സ്; കിട്ടിയത്...?
Oct 6, 2012, 19:44 IST
കാഞ്ഞങ്ങാട്: ജില്ലാശുപത്രിയില്‍ നിന്നും ആലപ്പുഴയിലേക്ക് ഏഴ് മാസംമുമ്പ് കൊണ്ടുപോയ വെന്റിലേറ്റര്‍ സൗകര്യമടക്കമുള്ള അത്യാന്താധുനിക സജ്ജീകരണങ്ങളുള്ള ആംബുലന്‍സിന് പകരം കിട്ടിയത് സാധാരണ സൗകര്യങ്ങള്‍ മാത്രമുള്ള ആംബുലന്‍സ്.
ഇതോടെ കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അടക്കമുള്ള രോഗികളോട് അധികൃതര്‍ കാണിച്ചിരിക്കുന്നത് കടുത്ത വിശ്വാസ വഞ്ചനയും അവഗണനയുമാണെന്ന് വിമര്‍ശനമുയര്‍ന്നു. ജില്ലാശുപത്രിയില്‍ നിന്നും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്നും ആരോഗ്യവകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്ന് ഏഴ് മാസം മുമ്പാണ് ആധുനിക സജ്ജീകരണങ്ങളുള്ള ആംബുലന്‍സുകള്‍ ആലപ്പുഴയിലേക്ക് കൊണ്ടുപോയത്.
കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് ജില്ലാശുപത്രിക്കും ജനറല്‍ ആശുപത്രിക്കും അനുവദിച്ച ആംബുലന്‍സുകളില്‍ വെന്റിലേറ്റര്‍ സൗകര്യങ്ങളും അടിയന്തിര ചികിത്സാ സൗകര്യങ്ങളും ഓക്സിജന്‍ നല്‍കുന്നതുള്‍പെടെയുള്ള ജീവന് രക്ഷാ ഉപകരണങ്ങളുമുണ്ടായിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഏറെയുള്ള ജില്ലയെന്ന പരിഗണന വച്ചാണ് കാസര്‍കോട് ജില്ലക്ക് ഈ രീതിയിലുള്ള രണ്ട് ആംബുലന്‍സുകള്‍ അനുവദിച്ചിരുന്നത്.
ഭരണം മാറുകയും ആരോഗ്യ വകുപ്പിന് പുതിയ മന്ത്രിയുണ്ടാവുകയും ചെയ്തതോടെ ജില്ലാശുപത്രിക്കും ജനറല്‍ ആശുപത്രിക്കും ലഭിച്ച ആംബുലന്‍സുകള്‍ തിരിച്ചെടുക്കുകയായിരുന്നു. എല്ലാവിധ ചികിത്സാ സൗകര്യങ്ങളുമുള്ള ആംബുലന്‍സുകള്‍ കൊണ്ടുപോകുന്നതിനെതിരെ ഡി വൈ എഫ് ഐ ഉള്‍പെടെയുള്ള സംഘടനകള്‍ സമരം നടത്തിയിരുന്നു. ജില്ലാ കലക്ടര്‍ സമരക്കാരുമായി നടത്തിയ ചര്‍ചയില്‍ നഷ്ടമാകുന്ന ആംബുലന്‍സുകള്‍ക്ക് പകരം അതേ സൗകര്യങ്ങളുള്ള പുതിയ ആംബുലന്‍സുകള്‍ നല്‍കുമെന്നാണ് ഉറപ്പ് നല്‍കിയിരുന്നത്. ഇതേ തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയും ചെയ്തു.
നീണ്ട ഏഴു മാസങ്ങള്‍ക്കൊടുവില്‍ ജനറല്‍ ആശുപത്രിയിലേക്കും ജില്ലാശുപത്രിയിലേക്കും പുതിയ ആംബുലന്‍സുകളെത്തി. എന്നാല്‍ ഈ ആംബുലന്‍സുകളില്‍ വെന്റിലേറ്റര്‍ സൗകര്യങ്ങളോ അടിയന്തിര ചികിത്സാ സൗകര്യങ്ങളൊ ഇല്ല. ഇതോടെ ജില്ലയിലെ ജനങ്ങളെ ഒന്നടങ്കം കബളിപ്പിക്കുകയാണ് അധികൃതര്‍ ചെയ്തിരിക്കുന്നത്. ഇത്തരമൊരു നടപടിക്കെതിരെ കടുത്ത ജനരോഷം ഉയര്‍ന്നിട്ടുണ്ട്.
Keywords: Kasaragod, Kanhangad, General-hospital, Ambulance, Kerala, Strike