കാഞ്ഞങ്ങാട്ട് മലമ്പനി വ്യാപകമാകുന്നു
May 7, 2012, 16:52 IST
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ മലമ്പനി വ്യാപകമാകുന്നു. മലമ്പനി ബാധിച്ച് നിരവധി പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുകയാണ്. ഹൊസ്ദുര്‍ഗ് സബ് ജയിലിലെ റിമാന്റ് തടവുകാരനായ കുശാല്‍ നഗറിലെ അബ്ദുള്‍ ജാഫര്‍ (24) അടക്കമുള്ള ഏതാനും പേരെ മലമ്പനി ബാധിച്ച് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് റെയില്‍വെ പ്ളാറ്റ് ഫോമില്‍ പുകവലിച്ചതിന് സി ആര്‍ പി എഫ് ആണ് ജാഫറിനെ അറസ്റ് ചെയ്തത്. ജാഫറിനെ കോടതി റിമാന്റ് ചെയ്തതിനെ തുടര്‍ന്ന് ചെമ്മട്ടം വയലിലുള്ള ഹൊസ്ദുര്‍ഗ് സബ്ജയിലില്‍ പാര്‍പ്പിക്കുകയായിരുന്നു. ഇതിനിടെയാണ് മലമ്പനി ബാധിച്ച് അവശനിലയില്‍ ജാഫറിനെ ജയില്‍ ജീവനക്കാര്‍ ആശുപത്രിയിലെത്തിച്ചത്.
ബേക്കല്‍ ഭാഗത്ത് നിന്നും മലമ്പനി ബാധിച്ച് ഒരാഴ്ച മുമ്പ് രണ്ട് പേരെ ജില്ലാശുപത്രിയില്‍ എത്തിച്ചിരുന്നു. ഇതിനു പുറമെ വിവിധ ഭാഗങ്ങളില്‍നിന്നായി നിരവധി പേര്‍ സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യാശുപത്രികളിലുമായി ചികിത്സയില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വേനല്‍ മഴയും പ്രതികൂല കാലാവസ്ഥയും മലമ്പനി ഉള്‍പ്പെടെയുള്ള മാരകമായ സാക്രമിക രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാന്‍ കാരണമായിട്ടുണ്ട്. തീരദേശങ്ങളിലാണ് പകര്‍ച്ച വ്യാധികള്‍ വ്യാപകമായിരിക്കുന്നത്. തീരപ്രദേശങ്ങളിലും നഗരങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ സാംക്രമിക രോഗങ്ങള്‍ പരത്തുന്ന കൊതുകുകളുടെയും ഈച്ചകളുടെയും ആവാസ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. മലമ്പനിയും മറ്റ് പകര്‍ച്ചവ്യാധികളും വ്യാപിക്കുമ്പോഴും ആരോഗ്യ വിഭാഗം അധികൃതര്‍ പ്രതിരോധ നപടികള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നില്ലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
കൊതുക് നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളും ഫലപ്രദമായി നടപ്പിലാക്കാത്തതാണ് പകര്‍ച്ചവ്യാധികള്‍ക്ക് ആക്കം കൂട്ടുന്നത്. പനി ബാധിച്ച് വിവിധ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം പെരുകുകയാണ്. ഛര്‍ദ്ദി, അതിസാരം തുടങ്ങിയ അസുഖങ്ങള്‍ ബാധിച്ചവരും ഏറെയാണ്.
Keywords: Fever, Kanhangad, Kasaragod