ഭാര്യയെ ആസിഡ് ഒഴിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
Jun 1, 2012, 15:39 IST
കാഞ്ഞങ്ങാട്: ഭാര്യയെ ആസിഡ് ഒഴിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ ഭര്‍ത്താവിനെതിരെ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പനയാല്‍ നെല്ലിയടുക്കം കോളനിയിലെ പി രാജന്‍ബാബുവിനെതിരെയാണ് (33) ബേക്കല്‍ പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കൊടക്കാട് കിഴക്കേക്കര ഓലാട്ട് കോളനിയിലെ കിഴക്കെപുരയില്‍ നാരായണന്റെ മകള്‍ എം ഉഷയെ (30) ദേഹത്ത് ആസിഡൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രാജന്‍ ബാബുവിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഉഷ ഹോംനേഴ്‌സായി നീലേശ്വരം കൊട്രച്ചാലിലെ ചിന്താമണിയുടെ വീട്ടില്‍ ജോലിചെയ്തുവരുമ്പോള്‍ 2011 സെപ്തംബര്‍ എട്ടിന് രാവിലെ 10 മണിയോടെ ഈ വീട്ടിലെത്തിയ രാജന്‍ബാബു ഉഷയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.
ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങള്‍ കാരണം അകന്ന് ജീവിക്കാന്‍ ആഗ്രഹിച്ച ഉഷ മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തിരുന്നു. ഈ വിവരമറിഞ്ഞ രാജന്‍ ബാബു ചിന്താമണിയുടെ വീട്ടിലെത്തുകയും ഉഷയുമായി വഴക്ക് കൂടുകയുമായിരുന്നു. ഇതിനിടെയാണ് കൈയില്‍ കരുതിയിരുന്ന ആസിഡ് രാജന്‍ബാബു ചിന്താമണിയുടെ ദേഹത്തൊഴിച്ചത്. 2011 ജൂണ്‍ 12 ന് കാഞ്ഞങ്ങാട് പൂങ്കാവനം ക്ഷേത്രത്തിലാണ് രാജന്‍ബാബുവും ഉഷയും വിവാഹിതരായത്. രാജന്‍ ബാബുവിന്റെ സഹോദരി ലതയെയാണ് ഉഷയുടെ സഹോദരന്‍ ചന്ദ്രന്‍ വിവാഹം കഴിച്ചത്.
ചന്ദ്രനും ലതയും തമ്മിലുള്ള ദാമ്പത്യ ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടായതോടെ രാജന്‍ ബാബു സ്വന്തം വീട്ടില്‍ പോകാനോ ബന്ധുക്കളുമായി സംസാരിക്കാനോ ഉഷയെ അനുവദിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് ഉഷ രാജന്‍ബാബുവുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. പിന്നീടാണ് ചിന്താമണിയുടെ വീട്ടില്‍ ഉഷ ഹോംനേഴ്‌സായി ജോലി തുടങ്ങിയത്. ഉഷ മറ്റൊരാളെ വിവാഹം ചെയ്യാന്‍ ആലോചിക്കുകയും ഈ യുവാവുമായി മൊബൈല്‍ ഫോണില്‍ നിരന്തരം സംസാരിക്കുകയും ചെയ്യുന്നുവെന്ന വിവരമറിഞ്ഞാണ് രാജന്‍ ബാബു പ്രകോപിതനായത്. ഈ സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.
Keywords: W ife, Murder Attempt, Case, Husband, Panayal, Kasaragod