അധികൃതരുടെ അനാസ്ഥ; ജില്ലാ ആശുപത്രിയിലെ ചൂടുവെള്ള പ്ലാന്റ് പ്രവര്‍ത്തനരഹിതം
Sep 27, 2012, 14:31 IST
ജില്ലാശുപത്രിയില്‍ പ്രവര്‍ത്തനരഹിതമായ ചൂടുവെള്ള പ്ലാന്റ് |
കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിലെ ചൂടുവെള്ള പ്ലാന്റ് പ്രവര്‍ത്തനരഹിതം. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും ഉപയോഗിക്കുന്നതിന് വേണ്ടി ജില്ലാശുപത്രി കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ തുറസ്സായ സ്ഥലത്ത് സ്ഥാപിച്ച ചൂടുവെള്ള പ്ലാന്റ് അഴിമതിയുടെ ചുട്ടുപൊള്ളുന്ന ചൂടില്‍ വെന്തുരുകി. ഈ പ്ലാന്റ് ഇപ്പോള്‍ കേവലമൊരു നോക്കുകുത്തി. ഏതാണ്ട് ആറുവര്‍ഷം മുമ്പാണ് ജില്ലാശുപത്രിക്ക് വേണ്ടി അനര്‍ട്ട് പത്ത് ലക്ഷത്തിലധികം രൂപ ചിലവിട്ട് ചൂടുവെള്ള പ്ലാന്റ് സ്ഥാപിച്ചത്.
ആശുപത്രിയിലെ എല്ലാ വാര്‍ഡുകളിലും അത്യാഹിത വിഭാഗത്തിലും ഓപറേഷന്‍ തിയേറ്ററുകളിലും ചൂടുവെള്ളം എത്തിക്കുന്നതിന് വിപുലമായ രീതിയില്‍ പൈപ്പുകള്‍ ഘടിപ്പിച്ചിരുന്നു. പ്ലാന്റ് സ്ഥാപിച്ചതിന് ശേഷം ഏതാണ്ട് ഒന്നര വര്‍ഷം ചൂടുവെള്ളം ലഭ്യമായിരുന്നു. സൗരോര്‍ജത്തിന്റെ സഹായത്തോടെയാണ് മൂന്ന് വന്‍ ടാങ്കുകളിലായി ചൂടുവെള്ളം ഉണ്ടാക്കിയിരുന്നു. വൈദ്യുതിയുടെയും മറ്റും ചിലവില്ലാതെ തികച്ചും ശാസ്ത്രീയമായ രീതിയില്‍ ചൂടുവെള്ളം നല്‍കുക എന്നതായിരുന്നു ഈ പദ്ധതി.
ഒന്നര വര്‍ഷം കഴിയുന്നതോടെ ചൂടുവെള്ള പ്ലാന്റിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. ഇത് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് വര്‍ഷങ്ങളായി യാതൊരു നടപടിയും ആശുപത്രി അധികൃതരില്‍ നിന്നോ ആരോഗ്യവകുപ്പില്‍ നിന്നോ ഉണ്ടായിട്ടില്ല. ചൂടുവെള്ളം വാര്‍ഡുകളിലേക്കുള്ള പൈപ്പിലെത്തിക്കുന്നതിന് ടാങ്കില്‍ ഘടിപ്പിച്ചത് പ്ലാസ്റ്റിക് പൈപ്പാണ്. ചൂടില്‍ ഈ പൈപ്പ് പൂര്‍ണമായും ഉരുകിപോയ നിലയിലാണ്. ചെറിയ തുക ചിലവിട്ടാല്‍ നന്നാക്കിയെടുക്കാന്‍ കഴിയുന്നതാണ് ചൂടുവെള്ള പ്ലാന്റിന്റെ ഇപ്പോഴത്തെ അവസ്ഥയെങ്കില്‍ അതിന് ആരും താത്പര്യം കാട്ടുകയോ ശ്രമം നടത്തുകയോ ചെയ്യുന്നില്ല. അധികൃതരുടെ അനാസ്ഥ മൂലം ഈ പ്ലാന്റ് നോക്കുകുത്തിയായി തീര്‍ന്നിട്ടുണ്ട്. രോഗികളുടെയും മറ്റും ക്ഷേമവും ആവശ്യവും മുന്‍നിര്‍ത്തി സ്ഥാപിച്ച പ്ലാന്റിന്റെ കഷ്ടകാലം എന്ന് തീരുമെന്ന് ഇനിയും ഉറപ്പില്ല.
Keywords: Hot water plant, Damage, District hospital, Kanhangad, Kasaragod, Kerala, Malayalam news