വി.കുഞ്ഞിക്കൃഷ്ണന്‍ പുരസ്‌കാരം സേതു ബങ്കളത്തിനും ടി. രാജനും
Feb 14, 2012, 18:02 IST
T. Rajan |
Sethu Bangalam |
ജില്ലയിലെ ആദ്യകാല പത്രപ്രവര്‍ത്തകനും നാടകസംവിധായകനും എഴുത്തുകാരനും പരേതനുമായ അതിയാമ്പൂര്‍ വി.കുഞ്ഞിക്കൃഷ്ണന്റെ പേരില്‍ നല്‍കുന്ന പ്രഥമ പുരസ്‌കാരമാണിത്. ഫെബ്രുവരി 26ന് രാവിലെ 10 മണിക്ക് നീലേശ്വരം വ്യാപാരഭവന്‍ ഹാളില്‍ നടക്കുന്ന തുളുനാട് മാസികയുടെ ഏഴാംവാര്‍ഷികത്തോടനുബന്ധിച്ചുള്ള ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
1987ല്‍ ജന്മദേശം പത്രത്തിലൂടെ പത്രപ്രവര്‍ത്തന രംഗത്തെത്തിയ സേതു ബങ്കളം, ലേറ്റസ്റ്റ്, കാരവല്‍, കേരള കൗമുദി എന്നീ പത്രങ്ങളില്‍ റിപ്പോര്‍ട്ടറായി ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ നീലേശ്വരത്ത് നിന്നും പുറത്തിറങ്ങുന്ന സായാഹ്ന പത്രമായ സിറ്റി വാര്‍ത്തയുടെ ന്യൂസ് എഡിറ്ററാണ്. ജില്ലയിലെ മികച്ച പത്രപ്രവര്‍ത്തകര്‍ക്കായി പ്രസ്‌ഫോറം ഏര്‍പ്പെടുത്തിയ തോട്ടോന്‍ കോമന്‍ മണിയാണി സ്മാരക പ്രഥമ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറായിരുന്ന സുരേന്ദ്രന്‍ സ്മാരക സെക്രട്ടറി, നീലേശ്വരം പ്രസ് ക്‌ളബ്ബ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
20 വര്‍ഷത്തിലേറെയായി പ്രാദേശിക പത്രപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്ന ടി.രാജന്‍ ജനപക്ഷത്ത് നിന്നുകൊണ്ട് എണ്ണിയാലൊടുങ്ങാത്ത വാര്‍ത്തകളെഴുതിയിട്ടുണ്ട്. എച്ച്.ഐ.വി. ബാധിതരായ മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്ന് അനാഥരാകുകയും സമൂഹം അവഗണിക്കപ്പെടുകയും ചെയ്ത വെങ്ങാട്ടെ അമല്‍ - അമൃത സഹോദരങ്ങളുടെയും അമ്മൂമ്മയുടെ ദയനീയത, അര്‍ബുദ രോഗം പിടിപെട്ട് അച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് തലച്ചായ്ക്കാന്‍ ഇടവും തുടര്‍ പഠനത്തിനുള്ള വഴിയും ഇല്ലാതെ ദുരിതത്തിലായ ചീമേനി ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി അനീഷ, റാഗിംഗിനെ തുടര്‍ന്ന് മനോനില തകരാറിലായി സ്വന്തം കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് സ്വയം തീര്‍ത്ത തടവറയില്‍ കഴിഞ്ഞ സാവിത്രി, അഭ്യസ്തവിദ്യരായ അന്ധന്‍മാരെ കുറിച്ചുള്ള - ആരുടെ കണ്ണില്‍ ഇരുട്ട്, എന്‍ഡോസള്‍ഫാന്‍ ഇര ചീമേനിയിലെ ശില്‍പയുടെ സഹോദരിയുടെ വേദന - ശാലിനി പാടുന്നു, ത്രിതല പഞ്ചായത്ത് സംവിധാനത്തിലെ ജനകീയ ആസൂത്രണ പദ്ധതിയിലെ ക്രമക്കേടുകള്‍ മണല്‍-മണ്ണ് മാഫിയകളുടെ പാരിസ്ഥിതിക വെല്ലുവിളികള്‍ തുടങ്ങി ശ്രദ്ധേയമായ ഒട്ടേറെ വാര്‍ത്തകള്‍ പ്രാദേശിക പത്രപ്രവര്‍ത്തകന്റെ പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് എഴുതാന്‍ സാധിച്ചിട്ടുണ്ട്. ഇത്തരം വാര്‍ത്തകള്‍ക്കെല്ലാം സാമൂഹികമായും ഭരണപരമായും ഇടപെടലുകളും നടപടികളും ഉണ്ടായിട്ടുണ്ട്.
പ്രഫസര്‍ മേലത്ത് ചന്ദ്രശേഖരന്‍, സുബൈദ, എന്‍.പി.വിജയന്‍, കെ.വി.സുരേഷ്‌കുമാര്‍, കുമാരന്‍ നാലപ്പാടം എന്നീ ജൂറി അംഗങ്ങളാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
Keywords: Kasaragod, Kanhangad, V. Kunhikrishnan, Award, Sethu Bangalam, T. Rajan.