വളര്‍ത്തു മൃഗങ്ങളുടെ രക്തം കുടിക്കുന്ന അജ്ഞാതജീവി ബളാലില്‍ ഭീതിപരത്തുന്നു
Dec 18, 2012, 17:39 IST
വെള്ളരിക്കുണ്ട്: വളര്‍ത്തു മൃഗങ്ങളുടെ ശരീരത്തിലേക്ക് കൂര്‍ത്ത പല്ലുകള്‍ ആഞ്ഞിറക്കി രക്തം കുടിക്കുന്ന അജ്ഞാത ഹിംസ്ര ജീവി ബളാലിലും പരിസര പ്രദേശങ്ങളിലും കൊടും ഭീതി വിതയ്ക്കുന്നു. ബളാല്‍, അരിങ്കല്ല് പ്രദേശങ്ങളിലാണ് അജ്ഞാത ജീവിയുടെ വിളയാട്ടം രൂക്ഷമായിരിക്കുന്നത്. ഏതാനും ആടുകളെ അജ്ഞാത ജീവി ഇതിനകം കടിച്ച് കൊന്നിട്ടുണ്ട്. വളര്‍ത്ത് നായ്ക്കളെയും പശുക്കളെയും ഈ ജീവി ആക്രമിക്കുന്നത് നാട്ടുകാരുടെ ആശങ്ക വര്‍ദ്ധിപ്പിക്കുയാണ്. അജ്ഞാത ജീവിയെ നേരില്‍ കണ്ടവര്‍ വളരെ നടുക്കത്തോടെയാണ് ഇക്കാര്യം വിവരിക്കുന്നത്.
പുലിയുടെ രൂപവും വളര്‍ത്തുപട്ടിയുടെ വലിപ്പവുമുള്ള ജീവിക്ക് ശരീരം നിറയെ രോമങ്ങളും കൂര്‍ത്ത പല്ലുകളുമുണ്ടെന്നാണ് ജീവിയെ കണ്ടെന്ന് അവകാശപ്പെടുന്നവര്‍ പറയുന്നത്. ചുവന്ന നാവ് നീട്ടി മുരണ്ട് കൊണ്ട് ജീവി കാട്ടിലേക്ക് ഓടി മറയുന്നത് കണ്ടതായി ചിലര്‍ സാക്ഷ്യപ്പെടുത്തുന്നു.
വിചിത്ര ജീവിയെ പേടിച്ച് പുറത്തിറങ്ങാന്‍ പോലും നാട്ടില്‍ പലരും ഭയക്കുകയാണെന്നാണ് വിവരം. കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ പുലികളെ കണ്ടതായി നാട്ടുകാര്‍ പറയുകയും ഇതേ തുടര്‍ന്ന് വനപാലകര്‍ തിരച്ചില്‍ നടത്തുകയും ചെയ്യുന്നതിനിടയിലാണ് ബളാലില്‍ ഭീകര രൂപമുള്ള ജീവി ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്.
സങ്കരയിനത്തില്‍പ്പെട്ട ജീവിയായിരിക്കാം ഇതെന്നാണ് പൊതുവെയുള്ള നിഗമനം. രണ്ട് വര്‍ഷം മുമ്പ് പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ അജ്ഞാത ജീവി ഭീതി പരത്തിയിരുന്നു. ചാലിങ്കാലിലെ ചെറിയ ഗുഹയില്‍ താമസിച്ചിരുന്ന ജീവി നിരവധി വളര്‍ത്തു മൃഗങ്ങളെയാണ് ആക്രമിച്ചിരുന്നത്. ഈ ജീവി വസിച്ചിരുന്ന ഗുഹയ്ക്ക് സമീപം മൃഗങ്ങളുടെ എല്ലിന്‍ കഷണങ്ങളും രക്തവും കാണപ്പെട്ടത് അന്ന് പരിഭാന്തി സൃഷ്ടിച്ചിരുന്നു.
Keywords : Kanhangad, Vellarikundu, Animal, Pet Animals, Kill, Goat, Dog, Blood, Forrest, Natives, Forrest Department, Periya, Malayalam News.