ട്യൂഷന്‍ സെന്ററിലെ പീഢനം: അഷ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി
Aug 24, 2012, 18:38 IST
Ashkar |
കാഞ്ഞങ്ങാട്: കോട്ടച്ചേരി ടൗണിലെ ചാപ്റ്റര്‍ ട്യൂഷന്‍ സെന്ററില്‍ പഠിക്കാനെത്തിയ വിദ്യാര്‍ത്ഥിനികളില്‍ ചിലരെ ലൈംഗീക പീഢനത്തിനിരയാക്കിയെന്ന കേസില്‍ പിടിയിലായി റിമാന്‍ഡില്‍ കഴിയുന്ന ട്യൂഷന്‍ സെന്റര്‍ ഉടമ ബല്ലാകടപ്പുറത്തെ അഷ്‌കറിന്(24)ജാമ്യമില്ല. അഷ്‌കറിന് വേണ്ടി സമര്‍പിച്ച ജാമ്യാപേക്ഷ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി തള്ളി.
കാഞ്ഞങ്ങാട്ടും കൊളവയലിലും രണ്ടിടങ്ങളില്‍ ട്യൂഷന്‍ സെന്റര്‍ നേരിട്ട് നടത്തുന്ന അഷ്‌കറിന് ചെറുവത്തൂരില്‍ ഒരു ട്യൂഷന്‍ സെന്ററില്‍ പാര്‍ട്ണര്‍ഷിപ്പ് ഉണ്ടെന്ന വിവരം പുറത്തുവന്നു. ഈ ട്യൂഷന്‍ സെന്ററില്‍ അഷ്‌കര്‍ പഠിപ്പിക്കാന്‍ എത്താറുണ്ട്. കാഞ്ഞങ്ങാട് മോഡലില്‍ ചെറുവത്തൂരിലും അഷ്‌കര്‍ വിദ്യാര്‍ത്ഥിനികളെ പീഢിപ്പിച്ചുവെന്ന കിംവദന്തി ഉയര്‍ന്നിട്ടുണ്ട്. ഈ ട്യൂഷന്‍ സെന്ററിന്റെ നടത്തിപ്പിന് പാര്‍ട്ണര്‍ ഷിപ്പ് വ്യവസ്ഥയില്‍ അഷ്‌കര്‍ പണം നല്‍കി എന്നാണ് വിവരം. ട്യൂഷന്‍ സെന്ററിലൂടെ അഷ്‌കറിന് കാര്യമായ സാമ്പത്തിക വരുമാനമുണ്ട്. ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഒരു അക്കാദമി വര്‍ഷത്തില്‍ 5000 രൂപ വീതമാണ് ഫീസ് ഈടാക്കുന്നത്.
കേരള സിലബസിലും സി.ബി.എസ്.ഇ സിലബസിലും എസ്.എസ്.എല്‍.സി ബാച്ചില്‍ വെവ്വേറെ ക്ലാസുകള്‍ നടത്തിയിരുന്നു. പ്ലസ്‌വണ്ണിന് ഒരു അക്കാദമി വര്‍ഷം 7000 രൂപയും രണ്ടാം വര്‍ഷം 8000 രൂപയുമാണ് ഫീസ്. 250 ഓളം വിദ്യാര്‍ത്ഥികള്‍ ഈ ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്നുണ്ട്. ഇവരില്‍ നിന്ന് ഇതിനകം രണ്ട് ഇന്‍സ്റ്റാള്‍മെന്റായി ഫീസ് ഈടാക്കിയിട്ടുണ്ട്. അഷ്‌കര്‍ ലൈംഗീക പീഢനക്കേസില്‍ അകത്തായതോടെ ഈ ട്യൂഷന്‍ സെന്ററിനെ ആശ്രയിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ അപ്പാടെ പെരുവഴിയിലായി. ട്യൂഷന്‍ സെന്റര്‍ ഇനി തുറക്കാനുള്ള സാധ്യത വിരളമാണ്. വഴിയാധാരമായ വിദ്യാര്‍ത്ഥികള്‍ കാഞ്ഞങ്ങാട്ടെ മറ്റ് ചില ട്യൂഷന്‍ സെന്ററുകളെ അഭയം പ്രാപിച്ചിട്ടുണ്ട്. ലൈംഗിക പീഢനത്തിന് ഇരയായ പെണ്‍കുട്ടികള്‍ മിക്കവരും ഇപ്പോള്‍ പുറത്തിറങ്ങാത്ത അവസ്ഥയാണ്. ഇവരില്‍ ചിലര്‍ സ്‌കൂളുകളിലേക്കും പോകാതെയായിട്ടുണ്ട്.
അതിനിടെ പെണ്‍കുട്ടികള്‍ക്ക് ഫേസ്ബുക്കില്‍ മെസേജ് അയച്ച് കൊടുക്കുന്നത് അഷ്‌കറിന്റെ ഹോബിയാണ്. നേരം വെളുക്കുവോളം കമ്പ്യൂട്ടറിന് മുന്നിലിരുന്ന് തന്റെ ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന പല വിദ്യാര്‍ത്ഥിനികള്‍ക്കും അശ്ലീല ഭാഷയില്‍ മെസേജ് അയച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. അഷ്‌കര്‍ ലൈംഗീക പീഢനക്കേസില്‍പെട്ടെങ്കിലും കേസിന്റെ തുടര്‍ അന്വേഷണം മന്ദഗതിയിലാണ്. കേസന്വേ ഷിക്കുന്ന ഹൊസ്ദുര്‍ഗ് സിഐ കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണവുമായി തുടക്കത്തില്‍ ബഹുദൂരം മുന്നോട്ട് പോയിരുന്നു.
അതിനിടെ കള്ളനോട്ട് കേസിന്റെ അന്വേഷണചുമതലയില്‍ സദാസമയവും ഇടപെടേണ്ടിവന്ന വേണുഗോപാല്‍ കോടതി നിര്‍ദേശമനുസരിച്ച് കസ്റ്റഡിയിലെടുത്ത കള്ളനോട്ട് കേസിലെ പ്രതി ചെറുവത്തൂര്‍ കൈതക്കാട്ട് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പെരിങ്ങോം സ്വദേശി അബ്ദുല്‍ ജബ്ബാറിനെ വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പിന് കൊണ്ടുപോകുന്ന തിരക്കിലാണ് സിഐയും സംഘവും. അഞ്ച് ദിവസത്തേക്കാണ് ജബ്ബാറിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്.
തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍തിയാകുന്ന മുറക്ക് ഞായറാഴ്ചക്കകം ജബ്ബാറിനെ തിരികെ കോടതിയില്‍ ഹാജരാക്കുമെന്നാണ് കരുതുന്നത്. അതിനുശേഷമായിരിക്കും ലൈംഗിക പീഢനക്കേസിന്റെ അന്വേഷണം സജീവമാകുക. ഓണം കഴിയുന്ന മുറക്ക് ഈ ട്യൂഷന്‍ സെന്ററില്‍ നടന്ന ലൈംഗിക പീഢന സംഭവങ്ങളുടെ വിശദവിവരങ്ങള്‍ പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് പോലീസ് സംഘം.
Keywords: Tution centre, Molestation, Accuse, Bail, Rejected, Court, Hosdurg, Kanhangad, Kasaragod