city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ടോള്‍ പിരിവ് തട്ടിപ്പ്: ദേശീയപാത വിഭാഗം മൂന്ന് എഞ്ചിനീയര്‍മാര്‍ കുടുങ്ങും

ടോള്‍ പിരിവ് തട്ടിപ്പ്: ദേശീയപാത വിഭാഗം മൂന്ന് എഞ്ചിനീയര്‍മാര്‍ കുടുങ്ങും
കാഞ്ഞങ്ങാട്: പടന്നക്കാട് മേല്‍പ്പാലം ടോള്‍ ബൂത്ത് പിരിവ് മറയാക്കി നടന്ന ലക്ഷങ്ങളുടെ വെട്ടിപ്പുമായി ബന്ധപ്പെട്ട് ലോക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ദേശീയപാത വിഭാഗം കണ്ണൂര്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍, കാസര്‍കോട് അസി.എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍, കാഞ്ഞങ്ങാട് അസി.എഞ്ചിനീയര്‍ എന്നിവരെ പ്രതിചേര്‍ക്കും.

ടോള്‍ ബൂത്ത് പിരിവ് തട്ടിപ്പില്‍ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ലോക്കല്‍ പോലീസിന്റെ അനേ്വഷണത്തില്‍ വ്യക്തമായതോടെ ഇവര്‍ കുറ്റക്കാരാണെന്ന് വിശദീകരിച്ച് ഇവരെ കൂടി കേസില്‍ ഉള്‍പ്പെടുത്തണമെന്ന ശുപാര്‍ശയോടെ തുടര്‍ അന്വേഷണം വിജിലന്‍സിന് വിടാന്‍ പോലീസ് തലത്തില്‍ ധാരണയായി.

ലോക്കല്‍ പോലീസ് ഇതുവരെ നടത്തിയ അന്വേഷണത്തില്‍ ദേശീയപാത വിഭാഗത്തിലെ ഉന്നതോദ്യോഗസ്ഥര്‍ക്ക് ഈ വെട്ടിപ്പുമായി നേരിട്ടോ അല്ലാതെയോ ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞതിനെതുടര്‍ന്നാണ് കേസന്വേഷണം വിജിലന്‍സിന് കൈമാറുന്നത്. കാഞ്ഞങ്ങാട് എ. എസ്. പി. എസ്. മഞ്ചുനാഥയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇപ്പോള്‍ അന്വേഷണം നടത്തിവരുന്നത്.

ഒക്‌ടോബര്‍ 13ന് ശനിയാഴ്ച രാത്രി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നല്‍കിയ വിവരത്തിന്റെയടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് സി. ഐ. കെ. വി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ ടോള്‍ബൂത്ത് പിരിവിന് നേതൃത്വം നല്‍കിയിരുന്ന കോഴിക്കോട് മുക്കം സ്വദേശി ബാലനും മറ്റ് തൊഴിലാളികളും താമസിക്കുന്ന ബൂത്തിനടുത്തുള്ള വാടക വീട്ടിലും നടത്തിയ തിരച്ചിലിലാണ് പടന്നക്കാട് മേല്‍പ്പാലം ടോള്‍ ബൂത്തിന്റെ മറവില്‍ ലക്ഷങ്ങളുടെ പകല്‍ക്കൊള്ള നടന്നുവരുന്ന ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്.

റെയ്ഡ് നടത്തിയ ദിവസം രാവിലെ 10 മണിമുതല്‍ രാത്രി 11 മണിവരെ ടോള്‍ബൂത്തില്‍ പിരിഞ്ഞുകിട്ടിയത് 2,07,040 രൂപയായിരുന്നു. വ്യാജ സീലും അനധികൃത രശീതിലും ഉപയോഗിച്ച് ദേശീയ പാതവിഭാഗം ഉന്നതരുടെ മൗനാനുവാദത്തോടെ യാതൊരു അംഗീകാരവും സര്‍ക്കാറിന്റേയോ വകുപ്പിന്റേയോ നിയമാനുസൃതമോ ആയ അനുമതിയും ഇല്ലാതെയാണ് ടോള്‍ബൂത്ത് പിരിവ് നടത്തിയിരുന്നതെന്ന് തുടരന്വേഷണത്തില്‍ വ്യക്തമാകുകയും ചെയ്തു. തെളിയിക്കപ്പെട്ട മൊത്തം വരുമാനത്തിന് ഏതാണ്ട് സമാനമാണ് ഈ കണക്കും. അരക്കോടി രൂപ സര്‍ക്കാര്‍ ഖജനാവിലെത്തേണ്ട സ്ഥാനത്ത് എത്തിയതാകട്ടെ 12 ലക്ഷം രൂപ മാത്രം.

ഇത്രയധികം വെട്ടിപ്പ് നടത്താന്‍ മുക്കം സ്വദേശി ബാലനും തൊഴിലാളികളായ പാലക്കാട് പരുത്തിപ്പ ഒളിയിലെ കെ വി അപ്പച്ചന്‍, കോഴിക്കോട് വേങ്ങേരിയിലെ എ പി ദേവദാസന്‍, വഴിമുക്കത്തെ എ അശോകന്‍, ഏലത്തൂരിലെ കെ. കെ. സദാനന്ദന്‍, പാലക്കാട്ട് കരിപ്പാട്ടെ പി.വാസുദേവന്‍, എസ്. സുജീഷ് കോഴിക്കോട്, കൊന്നക്കൂട് മീത്തലെ ഒ. അബി, വയനാട് എസ്.പി ഓഫീസിനടുത്ത് താമസിക്കുന്ന പി .സദാനന്ദന്‍, ബാലുശ്ശേരിയിലെ കെ. ഹരീഷ്, പല്ലാളിയിലെ എം. മോഹനന്‍ എന്നിവര്‍ക്കും ഇത്രയധികം ധൈര്യം ദിനംപ്രതി മൂന്ന് ലക്ഷത്തിലധികം രൂപ പിരിഞ്ഞു കിട്ടാറുണ്ടെന്നാണ് കണക്കെങ്കിലും സര്‍ക്കാര്‍ ഖജനാവിലേക്ക് ദിവസവും അടച്ചത് ഒരു ലക്ഷത്തില്‍ താഴെ രൂപ മാത്രമാണ്.

സെപ്തംബര്‍ 17നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി. കെ. ഇബ്രാഹിം കുഞ്ഞാണ് പടന്നക്കാട് മേല്‍പ്പാലം തുറന്നുകൊടുത്തത്. ഉദ്ഘാടനം കഴിഞ്ഞ് പത്താംനാള്‍ സെപ്തംബര്‍ 27 മുതല്‍ ടോള്‍ ബൂത്ത് പിരിവിലും തുടങ്ങി. യാതൊരു മാനദണ്ഡവും പാലിക്കാതെ കോഴിക്കോട് മുക്കത്തെ ബാലന്‍ എന്ന സ്വകാര്യവ്യക്തിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ദേശീയ പാത വിഭാഗത്തിലെ ചില താപ്പാനകള്‍ ടോള്‍പിരിവിന് ചുമതലപ്പെടുത്തുകയായിരുന്നു. പിരിവ് തുടങ്ങിയതുമുതല്‍ റെയ്ഡ് നടക്കുന്നതുവരെ 18 ദിവസത്തിനുള്ളില്‍ ഏതാണ്ട് അരക്കോടി രൂപയുടെ വരുമാനം ഉണ്ടായിരുന്നുവെന്നാണ് ഏകദേശ കണക്ക്. ഡിവൈഎഫ്‌ഐ ടോള്‍ബൂത്ത് കേന്ദ്രീകരിച്ച് നടത്തിയ പ്രതീകാത്മക ടോള്‍പിരിവ് നല്‍കിയതെന്ന പ്രസക്തമായ ചോദ്യം ഉയര്‍ന്നപ്പോഴാണ് പോലീസ് അന്വേഷണം ഉദ്യോഗസ്ഥ തലത്തിലേക്ക് നീണ്ടത്. സംഭവത്തിന്റെ ഗൗരവവും ദേശീയ പാത വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും വിലയിരുത്തിയ ജില്ലാ പോലീസ് സൂപ്രണ്ട് എസ് സുരേന്ദ്രന്‍ കാഞ്ഞങ്ങാട് എ. എസ്. പി. എസ.് മഞ്ചുനാഥയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.

ദേശീയ പാത വിഭാഗം(കണ്ണൂര്‍) എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കാഞ്ഞങ്ങാട്ടെ അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്നിവരുടെ ചോദ്യം ചെയ്ത അന്വേഷണ സംഘം ഇന്നലെ കാസര്‍കോട്ട് ചെന്ന് അസി.എക്‌സിക്യുട്ടീവ് എഞ്ചിനീയറില്‍ നിന്ന് വിശദവിവരങ്ങള്‍ തേടി. ഉദ്യോഗസ്ഥന്മാര്‍ക്ക് ഈ തട്ടിപ്പുമായി ബന്ധമുണ്ടെന്ന് ഉറപ്പായതിനെ തുടര്‍ന്നാണ് കേസ് മൊത്തത്തില്‍ വിജിലന്‍സിന് വിടാനുള്ള തീരുമാനമുണ്ടായത്. അടുത്തയാഴ്ചയോടെ കേസ് ഫയല്‍ വിജിലന്‍സിന് കൈമാറാനാണ് സാധ്യത. സംഭവം നടക്കുമ്പോള്‍ അസി.എക്‌സിക്യുട്ടീവ് എഞ്ചിനീയറായിരുന്ന ബഷീര്‍ ഒരു മാസം മുമ്പ് മരണപ്പെട്ടു. അദ്ദേഹം താമസിക്കുന്ന ഐങ്ങോത്ത് വീടിന് മുന്നിലുള്ള പടന്നക്കാട് മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കുന്നതിന് അവസാന നിമിഷം വരെ മുന്‍നിരയിലുണ്ടായിരുന്ന ഉദേ്യാഗസ്ഥനാണ് ബഷീര്‍. സാങ്കേതികമായ ചില നിസാര പ്രശ്‌നങ്ങള്‍ മാത്രമേ ഇദ്ദേഹത്തിന്റെ പേരില്‍ പോലീസിന് ചുമത്താന്‍ കഴിയുകയുള്ളൂ. മരണപ്പെട്ടതിനാല്‍ അദ്ദേഹത്തെ പിന്നീട് കേസില്‍ നിന്ന് ഒഴിവാക്കും.

Keywords: National highway, Engineers, Arrest, Padnakkad, Railway over bridge, Scam, Case, Kanhangad, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia