പട്ടാപ്പകല്‍ വീട്ടില്‍ നിന്നും സ്വര്‍ണ്ണവും പണവും കവര്‍ന്നു
Aug 1, 2012, 17:18 IST
ഹൊസ്ദുര്‍ഗ്: ഹൊസ്ദുര്‍ഗ് സായി മന്ദിരത്തിന് സമീപത്തെ ഉപേന്ദ്ര നിവാസില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടന്നു. സുനിതകാമത്തിന്റെ വീട്ടിലാണ് കവര്‍ച്ച. ചൊവ്വാഴ്ച ഉച്ചക്ക് 12.30 മണിയോടെ വീട് പൂട്ടി അയല്പക്കത്തെ വീട്ടിലേക്ക് പോയി ഒരു മണിക്കൂറിനകം തിരിച്ചുവന്നതിനിടയിലാണ് കവര്‍ച്ച നടന്നതെന്ന് സംശയിക്കുന്നു. സുനിതകമത്ത് വീട്ടില്‍ തനിച്ചാണ് താമസം.
വീട്ടിനകത്ത് കവര്‍ച്ച നടന്ന യാതൊരു ലക്ഷണവും കാണാനില്ലായിരുന്നു. ബുധനാഴ്ച രാവിലെ ഷെല്‍ഫ് തുറക്കാന്‍ താക്കോല്‍ പതിവായി സൂക്ഷിക്കാറുള്ള സ്ഥലത്ത് നോക്കിയപ്പോള്‍ അത് കാണാനില്ലായിരുന്നു. താക്കോല്‍ സൂക്ഷിച്ച വലിപ്പിലുണ്ടായിരുന്ന ഒന്നേമുക്കാല്‍ പവന് തൂക്കം വരുന്ന സ്വര്‍ണവളയും കാണാതായി. സംശയം തോന്നി അലമാര തുറക്കാന്‍ നോക്കിയപ്പോള്‍ അലമാര പൂട്ടിയില്ലെന്ന് മനസിലായി. അലമാരക്കകത്തുണ്ടായിരുന്ന വാനിറ്റി ബാഗ് പരിശോധിച്ചപ്പോള്‍ അതിനകത്തുണ്ടായിരുന്ന ഒന്നേമുക്കാല്‍ പവന് തൂക്കം വരുന്ന മറ്റൊരു സ്വര്‍ണവളയും മൂന്ന് പവന്റെ സ്വര്‍ണമാലയും ഒരു പവന്റെ കരിമണിമാലയും മൂന്ന് വെള്ളി നാണയങ്ങളും 5000 രൂപയും കാണാനില്ലായിരുന്നു.
വീടിന്റെ മുന്‍വശത്തെ ഗ്രില്‍സിന്റെ കമ്പി ഇളക്കി അകത്ത് കയറി കവര്‍ച്ച നടത്തിയതാവാമെന്നാണ് സംശയം. ഹൊസ്ദുര്‍ഗ് അഡി. എസ് ഐ., എം ടി മൈക്കിളും സംഘവും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഒരുമാസം മുമ്പ് ചില അന്യ സംസ്ഥാന തൊഴിലാളികള്‍ ഈ വീട്ടില്‍ ടൈല്‍സ് പതിപ്പിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്നു. ആ സമയത്ത് വീട്ടില്‍ നിന്ന് പലഹാര സാധനങ്ങള്‍ കാണാതാവുക പതിവായിരുന്നു. പൂജാമുറിയില്‍ തേങ്ങയുടക്കാന്‍ സാധാരണയായി ഉപയോഗിക്കാറുള്ള കത്തിയും അപ്രത്യക്ഷമായിരുന്നു.
Keywords: House Robbery, Hosdurg, Kanhangad, Kasaragod, Theft