DYFI ജനകീയ ടോള്‍ പിരിവ്: 17 മണിക്കൂറിലെ വരുമാനം 1,90,990 രൂപ
Nov 7, 2012, 17:21 IST
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പടന്നക്കാട് മേല്‍പ്പാലത്തില്‍ സംഘടിപ്പിച്ച പ്രതീകാത്മക ടോള്‍ പിരിവ് |
കാഞ്ഞങ്ങാട്: പടന്നക്കാട് മേല്‍പാലത്തിലൂടെ ചൊവ്വാഴ്ച വൈകിട്ട് ആറ് മണിമുതല്‍ ബുധനാഴ്ച രാവിലെ 11 മണിവരെ കടന്നുപോയ വാഹനങ്ങളുടെ എണ്ണം 4241. ഈ വാഹനങ്ങളില്‍ നിന്ന് ടോള്‍ ഫീസ് ഈടാക്കിയിരുന്നുവെങ്കില്‍ സര്‍കാറിന്റെ ഖജനാവിലേക്ക് 1,90,990 രൂപ എത്തുമായിരുന്നു. പടന്നക്കാട് റെയില്‍വെ മേല്‍പ്പാലം ടോള്‍ ബൂത്തിലെ പിരിവിന്റെ മറവില്‍ നടന്ന ലക്ഷങ്ങളുടെ അഴിമതി സമര്‍ത്ഥിക്കുന്നതാണ് ഈ കണക്കുകള്‍.
ചൊവ്വാഴ്ച വൈകിട്ട് ആറ് മണി മുതല്‍ തുടര്‍ചയായി 24 മണിക്കൂര്‍ പടന്നക്കാട് മേല്‍പ്പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ യഥാര്‍ത്ഥ കണക്കുകള്‍ ശേഖരിക്കുന്നതിന് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ജനകീയ ടോള്‍ പരിപാടിയില്‍ ബുധനാഴ്ച രാവിലെ 11 മണിവരെ നീണ്ട 17 മണിക്കൂര്‍ ശേഖരിച്ച കണക്കുകള്‍, ടോള്‍ പിരിവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരും, ഉദ്യോഗസ്ഥരുടെ സ്വന്തക്കാരനായ കോഴിക്കോട് മുക്കം സ്വദേശി ബാലന്റെ നേതൃത്വത്തിലുള്ള തൊഴിലാളികളും നടത്തിയ വന്‍ തട്ടിപ്പിന്റെ യഥാര്‍ത്ഥ ചിത്രമാണ് ഡിവൈഎഫ്‌ഐയുടെ ഈ പ്രതീകാത്മക സമരത്തിന്റെ ആദ്യത്തെ 17 മണിക്കൂറിനുള്ളില്‍ തെളിഞ്ഞത്.
ഈ സമയ പരിധിയില്‍ കാര്‍- ജീപ്പ് വിഭാഗത്തില്‍പ്പെട്ട 1780ഉം 549 ടെമ്പോ ഉള്‍പ്പെടെയുള്ള ചെറുകിട വാഹനങ്ങളും 509 ബസുകളും എച്ച് ഇഎം ഇനത്തില്‍പ്പെട്ട 689ഉം ടൂ ആക്‌സിലര്‍ ഇനത്തില്‍പ്പെട്ട 329 ഉം വലിയ ഇനത്തില്‍പ്പെട്ട 335ഉം വാഹനങ്ങള്‍ പടന്നക്കാട് മേല്‍പാലത്തിലൂടെ കടന്നുപോയി. ഈ കണക്ക് അനുസരിച്ച് പടന്നക്കാട് മേല്‍പാലത്തില്‍ നിന്ന് ദിനം പ്രതി ടോള്‍പിരിവായി മൂന്ന് ലക്ഷത്തിലധികം രൂപയുടെ വരുമാനമുണ്ടാക്കാന്‍ കഴിയുമെന്നാണ് ശരാശരി കണക്കാക്കുന്നത്.
ജനകീയ ടോളിന് ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് മധുമുതിയക്കാല്‍, സെക്രട്ടറി ഷിജി മാത്യു, അഡ്വ രാജ് മോഹനന്‍, എ വി സഞ്ജയന്‍, ശിവജി വെള്ളിക്കോത്ത്, ദാമോദരന്‍ തണ്ണോട്ട്, ശബരീശന്‍, നഗരസഭാ കൗണ്‍സിലര്‍ പ്രദീപ് മരക്കാപ്പ് കടപ്പുറം തുടങ്ങിയ നേതാക്കള്‍ നേരിട്ട് നേതൃത്വം നല്‍കി.
Keywords: DYFI, Toll, Collection, Programme, Padnakkad, Overbridge, Kanhangad, Kasaragod, Kerala, Malayalam news