കാഞ്ഞങ്ങാട് നഗരവും റെയില്‍വേ സ്റ്റേഷനും തെരുവ് നായ്ക്കള്‍ കയ്യടക്കി
Jun 22, 2012, 16:10 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരം തെരുവു നായ്ക്കളുടെ സൈ്വര്യവിഹാര കേന്ദ്രമാകുന്നു. കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റ്, റെയില്‍വേ സ്റ്റേഷന്‍, നോര്‍ത്ത് കോട്ടച്ചേരി, പുതിയകോട്ട എന്നിവിടങ്ങളിലാണ് നായകളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. കാല്‍നടയാത്രക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും നായ്ക്കള്‍ ഒരുപോലെ ഭീഷണിയായിരിക്കുകയാണ്. നഗരത്തിലെ പല ഭാഗങ്ങളിലും മാലിന്യങ്ങള്‍ അടിഞ്ഞ് കൂടിയതാണ് നായ്ക്കള്‍ പെരുകാന്‍ കാരണം.
ചീഞ്ഞളിഞ്ഞ പഴങ്ങളുടെയും പച്ചക്കറികളുടെയും മത്സ്യങ്ങളുടെയും മാംസങ്ങളുടെയും അവശിഷ്ടങ്ങള്‍ ഭക്ഷിക്കാന്‍ കൂട്ടമായാണ് നായ്ക്കളെത്തുന്നത്. കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റില്‍ നായ്ക്കളുടെയും കാക്കകളുടെയും ബഹളം തന്നെയാണ്. മത്സ്യമാര്‍ക്കറ്റില്‍ മത്സ്യം വാങ്ങാന്‍ വാഹനങ്ങളിലെത്തുന്നവര്‍ക്ക് തലങ്ങും വിലങ്ങും ഓടുന്ന നായ്ക്കള്‍ തടസം സൃഷ്ടിക്കുന്നു. കൂട്ടമായെത്തുന്ന നായ്ക്കളെ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുമ്പോള്‍ വാഹനങ്ങള്‍ നിയന്ത്രണംവിട്ട് അപകടത്തില്‍പെടുന്ന സംഭവങ്ങളും പതിവാണ്.
ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം പരത്തുന്ന മത്സ്യ - മാംസാവശിഷ്ടങ്ങള്‍ ആസ്വദിച്ച് ഭക്ഷിക്കുന്ന നായ്ക്കൂട്ടങ്ങള്‍ ചിലപ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് നേരെ അക്രമാസക്തരായി കുരച്ച് ചാടുകയും ചെയ്യുന്നു. റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നായ്ക്കള്‍ ഭീഷണിയായിമാറിയിട്ടുണ്ട്. ബസ് സ്റ്റാന്‍ഡ് പരിസരം ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നായ്ക്കളുടെ അഴിഞ്ഞാട്ടം കാരണം വാഹന ഗതാഗതം സ്തംഭിക്കുന്ന സ്ഥിതിപോലും ഉണ്ടാകുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും മറ്റും ഭയചകിതരായാണ് നടന്നുപോകുന്നത്. കഴിഞ്ഞ വര്‍ഷം നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ നായ്ക്കളെ നശിപ്പിക്കാന്‍ നടപടിയുണ്ടായിരുന്നു. ഇത്തവണ അത്തരത്തിലുള്ള നടപടികളൊന്നും അധികൃതര്‍ കൈക്കൊള്ളുന്നില്ലെന്ന് ആക്ഷേപമുണ്ട്.
Keywords: Street Dogs, Problem, Kanhangad town, Kasaragod