വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ മരുമകന്റെ റിമാന്‍ഡ് നീട്ടി
Sep 8, 2012, 15:55 IST
കാഞ്ഞങ്ങാട്: വീട്ടമ്മയെ കഴുത്തിന് പിടിച്ച് വീടിന് വെളിയിലേക്കെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മരുമകന്റെ റിമാന്‍ഡ് കോടതി നീട്ടി. മാലോം ചുള്ളി കാര്യോട്ട്ചാലിലെ മുന്തന്റെ മകന് ഉദയകുമാറി(36)ന്റെ റിമാന്‍ഡാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി സെപ്തംബര്‍ 20 വരെ നീട്ടിയത്.
കാര്യോട്ട് ചാലിലെ മധുവിന്റെ ഭാര്യ ഓമന(51)യെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഉദയ കുമാറിനെ ഈയിടെയാണ് വെള്ളരിക്കുണ്ട് സി ഐ അനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്. ഉദയകുമാറിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഓമനയുടെ മകള്‍ രാധ(31)യുടെ പരാതി പ്രകാരമാണ് ഉദയകുമാറിനെതിരെ പോലീസ് കുറ്റകരമായ നരഹത്യക്ക് കേസെടുത്തത്.
2012 ജൂലൈ 17 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. രാധയുടെ ഭര്‍ത്താവായ ഉദയകുമാര്‍ നിത്യവും മദ്യപിച്ച് വന്ന് രാധയെയും മാതാവ് ഓമനയെയും മര്‍ദിക്കുന്നത് പതിവാണ്. ഇതുമൂലം മാതാവിനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് രാധ ഉദയകുമാറിനോടൊപ്പം ഓമനയുടെ തറവാട്ട് വീട്ടില്‍ താമസിച്ചിരുന്നു. ജൂലൈ രണ്ടിന് രാത്രി ഒമ്പത് മണിക്ക് ഓമനയുടെ അയല്‍വാസി തറവാട്ട് വീട്ടിലെത്തി രാധയോട് ഓമന സുഖമില്ലാതെ കിടപ്പിലാണെന്നും ഉടന്‍ മാതാവിന്റെ വീട്ടില്‍ പോകണമെന്നും അറിയിച്ചു.
ഇതേതുടര്‍ന്ന് ഭര്‍ത്താവിനോടൊപ്പം രാധ എത്തിയപ്പോള്‍ ഓമന കട്ടിലില്‍ കിടക്കുന്നതാണ് കണ്ടത്. നേരത്തെ മദ്യപിച്ച് വീട്ടില്‍ വന്ന ഉദയകുമാര്‍ തന്നെ കഴുത്തിന് പിടിച്ച് വീടിന് പുറത്തേക്ക് തള്ളിയെന്നും ഇതേതുടര്‍ന്ന് വീട്ടു മുറ്റത്തേക്ക് തെറിച്ച് വീണ് തന്റെ കഴുത്തൊടിഞ്ഞുവെന്നുമാണ് ഓമന മകളെ അറിയിച്ചത്. ഓമനയും ഉദയകുമാറും തമ്മില്‍ വഴക്കു കൂടിയതിന്റെ ബഹളം കേട്ടിരുന്നതായി അയല്‍വാസികളും രാധയെ ധരിപ്പിച്ചു.
ഉടന്‍തന്നെ രാധ പരിസരവാസികളുടെ സഹായത്തോടെ ഓമനയെ ആദ്യം വെള്ളരിക്കുണ്ടിലെ ആശുപത്രിയിലേക്കും തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ ജില്ലാശുപത്രിയിലേക്കും കൊണ്ടുവന്നു. നില ഗുരുതരമായതിനാല്‍ ഓമനയെ പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
രാധയുടെ പരാതി പ്രകാരം ഉദയകുമാറിനെതിരെ പോലീസ് ആദ്യം വധശ്രമത്തിനാണ് കേസെടുത്തിരുന്നത്. ഇതുസംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുന്നതിനിടെ ജൂലൈ ഒമ്പതിന് ഓമന പരിയാരത്ത് ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടു.
ഓമനയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോള്‍ സുഷുമ്ന നാഡിക്ക് സംഭവിച്ച മുറിവിലൂടെ ഉണ്ടായ ന്യുമോണിയ ബാധയാണ് മരണ കാരണമെന്ന് കണ്ടെത്തി. ഉദയന്‍ ഓമനയെ വീടിന് പുറത്തേക്ക് വലിച്ചെറിഞ്ഞപ്പോള്‍ ഉണ്ടായ വീഴ്ചയിലാണ് ഓമനയുടെ സുഷുമ്ന നാഡിക്ക് മുറിവ് സംഭവിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉദയ കുമാറിനെതിരെ കുറ്റകരമായ നരഹത്യക്കുള്ള വകുപ്പ് കൂടി ചേര്‍ത്ത് പോലീസ് കേസെടുക്കുകയായിരുന്നു.
Keywords: Kanhangad, Court, Remand, Killed, Case, Police, Kerala