കോണ്‍ഗ്രസില്‍ സെക്യുലര്‍ ഹിന്ദുഫോറം പിറന്നു
Feb 27, 2012, 16:57 IST
കാഞ്ഞങ്ങാട്: കെപിസിസി, ഡി.സി.സി നേതൃത്വങ്ങളറിയാതെ കോണ്‍ഗ്രസില്‍ സെക്യുലര്‍ ഹിന്ദു ഫോറം രൂപീകരിച്ചു. കോണ്‍ഗ്രസിന്റെ മതേതരത്വമുഖം പിച്ചിചീന്തി ഹൈന്ദവ താല്‍പ്പര്യം സംരക്ഷിക്കാന്‍ കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് പടനയിക്കുമെന്ന് അവകാശപ്പെടുന്നവരുടെ കൂട്ടായ്മയാണ് സെക്യുലര്‍ ഹിന്ദു ഫോറം. ഗ്രൂപ്പ് വൈരം മൂര്‍ച്ഛിച്ചു നില്‍ക്കുന്ന കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു കെപിസിസി പ്രമുഖനാണ് സെക്യുലര്‍ ഹിന്ദു ഫോറത്തിന്റെ ചരട് വലിക്കുന്നത്. കാസര്‍കോടടക്കം അതീവ രഹസ്യമായി സംസ്ഥാനത്തെ 9 ജില്ലകളില്‍ ഇത്തരം കൂട്ടായ്മകള്‍ നിലവില്‍ വന്നു കഴിഞ്ഞു.
എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, പാലക്കാട്, തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ഇതിനകം കമ്മിറ്റികള്‍ നിലവില്‍ വന്നത്. സംസ്ഥാന തലത്തില്‍ കെ.എം.രാധാകൃഷ്ണന്‍ (തൃശ്ശൂര്‍) പ്രസിഡണ്ടും മാലി മാധവന്‍ സെക്രട്ടറിയുമായി ഏഴ് അംഗ ഭാരവാഹികളും 21 അംഗ നിര്‍വ്വാഹക സമിതിയും നിലവില്‍ വന്നിട്ടുണ്ട്. കോണ്‍ഗ്രസ് പുലര്‍ത്തുന്ന ന്യൂനപക്ഷ പ്രീണനത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പോരാടനാണ് സംഘടനയുടെ തീരുമാനം. ദേശീയതലത്തില്‍ കെ രവികുമാര്‍ ജനറല്‍ സെക്രട്ടറിയായി കമ്മിറ്റിയും നിലവില്‍ വന്നുകഴിഞ്ഞു. ന്യൂനപക്ഷ- മത സംഘടനകളുടെ സമ്മര്‍ദ്ദത്തിനടിപ്പെട്ട് പൊതു ഹിന്ദു സമൂഹത്തിന്റെ പ്രശ്നങ്ങള്‍ അവഗണിക്കപ്പെടുകയാണെന്ന് ഇവര്‍ പരാതിപ്പെടുന്നു.
പ്രതിരോധ മന്ത്രി എ.കെ.ആന്റണി, എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിംഗ്, ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ച് സെക്യുലര്‍ ഹിന്ദു ഫോറം സോണിയ ഗാന്ധിക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. മുല്ലപ്പള്ളിക്കെതിരെ രൂക്ഷമായ ഭാഷയില്‍ എഴുതിയ പരാതിയില്‍ സെക്യുലര്‍ ഹിന്ദു ഫോറത്തിന് വേണ്ടി ദേശീയ സെക്രട്ടറി കെ.രവികുമാര്‍ ഒപ്പ് വെച്ചിട്ടുണ്ട്. അതേ സമയം ഇത്തരമൊരു സംഘടനയുമായി കോണ്‍ഗ്രസ് നേതൃത്വത്തിന് യാതൊരു ബന്ധവുമില്ലെന്ന് ഡിസിസി നേതാക്കള്‍ അറിയിച്ചു. കോണ്‍ഗ്രസിന്റെ വിശാല കാഴ്ചപ്പാടുകള്‍ക്ക് തുരങ്കം വെക്കുന്ന നടപടികളില്‍ നിന്നും ഇത്തരക്കാര്‍ പിന്‍മാറണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Keywords: Secular Hindu Forum Born, Congress, Kanhangad, Kasaragod