ലഹരിയുടെ ഇരുട്ടിലേയ്ക്ക് വിസ്മയവെളിച്ചവുമായി 'എസ്.ബി.റ്റി.മാജിക് വിത്ത് എ മിഷന്‍'
Apr 12, 2012, 14:26 IST
കാഞ്ഞങ്ങാട്: മദ്യം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങള്‍ എന്നിവയുടെ ദുരുപയോഗം തടയുക, പ്രതിസന്ധികളേയും പ്രതിബന്ധങ്ങളെയും തരണം ചെയ്യുക, കാര്യക്ഷമതയുള്ള യുവതലമുറയെ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളുമായി മാജിക് അക്കാദമി സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ സഹകരണത്തോടെ സംസ്ഥാന എക്സൈസ് വകുപ്പ്, വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന എസ്.ബി.റ്റി.മാജിക് വിത്ത് എ മിഷന്‍ എന്ന ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിക്ക് 15ന് വൈകുന്നേരം 6 മണിക്ക് കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ തിരശ്ശീലയുയരും.
ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കൃഷി വകുപ്പ് മന്ത്രി കെ.പി മോഹനന്‍ എസ്.ബി.റ്റി മാജിക് വിത്ത് എ മിഷന്‍ ഉദ്ഘാടനം ചെയ്യും. പി. കരുണാകരന്‍ എം.പി വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ വി.എന്‍ ജിതേന്ദ്രന്‍, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ തോമസ് സി.സി എന്നിവര്‍ പങ്കെടുക്കും. കാസര്‍കോഡു മുതല്‍ തിരുവനന്തപുരം വരെ ഏപ്രില്‍ - മെയ് മാസങ്ങളില്‍ നടത്തുവാനുദ്ദേശിക്കുന്ന ഈ പരിപാടി ഇതിനോടകം തന്നെ എറണാകുളം, പാലക്കാട് എന്നീ ജില്ലകളില്‍ വിജയകരമായി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഈ പരിപാടിയുടെ മുഖ്യ പ്രായോജകര്‍ സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ആണ്. മദ്യം. മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങള്‍ എന്നിവയുടെ ഉപയോഗത്തിലുടെ മാനസികാരോഗ്യം നഷ്ടപ്പെടുത്തുന്ന യുവതലമുറയ്ക്ക് പുതുവെളിച്ചമേകുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. ഇവയുടെ ഉപയോഗത്തിന് കീഴടങ്ങി സ്വയം ജീവിതം നശിപ്പിക്കുന്ന യുവതലമുറയ്ക്ക് ഇച്ഛാശക്തിയാല്‍ വീണ്ടും ആരോഗ്യപരമായ ജീവിത്തിലേയ്ക്ക് തിരിച്ചുവരാന്‍ മനസ്സിനെ എങ്ങനെ പ്രാപ്തമാക്കാമെന്ന് ഗോപിനാഥ് മുതുകാട് ജാവിദ്യയിലൂടെ ബോധ്യപ്പെടുത്തുന്നു. പ്രതിബന്ധങ്ങളേയും പ്രതികൂലാവസ്ഥകളേയും മറികടന്ന് ലഹരിദുരന്തത്തിനടിമപ്പെട്ടവര്‍ നിശ്ചയദാര്‍ഢ്യത്തിന്റെ ഉള്‍ക്കരുത്തില്‍ സ്വയം പ്രകാശിക്കുന്നതിന്റെ ദൃശ്യാവിഷ്കാരം ഏവരെയും വിസ്മയിപ്പിക്കും. പ്രവേശനം സൌജന്യം.
2011 നവംബറില്‍ എറണാകുളം ജില്ലയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ മാജിക് വിത്ത് എ മിഷന്‍ മറ്റ് ജില്ലകളില്‍ക്കൂടി വ്യാപിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് മാജിക് അക്കാദമി സംസ്ഥാനത്തൊട്ടാകെ ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ വയനാട്, കോഴിക്കോട്, മലപ്പുറം, എന്നിവിടങ്ങളിലും മെയ് മാസത്തില്‍ തൃശൂര്‍, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കൊല്ലം തിരുവനന്തപുരം എന്നിവിടങ്ങളിലും എസ്.ബി.റ്റി.മാജിക് വിത്ത് എ മിഷന്‍ അരങ്ങേറും.
Keywords: SBT Magic with a mission, Muthukad, Magic show, Kanhangad, Kasaragod