അഗ്‌നിരക്ഷാ യൂണിറ്റുകളില്‍ നടപ്പിലാക്കുന്നത് 171 കോടിയുടെ പദ്ധതികള്‍ - മന്ത്രി രമേശ് ചെന്നിത്തല
Sep 5, 2015, 15:38 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05/09/2015) സംസ്ഥാനത്തെ അഗ്നിരക്ഷാ യൂണിറ്റുകള്‍ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി 171 കോടിയുടെ പദ്ധതികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കാഞ്ഞങ്ങാട് അഗ്നിരക്ഷാ യൂണിറ്റിനായി നിര്‍മ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഗ്നിരക്ഷാപ്രവര്‍ത്തകര്‍ മുഖേന വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുന്നതിനും സര്‍ക്കാര്‍ ആലോചിക്കുന്നു. പുതുതായി 50 വാട്ടര്‍ ഡങ്കികള്‍ സര്‍ക്കാര്‍ വിവിധ യൂണിറ്റുകള്‍ക്കായി അനുവദിച്ചിട്ടുണ്ട്. രണ്ട് മാസത്തിനുള്ളില്‍ കാഞ്ഞങ്ങാട് യൂണിറ്റിന് ഒരു പുതിയ വാട്ടര്‍ഡങ്കി ലഭിക്കും. ഈയിടെ 12 പുതിയ അഗ്നിരക്ഷാ യൂണിറ്റുകളും 65 ജീപ്പുകളും അനുവദിച്ചിട്ടുണ്ട്.
കൂടാതെ 564 പുതിയ പോസ്റ്റുകള്‍ അഗ്നിരക്ഷാ യൂണിറ്റില്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും 978 ഒഴിവുകള്‍ നികത്താനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വളരെ ശോചനീയമായ അവസ്ഥയിലും നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് കൊണ്ടിരിക്കുകയായിരുന്നു അഗ്നിരക്ഷാ യൂണിറ്റിലെ ഉദ്യോഗസ്ഥര്‍. അതുകൊണ്ട് ഈ വകുപ്പിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കിയിരിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ഏറ്റവും നല്ല വകുപ്പായി ഈ വകുപ്പിനെ മാറ്റാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഹോംഗാര്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ അവയവദാന സമ്മതപത്രം ജില്ലാ പ്രസിഡന്റ് കെ.ബാബുവില്‍ നിന്നും ഏറ്റുവാങ്ങി മന്ത്രി സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.സിറിയക് ആന്റണിയെ ഏല്‍പ്പിച്ചു. എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.ദിവ്യ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കൃഷ്ണന്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സി.കെ.ശ്രീധരന്‍, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, ബങ്കളം കുഞ്ഞിക്കൃഷ്ണന്‍, പ്രമോദ് കരുവളം, സി.പി.രാജേന്ദ്രന്‍, എ.വി.രാമകൃഷ്ണന്‍, തുടങ്ങിയവര്‍ പങ്കെടുത്തു. പിഡബ്ല്യൂഡി എക്‌സി.എഞ്ചിനീയര്‍ പി.കെ.ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസസ് ഡയറക്ടര്‍ ജോ കുരുവിള ഈശോ സ്വാഗതവും ഡിവിഷണല്‍ ഓഫീസര്‍ അരുണ്‍ അല്‍ഫോണ്‍സ് നന്ദിയും പറഞ്ഞു.
Keywords: Rs. 171 crore project for Fire force, Ramesh Chennithala, Kanhangad, Kasaragod, Kerala.