കവര്‍ച്ചക്കെത്തിയ സംഘം നാട്ടുകാരെ കണ്ട് ഭയന്നോടി
Dec 8, 2011, 16:00 IST
കാഞ്ഞങ്ങാട്: വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍ കവര്‍ച്ചക്കെത്തിയ മൂന്നംഗ സംഘം നാട്ടുകാരെ കണ്ട് ഭയന്നോടി. കവര്‍ച്ചക്കാരില്‍ ഒരാളെ നാട്ടുകാര്‍ പിടികൂടി അമ്പലത്തറ പോലീസിലേല്‍പ്പിച്ചു. പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ ചാലിങ്കാലില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 4.30 മണിയോടെയാണ് സംഭവം. ചാലിങ്കാലിലെ വി.സി.കൊട്ടന്റെ വീട്ടില്‍ കവര്‍ച്ച നടത്താനാണ് മൂന്നംഗ സംഘമെത്തിയത്.
കൊട്ടനും കുടുംബാംഗങ്ങളും വീട്ടിനകത്ത് കിടന്നുറങ്ങുകയായിരുന്നു. വീടിന്റെ മുന്‍വശത്തെ വാതില്‍ തുറക്കാനുള്ള കവര്‍ച്ചക്കാരുടെ ശ്രമത്തിനിടെ ശബ്ദം കേട്ട് വീട്ടുകാര്‍ ഞെട്ടിയുണര്‍ന്ന് ബഹളം വെച്ചതോടെ മൂന്നംഗ സംഘം ഓടുകയായിരുന്നു. വീട്ടുകാരും ബഹളം കേട്ടെത്തിയ പരിസര വാസികളും കവര്‍ച്ചക്കാര്‍ക്ക് പിറകെ ഓടി. മതില്‍ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച ഒരു മോഷ്ടാവിനെ നാട്ടുകാര്‍ കൈയ്യോടെ പിടികൂടുകയും അമ്പലത്തറ പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. കവര്‍ച്ചക്കാരായ മറ്റ് രണ്ടുപേരെ പിടികൂടാന്‍ കഴിഞ്ഞില്ല.
പിടിയിലായ യുവാവിനെ നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ കാഞ്ഞങ്ങാട് സ്വദേശിയായ സുനിലാണെന്നാണ് മറുപടി നല്‍കിയത്. കവര്‍ച്ച നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് തങ്ങള്‍ എത്തിയതെന്നും യുവാവ് സമ്മതിച്ചു. 35 കാരനായ യുവാവിനെ നാട്ടുകാര്‍ പോലീസിന് കൈ മാറുകയായിരുന്നു. യുവാവ് നാട്ടുകാരെ അറിയിച്ച പേരും വിലാസവും യഥാര്‍ത്ഥമാണോയെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. യുവാവിനെ അമ്പലത്തറ പോലീസ് ചോദ്യംചെയ്ത് വരികയാണ്.
ചാലിങ്കാലിലും പരിസരങ്ങളിലും കവര്‍ച്ചാസംഘം താവളമുറപ്പിച്ചിട്ടുണ്ട്. ഈയിടെ ചാലിങ്കാലിലെ മിനിയുടെ വീടും ചാലിങ്കാല്‍ ജുമാമസ്ജിദി ന് സമീപത്തെ വീടും കുത്തിതുറന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത സംഘത്തെ ഇതുവരെയായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പുറത്ത് നിന്നുള്ള സംഘമാണ് ചാലിങ്കാലിലെ മോഷണ പരമ്പരകള്‍ക്ക് പിന്നില്‍.
Keywords: Robbery-Attempt, Kanhangad, Kasaragod