കവര്‍ച്ച: പെരിയാട്ടടുക്കം റിയാസിന് 12 വര്‍ഷം കഠിന തടവ്
May 3, 2012, 18:11 IST
Periyattedukam Riyas |
യാസിര്‍ മൊയ്തീന്റെ പരാതി പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ച ബേക്കല്‍ പോലീസ് പെരിയാട്ടടുക്കം റിയാസ് ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. ഈ കേസി ല്‍ റിയാസിനെ രണ്ട് വര്‍ഷം കഠിന തടവിനാണ് കോടതി ശിക്ഷിച്ചത്.
2003ലാണ് കോട്ടിക്കുളം ശ്രീ കുറുംബാ ഭഗവതി ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ പൂട്ടി കുത്തി തുറന്ന് ഭഗവതിയുടെ തിടമ്പും വിഗ്രഹവും 40000 രൂപയും കവര്‍ച്ച ചെയ്തത്. ക്ഷേത്രത്തില്‍ നിന്നും മൊത്തം ഒന്നര ലക്ഷത്തോളം രൂപയുടെ മുതലുകളാണ് കടത്തിക്കൊണ്ടുപോയത്. ക്ഷേത്ര കവര്‍ച്ചയുമായി ബന്ധപ്പെട്ട കേസില്‍ റിയാസിനെ രണ്ട് വകുപ്പുകളിലായി രണ്ട് വര്‍ഷം വീതം കഠിന തടവിനാണ് ശിക്ഷിച്ചത്. മൊത്തം നാല് വര്‍ഷമാണ് തടവ്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.
2001 ലാണ് കോട്ടിക്കുളത്തെ കെ മുഹമ്മദ്കുഞ്ഞിയുടെ വീട്ടില്‍ നിന്നും 75 പവന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നത്. ഈ കേസില്‍ റിയാസിനെ രണ്ട് വകുപ്പുകളിലായി രണ്ട് വര്‍ഷം വീതം കഠിന തടവിന് ശിക്ഷിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.
കോട്ടിക്കുളം ക്ഷേത്ര കവര്‍ച്ചാ കേസിലും കോട്ടിക്കുളത്തെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസിലും റിയാസിനെ 2000 രൂപ വീതം പിഴയടക്കാനും കോടതി ശിക്ഷിച്ചിട്ടുണ്ട്. ഹൊസ്ദുര്‍ഗ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിലെ ടൈപ്പിസ്റ്റായിരുന്ന കുശാല്‍നഗറിലെ എച്ച് സതിയുടെ മൂന്നരപവന്‍ സ്വര്‍ണ്ണമാല കവര്‍ന്ന കേസിലാണ് റിയാസിനെ ഒന്നാം ക്ലാസ് കോടതി രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചത്. 2005 ഫെബ്രുവരി 1 ന് വൈകുന്നേരം 5 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന സതിയുടെ കഴുത്തില്‍ നിന്നും റിയാസും കൂട്ടാളിയും സ്വര്‍ണ്ണമാല തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. റിയാസ് പ്രതിയായ മറ്റൊരു കവര്‍ച്ചാ കേസിന്റെ വിചാരണ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട്(2) കോടതിയില്‍ പൂര്‍ത്തിയായിട്ടുണ്ട്. സിങ്കപ്പൂര്‍ വ്യാപാരിയായ പള്ളിക്കരയിലെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടില്‍ നിന്നും നൂറ് പവന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസിന്റെ വിചാരണയാണ് പൂര്‍ത്തിയായത്.
ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് (1) കോടതിയിലും റിയാസിനെതിരായ കേസ് വിചാരണക്കെടുക്കുന്നുണ്ട്. കാസര്‍കോട് കോടതിയിലും റിയാസിനെതിരെ കേസുകളുണ്ട്. ബാംഗഌര് സ്ഫോടനവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറിന് കൈമാറാന്‍ കത്ത് സൂക്ഷിച്ചതിന് റിയാസിനെതിരെ കണ്ണൂര്‍ കോടതിയിലും കേസ് നിലനില്‍ക്കുന്നുണ്ട്. തീവ്രവാദ ബന്ധവുമായി ബന്ധപ്പെട്ട് റിയാസിനെതിരെ ഈയിടെയാണ് കണ്ണൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ട് വര്‍ഷക്കാലം റിയാസ് മംഗലാപുരം ജയിലില്‍ വിചാരണ തടവുകാരനായി കഴിഞ്ഞതിനാല്‍ ഈ കാലയളവ് ശിക്ഷാ പരിധിയില്‍ കോടതി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
റിയാസിനെ മംഗലാപുരം സബ്ജയിലില്‍ നിന്ന് ഇന്നലെ വൈകുന്നേരം ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയത് കനത്ത പോലീസ് കാവലിലായിരുന്നു. ബേക്കല്‍ എസ് ഐ ടി ഉത്തംദാസ്, എ എസ്ഐ, സിവില്‍പോലീസ് ഓഫീസര്‍, പത്തോളം പോലീസുകാര്‍ തുടങ്ങിയവരുടെ അകമ്പടിയോടെ യാണ് റിയാസിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് (രണ്ട്)കോടതിയില്‍ ഹാജരാക്കിയത്. മെയ് 2ന് റിയാസിനെ മംഗലാപുരം ജയിലില്‍ നിന്നും ഹാജരാക്കാന്‍ ഹൊസ്ദുര്‍ഗ് കോടതി ബേക്കല്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. മംഗലാപുരം ജയിലില്‍ കഴിയുകയായിരുന്ന റിയാസിനെ ഹാജരാക്കാന്‍ ജയിലിലേക്ക് കോടതി നിരവധി തവണ പ്രൊഡക്ഷന്‍ വാറണ്ടും സമന്‍സും അയച്ചിരുന്നുവെങ്കിലും ജയില്‍ അധികൃതര്‍ ഇതിനുവേണ്ട നടപടികള്‍ കൈക്കൊണ്ടിരുന്നില്ല. ഇതെ തുടര്‍ന്ന് മംഗലാപുരം ജയില്‍ സൂപ്രണ്ട് നേരിട്ട് ഹാജരാകാന്‍ കോടതി നോട്ടീസ് അയക്കുകയായിരുന്നു. ജയില്‍ സൂപ്രണ്ട് കോടതിയിലെത്തി വിശദീകരണം നല്‍കുകയും ചെയ്തു. റിയാസിനെ ഹാജരാക്കാത്തതിന്റെ പേരില്‍ കോടതി ജയില്‍ സൂപ്രണ്ടിനെ നിശിതമായി വിമര്‍ശിച്ചിരുന്നു. റിയാസിനെ കൊണ്ടുവരാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ പോലീസിനെ വിട്ട് തരുന്നില്ലെന്ന മറുപടിയാണ് ജയില്‍ സൂപ്രണ്ട് കോടതിയില്‍ നല്‍കിയിരുന്നത്. ഇതെ തുടര്‍ന്നാണ് റിയാസിനെ ഹാജരാക്കാന്‍ കോടതി ബേക്കല്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയത്. പോലീസ് വാഹനത്തില്‍ സുരക്ഷാ ക്രമീകരണങ്ങളോടെ തന്നെ റിയാസിനെ ബേക്കല്‍ പോലീസ് മംഗലാപുരത്തെ ജയിലില്‍ നിന്നും ഹൊസ്ദുര്‍ഗ് കോടതിയിലെത്തിക്കുകയായിരുന്നു.
Keywords: Kasaragod, Periyattedukam Riyas, Kanhangad, Robbery.