കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റ്: മാലിന്യ പ്രശ്നം പരിഹരിക്കാന്‍ മൂന്നിന പരിപാടി
Apr 3, 2012, 13:54 IST
കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റ് |
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയുടെ കീഴിലുള്ള മത്സ്യമാര്‍ക്കറ്റില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന മാലിന്യ പ്രശ്നം പരിഹരിക്കാന്‍ മൂന്നിന കര്‍മ്മ പദ്ധതിക്ക് ജില്ലാ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം രൂപം നല്‍കി. നിലവിലുള്ള ബയോഗ്യാസ് പ്ളാന്റ് അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തന ക്ഷമമാക്കുക, മലിനജല സംസ്കരണത്തിനായി വാട്ടര്‍ ട്രീറ്റ്മെന്റ് പ്ളാന്റ് സ്ഥാപിക്കുക, എയര്‍ഗണ്‍ ഉപയോഗിച്ച് ബയോഗ്യാസ് പ്ളാന്റ് പരിസരം വൃത്തിയാക്കി മാലിന്യം വീണ്ടും അടിഞ്ഞു കൂടുന്നത് തടയുക എന്നീ കാര്യങ്ങള്‍ അടിയന്തിര പ്രാധാന്യത്തോടെ ചെയ്തു തീര്‍ക്കും. ബയോഗ്യാസ് പ്ളാന്റ് വൃത്തിയാക്കുന്നതിന് വേണ്ടി മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനത്തില്‍ രണ്ടാഴ്ച ക്രമീകരണം ഏര്‍പ്പെടുത്തേണ്ടി വരും. ഇതേകുറിച്ച് മത്സ്യവ്യാപാരികളുമായി ഈ മാസം ഏഴിന് ചര്‍ച്ച നടത്തും.
നിലവിലുള്ള ബയോഗ്യാസ് പ്ളാന്റ് അറ്റകുറ്റപ്പണി നടത്തി വൃത്തിയാക്കുന്നത് അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ്. പ്ളാന്റ് പ്രവര്‍ത്തിക്കാതായതിനെ തുടര്‍ന്ന് അടിഞ്ഞു കൂടിയ മാലിന്യം നീക്കം ചെയ്ത് വൃത്തിയാക്കേണ്ടതുണ്ട്. പ്ളാന്റ് വീണ്ടും പ്രവര്‍ത്തന ക്ഷമമാകുമ്പോള്‍ പുറത്തു വരുന്ന മലിനജലം സംസ്കരിക്കാന്‍ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ളാന്റ് സ്ഥാപിക്കും. ശുചിത്വ മിഷന്റെ സാങ്കേതിക സഹായത്തോടെയാവുമിത്. പ്ളാന്റിനുള്ള 50 ശതമാനം തുക സംസ്ഥാന സര്‍ക്കാര്‍ ഗ്രാന്റായി നല്‍കും. വാട്ടര്‍ ട്രീറ്റ്മെന്റ് പ്ളാന്റ് സ്ഥാപിക്കുന്നതോടെ മലിനജലം ഒഴുകി പരക്കുന്നത് തടയാന്‍ കഴിയും. ബയോഗ്യാസ് പ്ളാന്റ് എയര്‍ഗണ്‍ ഉപയോഗിച്ച് വൃത്തിയാക്കുന്നതിനും തീരുമാനമായി.
ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ, നഗരസഭാ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി, എ.ഡി.എം എച്ച്.ദിനേശന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Fish-market, Kanhangad, Kasaragod