ഏകദിന റേഷന്‍ കാര്‍ഡ് വിതരണ പദ്ധതി അട്ടിമറിക്കപെട്ടു
Nov 1, 2012, 23:39 IST
കാഞ്ഞങ്ങാട്: സര്‍ക്കാറിന്റെ ഒറ്റ ദിവസം കൊണ്ടുള്ള റേഷന്‍ കാര്‍ഡ് വിതരണ പദ്ധതി വ്യാപകമായി അട്ടിമറിക്കപ്പെട്ടു. മാസങ്ങള്‍ നീണ്ടുപോയാലും ഉപഭോക്താക്കള്‍ക്ക് പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കാത്ത സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്.
സിഡിറ്റാണ് സംസ്ഥാനത്ത് റേഷന്‍ കാര്‍ഡുകള്‍ക്ക് വേണ്ട സാമഗ്രികളും രേഖകളും തയ്യാറാക്കുന്നത്. എന്നാല്‍ കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ കുടിശ്ശിക വരുത്തിയതിനാല്‍ റേഷന്‍ കാര്‍ഡുകള്‍ തയ്യാറാക്കുന്ന ഉത്തരവാദിത്വത്തില്‍ നിന്നും സിഡിറ്റ് പിന്മാറിയിരിക്കുകയാണ്.
പണം മുഴുവന്‍ ലഭിച്ചാല്‍ മാത്രമേ റേഷന്‍ കാര്‍ഡുകള്‍ തയ്യാറാക്കുന്ന നടപടി ക്രമങ്ങളുമായി മുന്നോട്ട് പോകുകയുള്ളൂവെന്ന നിലപാടിലാണ് സിഡിറ്റ്. റേഷന്‍ കാര്‍ഡിന് വേണ്ട ലാമിനേഷന് പേപ്പറുകളും, മറ്റ് പേപ്പറുകളും, സാമഗ്രികളും രേഖകളും തയ്യാറാക്കണമെങ്കില്‍ സിഡിറ്റിന്റെ തന്നെ സേവനം വേണം. മറ്റ് മാര്‍ഗങ്ങളിലൂടെ ഇത് ലഭ്യമാക്കാനുള്ള സംവിധാനം നിലവിലില്ല. പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിന് കാലതാമസം നേരിടുന്നത് റേഷന്‍ ഉപഭോക്താക്കളെ ബുദ്ധിമുട്ടിലാഴ്ത്തിയിരിക്കുകയാണ്. 13 രൂപ 85 പൈസ തോതിലാണ് ഓരോ റേഷന്‍ കാര്‍ഡിനുമായി സര്‍ക്കാര്‍ സിഡിറ്റിന് നല്‍കേണ്ടത്. ഈ തുക ഇതുവരെ ലഭ്യമായിട്ടില്ല. അങ്ങനെയെങ്കില്‍ സിഡിറ്റിന് നല്‍കാനുള്ള കോടികള്‍ എവിടെ പോയെന്ന ചോദ്യമാണ് ഉയര്‍ന്ന് വന്നിരിക്കുന്നത്. ഉപഭോക്താക്കള്‍ 15 രൂപയാണ് കാര്‍ഡിന് നല്‍കേണ്ടത്.
കേരളത്തിലെ എല്ലാ ജില്ലാ സപ്ലൈ ഓഫീസുകളിലും സര്‍ക്കാര്‍ നല്കിയ നിര്‍ദേശ പ്രകാരം സപ്ലൈ ഓഫീസറുടെ പേരില്‍ ട്രഷറിയില്‍ അക്കൗണ്ടുണ്ടാക്കി പുതിയ റേഷന്‍ കാര്‍ഡുകള്‍ക്ക് വേണ്ടിയുള്ള തുക നിക്ഷേപിക്കണം. സിഡിറ്റിന് ഈ തുക പിന്‍വലിക്കാവുന്ന തരത്തിലുള്ള നടപടി ക്രമങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കും. എന്നാല്‍ ഇതിന് വേണ്ട നടപടികള്‍ക്ക് ഏറെ കാലതാമസം തന്നെ വേണ്ടിവരും. ഈ സാഹചര്യത്തില്‍ പുതിയ റേഷന്‍ കാര്‍ഡ് വിതരണം അടുത്തൊന്നും ഉണ്ടാകില്ലെന്ന ആശങ്കയാണ് ഉപഭോക്താക്കള്‍ക്കുള്ളത്.
പുതിയ റേഷന്‍ കാര്‍ഡുകള്‍ക്കായി കാഞ്ഞങ്ങാട് സപ്ലൈ ഓഫീസില്‍ 2,000 അപേക്ഷകളും കാസര്‍കോട് സപ്ലൈ ഓഫീസില്‍ 3,000 അപേക്ഷകളുമാണ് കെട്ടിക്കിടക്കുന്നത്. കാഞ്ഞങ്ങാട് സപ്ലൈ ഓഫീസിലെ പ്രിന്റിംങ് യന്ത്രം വരെ വാടകയ്ക്കാണ് പ്രവര്‍ത്തിക്കുന്നത്. ഈ യന്ത്രത്തിന്റെ തകരാറും റേഷന്‍ കാര്‍ഡ് വിതരണത്തിന് വേണ്ടിയുള്ള നടപടികളെ പ്രതികൂലമായി ബാധിക്കുകയാണ്. എ.പി.എല്‍. വിഭാഗത്തിലും ബി.പി.എല്‍. വിഭാഗത്തിലും പെട്ട ഉപഭോക്താക്കള്‍ റേഷന്‍ കാര്‍ഡ് വിതരണത്തിലെ പ്രതിസന്ധി കാരണം കടുത്ത ദുരിതത്തിലാണ്. വിലക്കയറ്റം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ജനങ്ങള്‍ക്ക് പൊതുവിതരണ കേന്ദ്രങ്ങള്‍ മാത്രമാണ് ആശ്രയം. റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതില്‍ വന്നുപെട്ട പ്രതിസന്ധി അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് തീവില നല്കി അവശ്യസാധനങ്ങള്‍ വാങ്ങേണ്ട അവസ്ഥയാണുള്ളത്. ഈ പ്രശ്നത്തിന് സര്‍ക്കാര്‍ എത്രയും വേഗം പരിഹാരം കാണണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Keywords: Ration Card, Kanhangad, Cash, Supply-officer, Kasaragod, A.P.L., B.P.L, Consumers, High Price,Kerala,