ബലാത്സംഗ കേസില്‍ എസ് ഐയെ പ്രതിസ്ഥാനത്ത് നിന്ന് നീക്കി
Apr 2, 2012, 16:42 IST
എസ് ഐയെ കേസില്‍ കുടുക്കിയ ഡി വൈ എസ്പി യുടെ നടപടി പോലീസ് സേനയില്‍ വ്യാപകമായ പ്രതിഷേധത്തിനും ചര്‍ച്ചകള്‍ക്കും കളമൊരുക്കിയതിന് പിന്നാലെയാണ് എസ് ഐയെ പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കി കൊണ്ട് കോടതി സ്വമേധയാ ഉത്തരവിട്ടത്.
നായിക്കയം പുലിയിലക്കൊച്ചിക്കോളനിയിലെ യുവതിയെ 2012 ഫെബ്രുവരി 25 മുതല്‍ 27 വരെ വിവിധ സമയങ്ങളിലായി ഒന്നാം മൈലിലെ ഒരു ഓല ഷെഡ്ഡില്‍ വെച്ച് വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ അയ്യങ്കാവ് പാലങ്കല്ല് ഒറ്റത്തങ്ങാടിയിലെ സനു ചാക്കോ(42)വിനെതിരെ രാജപുരം പോലീസ് കേസെടുത്തിരുന്നു. ഈ കേസ് പിന്നീട് കാസര്‍കോട് സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡിന് കൈമാറുകയായിരുന്നു.
എസ് എം എസ് ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ തുടരന്വേഷണം നടത്തുകയും രാജപുരം എസ് ഐ കെ കൃഷ്ണനെ അകാരണമായി ഈ കേസില്‍ രണ്ടാം പ്രതിയാക്കി ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പരാതി ഗൗരവത്തോടെ കണക്കിലെടുക്കാതെ കേസെടുക്കാന്‍ വൈകിച്ചുവെന്നതിന്റെ പേരിലാണ് എസ് ഐയെ കേസില്‍ കുടുക്കിയത്. കേസ് ഡയറി കഴിഞ്ഞ ദിവസം സ്വമേധയ പരിശോധിച്ച ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് രമേശന്‍ എസ് ഐയെ പ്രതിചേര്‍ത്തതിന് യാതൊരു ന്യായീകരണവുമില്ലെന്ന് കണ്ടെത്തുകയും എസ് ഐയെ കുറ്റവിമുക്തനാക്കികൊണ്ട് ഉത്തരവിടുകയും ചെയ്തു.
കോടതി ഉത്തരവ് ജില്ലാ പോലീസ് സൂപ്രണ്ടിനെയും കാസര്‍കോട് എസ് എം എസ് ഡി വൈ എസ് പിയെയും അറിയിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
യുവതി രാജപുരം പോലീസില്‍ പീഡന വിവരം നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനിടയില്‍ ആരോപണ വിധേയനായ വ്യക്തിയെ കൊണ്ട് പരാതിക്കാരിയെ കല്യാണം കഴിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സാധ്യതയുണ്ടെന്നും പരാതിക്കാരിയുടെ ബന്ധുക്കളും ചില പൊതുപ്രവര്‍ത്തകരും രാജപുരം പോലീസിനെ അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് രാജപുരം പോലീസ് തുടര്‍ നടപടികള്‍ വൈകിച്ചതെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് എസ് ഐയെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയത്.
Keywords: Kanhangad, kasaragod, Rape, case, DYFI, SI