പുത്തൂര്‍ വ്യവസായിയെ ബന്ദിയാക്കിയതിന് പിന്നില്‍ സ്ത്രീ വിഷയം
Jan 17, 2012, 16:53 IST
Noufal, Unais |
കഴിഞ്ഞ ശനിയാഴ്ച തുംകൂറിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് ജോളിമാത്യൂസ് പണിക്കര്‍ പുത്തൂരില്‍ നിന്ന് സ്വന്തം വാഹനത്തില്‍ ഡ്രൈവറോടൊപ്പം പുറപ്പെട്ടത്. എന്നാല്‍ തുംകൂറില്‍ എത്താതെ ജോളി ലക്ഷ്മിനഗറിലുള്ള അടുത്ത സുഹൃത്തും തട്ടിക്കൊണ്ടുപോകല്‍ സംഭവത്തില്‍ അറസ്റ്റിലാവുകയും ചെയ്ത ഉനൈസിന്റെ വീട്ടിലാണ് എത്തിയത്. ശനിയാഴ്ച രാത്രി ഉനൈസിന്റെ വീട്ടില്‍ നിന്ന് ജോളി പുത്തൂരിലേക്ക് മടക്കയാത്ര തുടങ്ങുന്നതിനിടയില്‍ ഉനൈസ് നല്കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കല്ലൂരാവിയിലെ ഒരുസംഘം ജോളിയെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടുകയും സ്ത്രീ ശബ്ദത്തില്‍ ശൃംഗരിക്കുകയും ചെയ്തു. സ്ത്രീ ശബ്ദത്തില്‍ മയങ്ങിയ ജോളി 'സ്ത്രീ' ആവശ്യപ്പെട്ടതനുസരിച്ച് കല്ലൂരാവി ഭാഗത്തേക്ക് പോവുകയായിരുന്നു.
കല്ലൂരാവിയിലെ സംഘത്തിന് ജോളിയുടെ കയ്യില്‍ പണമുള്ള കാര്യം പറഞ്ഞുകൊടുത്തത് സുഹൃത്തായ ഉനൈസ് തന്നെയാണെന്ന് വെ ളിച്ചത്തുവന്നിട്ടുണ്ട്. കല്ലൂരാവിയില്‍ നിന്ന് സംഘം ജോളിയെയും ഡ്രൈവര്‍ മുഹമ്മദ് ഷെരീഫിനെയും ഭീഷണിപ്പെടുത്തി എടിഎം കാര്‍ഡ് കൈക്കലാക്കി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചിരുന്നു. ഇത് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ജോളിയെ മര്‍ദ്ധിച്ച് അവശനാക്കി നിര്‍ബന്ധിപ്പിച്ച് നീലേശ്വരത്തെ എടിഎം സെന്ററില്‍ നിന്ന് 9500 രൂപ പിന്‍വലിപ്പിച്ചു. കല്ലൂരാവിയിലെ സ്ത്രീയുടെ അടുത്തേക്ക് എത്തിയതാണെന്ന് പറഞ്ഞ് നാട്ടുകാരുടെ മുമ്പില്‍ നാണംകെടുത്തുമെന്ന് പറഞ്ഞ സംഘത്തിന്റെ എല്ലാ ആജ്ഞകളും അനുസരിക്കാന്‍ ജോളി നിര്‍ബന്ധിതനായി. തടങ്കലില്‍ നിന്ന് മോചിപ്പിക്കാന്‍ മൂന്ന് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. പണം കിട്ടാതെ വന്നപ്പോള്‍ ജോളിയെയും ഡ്രൈവറെയും ആലാമിപ്പള്ളിയിലെ ലാന്റ് മാര്‍ക്ക് ലോഡ്ജില്‍ മുറിയെടുത്ത് ബന്ദികളാക്കുകയായിരുന്നു. മുറിയില്‍ നിന്ന് പുറത്തിറങ്ങാനോ മൊബൈല്‍ ഫോണില്‍ ആരോടെങ്കിലും സംസാരിക്കാനോ സമ്മതിച്ചില്ല. ഞായറാഴ്ച രാത്രി മുഴുവന്‍ സംഘത്തില്‍പെട്ടവര്‍ ഇരുവര്‍ക്കും കാവലിരിക്കുകയായിരുന്നു. ഒറ്റ രാത്രി കൊണ്ട് ഒമ്പത് ഫുള്‍ ബോട്ടില്‍ മദ്യമാണ് സംഘം ലോഡ്ജ് മുറിയില്‍ വെച്ച് അകത്താക്കിയത്.
തിങ്കളാഴ്ച രാവിലെ നാട്ടിലെത്തിയാല്‍ പണം തരാമെന്ന് ജോളി സമ്മതിച്ചതിനെ തുടര്‍ന്ന് ജോളിയെയും കൂട്ടി പുത്തൂരിലേക്ക് പോകുന്നതിനിടയിലാണ് ഹൊസ്ദുര്‍ഗ് പോലീസ് സംഘത്തില്‍പെട്ട രണ്ടുപേരെ പിടികൂടിയത്. ലാന്റ് മാര്‍ക്ക് ലോഡ്ജില്‍ ഇവര്‍ എങ്ങനെ മുറി സംഘടിപ്പിച്ചുവെന്നത് ദുരൂഹത ഉയര്‍ത്തുന്നു. ജോളി സുഹൃത്ത് ഉനൈസിനോടൊപ്പം പലപ്പോഴും ലാന്റ് മാര്‍ക്ക് ലോഡ്ജില്‍ എത്താറുണ്ടെന്ന് പോലീസ് അനേ്വഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ലാന്റ് മാര്‍ക്ക് ലോഡ്ജിലെ ചില ജീവനക്കാരെ ജോളിക്കും ഉനൈസിനും നേരിട്ട് പരിചയമുണ്ട്. ഇവരെ ഉപയോഗിച്ച് ഉനൈസ് വഴിയാണ് സംഘം ലോഡ്ജില്‍ മുറിയെടുത്തതെന്നാണ് സൂചന. ലോഡ്ജ് ജീവനക്കാരെ സിഐ കെ.വി.വേണുഗോപാല്‍ തിങ്കളാഴ്ച വിശദമായി ചോദ്യം ചെയ്തു. അറസ്റ്റിലായ നൗഫലിനെയും ഉനൈസിനെയും ചൊവ്വാഴ്ച ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കും. സംഘത്തില്‍പ്പെട്ട മറ്റ് അഞ്ചുപേര്‍ ഒളിവില്‍ പോയി. ഇവരെ പിടികൂടുന്നതിന് പോലീസ് സംഘം വലവിരിച്ച് കഴിഞ്ഞു.
Keywords: Kidnap-case, Merchant, Puthur, Kasaragod, Kanhangad