മുച്ചിലോട്ട് അമ്പലം റോഡിനെ അവഗണിച്ചതില്‍ വ്യാപക പ്രതിഷേധം
Jan 18, 2012, 11:22 IST
കാഞ്ഞങ്ങാട്: ചെരിച്ചാല്‍-മുച്ചിലോട്ട് അമ്പലം റോഡിനെ അജാനൂര്‍ പഞ്ചായത്ത് ഭരണസമിതി അവഗണിച്ചതില്‍ പ്രതിഷേധം ശക്തമായി. അതിപുരാതന കല്യാല്‍ മുച്ചിലോട്ട് ക്ഷേത്രത്തില്‍ പെരുങ്കളിയാട്ടം നടക്കുന്നത് പരിഗണിച്ച് അമ്പലം റോഡ് ടാര്‍ചെയ്യണമെന്നാവശ്യപ്പെട്ട് ഗ്രാമസഭ ഐക്യകണ്‌ഠേന പ്രമേയത്തിലൂടെ ആവശ്യപ്പെട്ടപ്പോള്‍ ഗ്രാമസഭയില്‍ സംബന്ധിച്ച പഞ്ചായത്ത് പ്രസിഡന്റ് ഇക്കാര്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് ഉറപ്പുനല്‍കിയിട്ടും റോഡ് ടാര്‍ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കാത്തത് നാട്ടുകാരിലും ആഘോഷകമ്മിറ്റിക്കിടയിലും കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
പതിനാറ് വര്‍ഷം മുമ്പ് നടന്ന പെരുങ്കളിയാട്ട വേളയില്‍ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന എം കര്‍ത്തമ്പുവിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ക്ഷേത്രത്തിന്റെ ഐശ്വര്യ ഓഡിറ്റോറിയം റോഡ് ടാര്‍ചെയ്തതും 2006ല്‍ മണലില്‍ പാടാര്‍ കുളങ്ങരക്ഷേത്രം കളിയാട്ടത്തിന്റെ ഭാഗമായി അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായ ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഡിപിസിയുടെ അംഗീകാരം വാങ്ങി അമ്പലം റോഡ് ടാര്‍ചെയ്തതും മാണിക്കോത്ത് പുന്നക്കാല്‍ ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട വേളയില്‍ അഞ്ചുലക്ഷം രൂപ ചെലവിട്ട് ക്ഷേത്രത്തിലേക്ക് റോഡ് നിര്‍മിച്ചതും മറന്നുകൊണ്ടാണ് ഇപ്പോഴത്തെ ഭരണസമിതി പ്രവര്‍ത്തിക്കുന്നത്.
ജനുവരി 31 മുതല്‍ ഫെബ്രുവരി അഞ്ചുവരെ നടക്കുന്ന കിഴക്കുംകര കല്യാല്‍ മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിന്റെ എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടും റോഡ് ടാര്‍ ചെയ്യാന്‍ മടികാട്ടിയ പഞ്ചായത്ത് ഭരണസമിതിയുടെ നടപടിയില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്ന് റോഡ് വികസനസമിതി അഭ്യര്‍ഥിച്ചു.
Keywords: Muchilot temple Road, Protest, kasaragod, Kanhangad