Misidentification | അവര്‍ കുറുവാ സംഘമല്ല; മലപ്പുറത്തുനിന്നും പടന്നക്കാട്ടെത്തിയ പാവം പെയിന്റിങ് പണിക്കാരെന്ന് പൊലീസ്
● ദൃശ്യങ്ങള്‍ തരംഗമായതോടെ പെയിന്റിങ് ജോലിയും നഷ്ടമായി.
● യുവാക്കള്‍ക്ക് നാട്ടില്‍ പോലും കാലുകുത്താനായില്ല.
● നിരപരാധികളാണെന്ന വീഡിയോ പുറത്തിറക്കാന്‍ തീരുമാനം.
കാഞ്ഞങ്ങാട്: (KasargodVartha) പടന്നക്കാട്ട് കുറുവാ സംഘമെന്ന് സംശയിച്ച് പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലെ യുവാക്കള്‍ മലപ്പുറത്തുനിന്നും എത്തിയ പെയിന്റിങ് പണിക്കാരാണെന്ന് വ്യക്തമായി. മലപ്പുറം ജില്ലയിലെ ബാസിത് (26), ലുഖ് മാന്‍ (30) എന്നീ യുവാക്കളാണ് ദൃശ്യങ്ങളിലുള്ളവരെന്ന് ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ അജിത്ത് കുമാര്‍ കാസര്‍കോട്‌വാര്‍ത്തയോട് പറഞ്ഞു.
പൊലീസ് പുറത്തുവിട്ട ദൃശ്യം കാരണം ഇവര്‍ക്ക് നാട്ടില്‍ പോലും കാലുകുത്താനായില്ല. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായതോടെ, പടന്നക്കാട്ടെ പെയിന്റിങ് ജോലിയില്‍ നിന്നും ഇവരെ പറഞ്ഞുവിട്ടു. പുറത്തിറങ്ങാന്‍ കഴിയാതെ വന്നതോടെ ഇവര്‍ ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടറെ ബന്ധപ്പെട്ട് തങ്ങള്‍ കുറുവാ സംഘത്തിലെ ആള്‍ക്കാരല്ലെന്ന് അറിയിച്ചു. ഇതോടെ സ്റ്റേഷനില്‍ എത്താന്‍ പറഞ്ഞപ്പോള്‍ തങ്ങളെ അറസ്റ്റ് ചെയ്യുമോ എന്നായിരുന്നു യുവാക്കള്‍ ചോദിച്ചതെന്ന് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
ഒന്നും ചെയ്യില്ലെന്നും ഇവരുടെ നിരപരാധിത്വം പൊതുസമൂഹത്തെ ബോധ്യപ്പെടുത്താമെന്നും പറഞ്ഞപ്പോഴാണ് ഇവര്‍ വെള്ളിയാഴ്ച (29.11.2024) ഉച്ചയോടെ ഹൊസ്ദുര്‍ഗ് സ്റ്റേഷനിലും പിന്നാലെ നീലേശ്വരം സ്റ്റേഷനിലും എത്തിയത്.
കടിച്ച പാമ്പിനെ കൊണ്ടുതന്നെ വിഷം ഇറക്കിയെന്നത് പോലെ പൊലീസ് തന്നെ മറ്റൊരു അറിയിപ്പ് നല്‍കി ഇവര്‍ നിരപരാധികളാണെന്ന വീഡിയോ പുറത്തിറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
#falseaccusation, #policemistake, #keralanews, #justice, #clearname