city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൂലിയും ഭക്ഷണവും ലഭിക്കാതെ ദുരിതത്തിലായ അന്യ സംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി

കൂലിയും ഭക്ഷണവും ലഭിക്കാതെ ദുരിതത്തിലായ അന്യ സംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി
കാഞ്ഞങ്ങാട്: കൂലിയും മതിയായ ഭക്ഷണവും ലഭിക്കാതെ കാഞ്ഞങ്ങാട് നഗരസഭയുടെ ചെമ്മട്ടംവയലിലുള്ള ട്രഞ്ചിംങ് ഗ്രൗണ്ടില്‍ മാലിന്യങ്ങള്‍ വേര്‍തിരിക്കുന്ന ജോലിയിലേര്‍പ്പെട്ട അന്യ സംസ്ഥാന തൊഴിലാളികള്‍ ഒടുവില്‍ കാഞ്ഞങ്ങാട്ട് നിന്നും മടങ്ങി. ബംഗാള്‍,ഒറീസ, ഉത്തര്‍ പ്രദേശ്, ആസാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ചൊവ്വാഴ്ച ഉച്ചയോടെ കാഞ്ഞങ്ങാട്ട് നിന്നും പോയത്.

മാലിന്യങ്ങള്‍ വേര്‍തിരിക്കാന്‍ കാഞ്ഞങ്ങാട് നഗരസഭ നിയോഗിച്ച കരാറുകാരന്‍ ചുമതലയേല്‍പ്പിച്ച സഹകരാറുകാരന്‍ മുങ്ങിയതോടെയാണ് ട്രഞ്ചിംങ് ഗ്രൗണ്ടില്‍ 45 ദിവസമായി ജോലി ചെയ്ത് വരികയായിരുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ കൂലിയും മതിയായ ഭക്ഷണവും കിട്ടാതെ ദുരിതം അനുഭവിച്ചത്. സി പി ഐ നേതൃത്വം ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെ അന്യസംസ്ഥാന തൊഴിലാളികള്‍ കാഞ്ഞങ്ങാട് നഗസരഭാ ഓഫീസ് ഉപരോധിക്കുകയും പ്രശ്‌നം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. ഇതോടെ നഗരസഭയും പോലീസും ഇടപെട്ട് കരാറുകാരനെ വരുത്തുകയും ഓരോ തൊഴിലാളിക്കും 4000 രൂപ വിതം നല്‍കുകയും ചെയ്തു. ബാക്കി തുക തൊഴിലാളികള്‍ക്ക് പിന്നീട് നല്‍കുമെന്ന് കരാറുകാരന്‍ ഉറപ്പ് നല്‍കി. ഇതിനിടെയാണ് തൊഴിലാളികള്‍ കാഞ്ഞങ്ങാട്ട് നിന്ന് ചെന്നൈയിലേക്കും എറണാകുളത്തേക്കുമായി തിരിച്ച് പോയത്.

തൊഴില്‍ തേടി കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചേക്കേറിയ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് തൊഴിലുടമകളില്‍ നിന്നു നേരിടേണ്ടി വരുന്നത് കൊടിയ പീഡനമാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ ആയിരക്കണക്കിനു തൊഴിലാളികളാണ് ജോലിക്കനുസരിച്ച വേതനവും താമസസൗകര്യവും ലഭിക്കാതെ കടുത്ത ചൂഷണത്തിനും പീഡനത്തിനും ഇരയാകുന്നത്. തൊഴിലാളി ക്ഷാമത്തിന്റെ മറവില്‍ ആന്ധ്ര, തമിഴ്‌നാട്, രാജസ്ഥാന്‍, ബീഹാര്‍, ഒറീസ, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് ജില്ലയിലെത്തിച്ച തൊഴിലാളികളാണ് കടുത്ത ചൂഷണത്തിന് ഇരയാവുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികളെ കൊണ്ടു വരുമ്പോള്‍ പാലിക്കേണ്ട തൊഴില്‍നിയമങ്ങള്‍ കരാറുകാര്‍ കാറ്റില്‍ പറത്തുകയാണ്. തൊഴിലാളികളുടെ എണ്ണം, പൂര്‍ണമായ മേല്‍വിലാസം,ഇവര്‍ എടുക്കുന്ന തൊഴില്‍, താമസസൗകര്യം, വേതനം തുടങ്ങിയ കാര്യങ്ങള്‍ ബന്ധപ്പെട്ട ലേബര്‍ ഓഫീസുകളിലും സമീപത്തെ പോലീസ് സ്‌റ്റേഷനുകളിലും നല്‍കണമെന്നാണ് നിയമം. എന്നാല്‍ തൊഴിലാളികളെ ഇറക്കുമതി ചെയ്യുന്നവര്‍ തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്നവരുടെ കൃത്യമായൊരു കണക്ക് ബന്ധപ്പെട്ട ഓഫീസുകളില്‍ സമര്‍പ്പിക്കാത്തതിനാല്‍ ലേബര്‍ ഓഫീസര്‍ക്കോ പോലീസിലോ പരാതി പറയാന്‍ പോലും തൊഴിലാളികള്‍ക്ക് സാധിക്കാത്ത അവസ്ഥയാണുള്ളത്.

തൃക്കരിപ്പൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്, കാസര്‍കോട് മഞ്ചേശ്വരം തുടങ്ങിയ ടൗണുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്യസംസ്ഥാന തൊഴിലാളികള്‍ ജോലിചെയ്യുന്നത്. ഈ ഭാഗങ്ങളിലെല്ലാം അന്യസംസ്ഥാനക്കാര്‍ക്കായി പ്രത്യേക താമസസൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് തൊഴിലുടമകളുടെ ന്യായീകരണം. എന്നാല്‍ പ്രധാനനഗരങ്ങള്‍ കേന്ദ്രീകരിച്ച് കരാറുകാരുടെ കീഴില്‍ ജോലി ചെയ്യുന്നവരുടെ കാര്യം പരിതാപകരമാണ്. ക്വാര്‍ട്ടേര്‍സുകളും വീടുകളും ഇവര്‍ക്കായി ഒരുക്കികൊടുക്കുന്നതായി തൊഴില്‍ ഉടമ അവകാശപ്പെടുന്നുണ്ടെങ്കിലും ക്വാര്‍ട്ടേര്‍സുകളുടേയും തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന വാടക വീടുകളുടേയും അവസ്ഥ ശോചനീയമാണ്. രണ്ടോ മൂന്നോ പേര്‍ക്ക് താമസിക്കാവുന്ന ക്വാര്‍ട്ടേര്‍സ് മുറികളില്‍ പത്തും പതിനഞ്ചും തൊഴിലാളികളാണ് താമസിക്കുന്നത്.
ഇവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യം പോലും ഇത്തരം ക്വാര്‍ട്ടേര്‍സുകളില്‍ ഒരുക്കിയിട്ടില്ല. അതുകൊണ്ടു തന്നെ തൊഴിലാളികള്‍ താമസസ്ഥലത്തിന് പുറത്താണ് പ്രാഥമികാവശ്യങ്ങള്‍ക്ക് സ്ഥലം കണ്ടെത്തുന്നത്.

വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം പാചകം ചെയ്യുകയും കഴിക്കുകയും താമസിക്കുകയും ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ സ്ഥിതി വളരെ ശോചനീയമാണെങ്കിലും ഇതേക്കുറിച്ച് പരാതി പറയാന്‍ തൊഴിലാളികള്‍ ഭയപ്പെടുകയാണ്. ഇതുമാത്രമല്ല തൊഴിലാളികളുടെ തൊഴില്‍സമയത്തെ സംബന്ധിച്ചു യാതൊരു വ്യവസ്ഥയുമില്ലെന്നും പരാതിയുണ്ട്.
കാസര്‍കോട്, ചട്ടഞ്ചാല്‍, ചെര്‍ക്കള,ബേവിഞ്ച, ഉദുമ ഭാഗങ്ങളിലെ കരാറുകാരുടെ കീഴില്‍ തന്നെ നൂറു കണക്കിന്നു തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ ഇവരില്‍ 90 ശതമാനത്തിന്റേയും വിവരങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കാന്‍ തൊഴിലുടമ തയാറായിട്ടില്ല. ഇതുകൊണ്ട് തന്നെ കാസര്‍കോട് മേഖലയിലെ അന്യസംസ്ഥാനക്കാരുടെ എണ്ണത്തെ സംബന്ധിച്ച് ഇപ്പോഴും പൂര്‍ണമായൊരു ചിത്രം ലഭിച്ചിട്ടില്ല. തൊഴില്‍രംഗത്ത് ചൂഷണവും പീഡനവും സഹിക്കവയ്യാതെ തൊഴിലാളികളില്‍ പലരും നാട്ടിലേക്ക് മടക്കയാത്രയ്ക്കുള്ള തയാറെടുപ്പിലാണ്.

കരാറുകാരുടെ കീഴിലും അല്ലാതെയും നിരവധി പേര്‍ തീവണ്ടി മാര്‍ഗം ജില്ലയിലും കേരളത്തിന്റെ മറ്റു ഭാഗങ്ങളിലുമെത്തുന്നുണ്ടെിലും ഇവര്‍ എവിടെ എത്തിപ്പെടുന്നുവെന്നതിനെ സംബന്ധിച്ച കാര്യങ്ങള്‍ ദുരൂഹമാണ്. ജില്ലയിലെ എല്ലാ തൊഴില്‍ മേഖലകളിലും അന്യസംസ്ഥാനക്കാരുടെ സാന്നിധ്യമുണ്ടെങ്കിലും ഇവരേക്കുറിച്ചുളള വിവരങ്ങള്‍ നല്‍കാന്‍ ആളില്ലാത്ത അവസ്ഥയാണ്.
കുറ്റകൃത്യങ്ങളും പകര്‍ച്ചവ്യാധികളും പെരുകി വരുന്ന സാഹചര്യത്തില്‍ അന്യസംസ്ഥാനക്കാരുടെ കാര്യത്തില്‍ കൃത്യമായൊരു കണക്കെടുപ്പ് വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. അതേ സമയം തൊഴിലാളികള്‍ക്ക് ജോലിയും കൂലിയും താമസസൗകര്യവും നല്‍കാതെ ചൂഷണം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്ന തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടവണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്്.

Keywords:  Other state labours, Returned, Kanhangad, Kasaragod, Contractor, Cheating

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia