ന്യൂനപക്ഷങ്ങള്‍ക്ക് നീതി നിഷേധം; മുസ്ലിം ലീഗ് എ.എസ്.പി. ഓഫീസിലേക്ക് മാര്‍ച്ച് നടത്തും
May 2, 2012, 23:15 IST
കാഞ്ഞങ്ങാട്: ജില്ലയിലെയും കാഞ്ഞങ്ങാട് സബ് ഡിവിഷനിലെയും ഒരു വിഭാഗം പോലീസുദ്യോഗസ്ഥരും രഹസ്യാന്വേഷണ വിഭാഗവും മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് നീതി നിഷേധിക്കുകയും ഉന്നതാധികാരികള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കി ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നതിന് ഭരണകൂടത്തിന്റെ അംഗീകാരം നേടിയെടുക്കുവാന്‍ ശ്രമിക്കുകയാണെന്നും ഒരു വിഭാഗം മാധ്യമങ്ങള്‍ ഇതിന് പശ്ചാത്തലം ഒരുക്കുകയാണെന്നും കാഞ്ഞങ്ങാട് നിയോജക മണ്ഡലം മുസ്ലിംലീഗ്, യൂത്ത്ലീഗ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. പോലീസിന്റെ ഈ തെറ്റായ നീക്കത്തിന് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് മെയ് 15 ന് എ.എസ്.പി.ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പട്ടാള വേഷവിവാധം, കാഞ്ഞങ്ങാട് സംഘര്‍ഷം തൊട്ട് നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയവും സാമുദായികവുമായ പ്രശ്നങ്ങള്‍ മുതലായവയില്‍ പോലീസിലെയും രഹസ്യാന്വേഷണ വിഭാഗത്തിലെയും ഒരു വിഭാഗവും ചിലാ മാധ്യമങ്ങളും ന്യൂനപക്ഷ വിഭാഗത്തെ അനാവശ്യമായി പ്രതികൂട്ടില്‍ നിര്‍ത്തുകയും ഭൂരിപക്ഷ സമുദായത്തിനിടയില്‍ മുസ്ലിം വിദ്വേഷം നടത്തുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചുവരുന്നത്. വ്യത്യസ്ത കവലകളില്‍ കൂടിനില്‍ക്കുന്ന യുവാക്കളില്‍ മുസ്ലിംകള്‍ കൂടി നില്‍ക്കുന്നേടത്തുമാത്രം ലാത്തിവീശിയും വിരട്ടിയോടിക്കലും പരിക്കേല്‍പ്പിക്കലും പോലീസിന്റെ ശീലമായിരിക്കുന്നു. ആക്രമണത്തിന്റെ തുടക്കക്കാര്‍ ആരായിരുന്നാലും ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘട്ടനങ്ങളില്‍ പോലീസ് സ്വമേധയ രജിസ്റര്‍ ചെയ്യുന്ന കേസുകളില്‍ മുസ്ലിംകളെ മാത്രം പ്രതിയാക്കുകയും മുസ്ലിംകള്‍ക്കെതിരെ രജിസ്റര്‍ ചെയ്യുന്ന കേസുകളില്‍ രാഷ്ട്രീയ സംഘട്ടനങ്ങളില്‍പോലും 153 (എ) നിര്‍ബന്ധവകുപ്പായി മാറിയിരിക്കുന്നു. മുന്‍കരുതലായി അറസ്റു ചെയ്യുന്നവരില്‍ ഭൂരിഭാഗവും മുസ്ലിംകളാവുകയും അവരുടെ നേതാക്കളെപ്പോലും അനാവശ്യമായി അറസ്റു ചെയ്ത് പീഡിപ്പിക്കുകയും ചെയ്യുന്നു. ചില ഗ്രാമങ്ങളും പ്രദേശങ്ങളും ചിലവരുടെ തറവാട് സ്വത്തുപോലെ കൊടികളും കൊടിമരങ്ങളും സ്തൂപങ്ങളും കമാനങ്ങളും പ്രതിമകളും പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച് പോലീസിനെ നോക്കി പല്ലിളിച്ച് കാട്ടുമ്പോള്‍ സ്വകാര്യ സ്ഥലങ്ങളിലും മുസ്ലിം ലീഗിന്റെ സ്വന്തം സ്ഥലങ്ങളിലും സ്ഥാപിച്ച കൊടിമരങ്ങള്‍ പോലും പിഴുതെടുത്ത് കൊണ്ടുപോകുവാന്‍ പോലീസ് ശൌര്യം കാണിക്കുന്നു.
ന്യൂനപക്ഷ വിരോധം ജീവവായുവായി സ്വീകരിച്ച ചില വര്‍ഗ്ഗീയ വാദികളെക്കാള്‍ വലിയ വര്‍ഗ്ഗീയത പോലീസിലെ ഒരു വിഭാഗത്തെ പിടികുടിയതായാണ് അനുഭവപ്പെടുന്നത്. നബിദിന റാലി പോലെ ആദരണീയമായ ഒരു പരിപാടിയില്‍ ആകര്‍ഷണീയത മാത്രം ലക്ഷ്യം വെച്ച് ധരിച്ച് വിവിധ നിറങ്ങളിലും ഡിസൈനുകളിലുമുള്ള വസ്ത്രങ്ങള്‍ ചിലത് പട്ടാളവേഷത്തോട് സാമ്യമുണ്ടെന്ന് കാരണം പറഞ്ഞ് അതില്‍ അണിനിരന്നവരുടെ ഉദ്ദേശ ശുദ്ധിപോലും പരിഗണിക്കാതെ അവരെ രാജ്യദ്രോഹകരമായ ഗൂഢാലോചന നടത്തിയവരായും രാഷ്ട്ര സേനയെ അവഹേളിച്ചവരായും കുറ്റം ചാര്‍ത്തി കേസെടുക്കുകയും അതിന് ഭരണകൂടത്തിന്റെയും പോലീസ് ഉന്നത നേതൃത്വത്തിന്റെയും അംഗീകാരം ലഭിക്കുന്നതിന് സംഘ് പരിവാര്‍, സി.പി.എം. പ്രഭൃതികളുടെ പ്രസ്താവനകള്‍ റിപ്പോര്‍ട്ടായി അയക്കുകയും ചെയ്യുകയാണ് പോലീസ് ചെയ്തത്. മാര്‍ക്കറ്റില്‍ സുലഭമായ വസ്ത്രങ്ങള്‍ വാങ്ങുകയും അവ ഹൈന്ദവ സഹോദരങ്ങള്‍ നടത്തുന്ന ടൈലറിംഗ് ഷോപ്പുകളില്‍ കൊടുത്ത് തയ്പ്പിക്കുകയും ധരിച്ച വേഷങ്ങളില്‍ ഒരു പട്ടാളത്തിന്റെയും ചിഹ്നങ്ങള്‍ ഇല്ലാതിരിക്കുകയും ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരെ ബോധിപ്പിക്കുകയും ചെയ്തിട്ടും അവ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്ന് വന്നാല്‍ അതിനര്‍ത്ഥം അവരെ അത് അറിയിക്കാന്‍ ബാധ്യതപ്പെട്ടവര്‍ സത്യത്തെ ഇവിടെത്തന്നെ കുഴിച്ചുമൂടിയെന്നാണ്.
ഓട്ടോ റിക്ഷ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി മെമ്പറും കോട്ടച്ചേരി ടൌണ്‍ ബ്രാഞ്ച് സി.പി.എം.അംഗവും പാര്‍ട്ടി വളണ്ടിയറുമടക്കം വിവാദ യൂണിഫോം ധരിച്ച് റാലിയില്‍ അണിചേര്‍ന്നിട്ടുണ്ട്. എന്നിരിക്കെ ഇതിന് പിന്നില്‍ തീവ്രവാദത്തെയും മുസ്ലിം ലീഗിനെയും കൂട്ടിയിണക്കാന്‍ അത്രപെട്ടെന്ന് തത്രപ്പെടുന്ന സി.പി.എമ്മിന്റെ വര്‍ഗ്ഗീയ രോഗം പോലീസില്‍ ഒരു വിഭാഗം കടമെടുക്കുന്നത് അവര്‍ അണിയുന്ന യൂണിഫോമിനോടും കൈപ്പറ്റുന്ന കൂലിയോടുമുള്ള അനീതിയാണ്. ഈനില തുടരുന്ന പക്ഷം സമൂഹത്തിലെ പ്രബല ന്യൂനപക്ഷ വിഭാഗം ഭരണ സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ട് അവരെ പ്രകോപിപ്പിക്കുന്ന തീവ്രവാദ സംഘങ്ങളുടെ ചിറകിനടിയില്‍ അഭയം തേടിയാല്‍ വസ്തുതകളെ മലിനീകരിച്ച് അവര്‍ക്ക് നീതി നിഷേധിക്കുന്ന പോലീസും മാധ്യമങ്ങളുമാണ് ഇതിനുത്തരവാദികള്‍. ഇത്തരമൊരു ദുരന്തത്തിലേക്ക് സമൂഹത്തെ പൊതുവിലും മുസ്ലിംകളെ പ്രത്യേകിച്ചും എത്തികുന്നത് തടയാന്‍ പ്രചാരണത്തിന്റെയും പ്രക്ഷോഭങ്ങളുടെയും ഏതറ്റംവരെയും പോകാന്‍ മുസ്ലിം ലീഗ് നിര്‍ബന്ധിതരാകുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. പത്രസമ്മേളനത്തില്‍ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത്, ജനറല്‍ സെക്രട്ടറി എം.പി. ജാഫര്‍, യൂത്ത്ലീഗ് ഭാരവാഹികളായ ഹക്കീം മീനാപ്പീസ്, ഹാരിസ് ബാവ നഗര്‍, എം.ഇബ്രാഹിം സംബന്ധിച്ചു.
Keywords: Muslim league ASP office march, Kanhangad, Kasaragod