|
Pannyan Raveendran |
കാഞ്ഞങ്ങാട്: മരണം ഏതുസമയവും സംഭവിക്കാമെന്ന ഗുരുതരാവസ്ഥയില്‍ മുല്ലപെരിയാല്‍ ഡാം സംബന്ധിച്ച് അന്തിമതീരുമാനമെടുക്കേണ്ടത് പ്രധാനമന്ത്രിയാണെന്നും മറിച്ച് കോടതിയല്ലെന്നും സിപിഐ ദേശിയ എക്‌സിക്യൂട്ടിവംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സിപിഐ കാസര്‍കോട് ജില്ലാസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ പന്ന്യന്‍ കാഞ്ഞങ്ങാട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഇരു സംസ്ഥാനങ്ങള്‍തമ്മിലുള്ള നിര്‍ണായ വിഷയത്തില്‍ പ്രധാനമന്ത്രി ഭരണഘടനപരമായ ഉത്തരവാദിത്വം എത്രയും വേഗം നിറവേറ്റണം. തമിഴ്‌നാട് -കേരള മുഖ്യമന്ത്രിമാരെ വിളിച്ച് പ്രധാനമന്ത്രി ചര്‍ച്ചചെയ്യണം. അതിനുപകരം മന്ത്രി പവന്‍ കുമാറിനെ പ്രശ്‌നത്തിന്റെ ചുമതല ഏല്‍പ്പിക്കുന്നത് ശരിയല്ല. കോടതി വിധിയെ കാത്തുനില്‍ക്കാനുള്ള അവസ്ഥയല്ല ഇപ്പോളുള്ളത്. പൗരാവകാശത്തെ നിഷേധിക്കാന്‍ പാടില്ല. ജനങ്ങളുടെ വികാരത്തെ മാനിക്കണം. ഭൂചലനം എപ്പോള്‍ ഉണ്ടാകുമെന്നോ, അണക്കെട്ട് എപ്പോള്‍ പൊട്ടാമെന്നോ ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. ജനങ്ങള്‍ക്കുള്ള ഭയാനകമായ ആശങ്ക മാറ്റിയേ മതിയാകൂ. തമിഴ്‌നാടിന് വെള്ളംകൊടുക്കണമെന്നും ഒപ്പംകേരള ജനതയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നുമാണ് പാര്‍ട്ടിയുടെ നിലപാട്. കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ശക്തമായി സ്വാധീനംചെലുത്തി നിലപാടെടുപ്പിക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നത്. ഇതിനെതിരെ യുഡിഎഫ് നേതാക്കളും അണികളുംതന്നെ അണിനിരന്നുകഴിഞ്ഞു. പത്തുദിവസത്തിനകം തീരുമാനമെടുക്കണമെന്ന മന്ത്രി കെ എം മാണിയുടെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നുവെന്നും അതേസമയം മന്ത്രിമാര്‍ വാക്കുകള്‍ പറയുമ്പോള്‍ ഭരണഘടനതൊട്ടുള്ള സത്യപ്രതിജ്ഞയുടെ ലംഘനം നടത്താന്‍ പാടില്ലെന്നും പന്ന്യന്‍ പറഞ്ഞു. പി കെ ജോസഫിന്റെ ഗാന്ധിയന്‍ സമരരീതിയെ അംഗീകരിക്കുന്നില്ലെന്ന പ്രസ്താവനയ്ക്ക് മറുപടിയാണ് സിപിഐ നേതാവ് ഇക്കാര്യം പറഞ്ഞത്. മുല്ലപ്പെരിയാര്‍ സമരം ജനഹൃദയങ്ങളിലേക്ക് ഇത്രയും ആഴത്തിലും ശക്തമായും വളര്‍ത്തികൊണ്ടുവന്നത് സിപിഐയാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
Keywords: Kasaragod, Kanhangad, Mullaperiyar, CPI, Pannyan Raveendran,