ലീലാകുമാരിയമ്മയുടെ വീടിന് മുന്നില്‍ നിന്നും കള്ള്ഷാപ്പ് രാവണീശ്വരത്തേക്ക് മാറ്റാന്‍ നീക്കം
Dec 20, 2011, 15:37 IST
കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമര നായിക ലീലാകുമാരിയമ്മയുടെ വീടിന് മുന്നില്‍ ആരംഭിക്കാനിരുന്ന നിര്‍ദ്ദിഷ്ട കള്ള്ഷാപ്പ് ശക്തമായ ജനകീയ സമരത്തെ തുടര്‍ന്ന് മാറ്റാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചതോടെ കള്ള്ഷാപ്പ് പാര്‍ട്ടി ഗ്രാമമായ രാവണീശ്വരത്തേക്ക് മാറ്റാന്‍ തകൃതിയായ നീക്കം തുടങ്ങി. പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തിലെ ചാലിങ്കാല്‍ മൊട്ട കുറ്റിയടുക്കത്തെ ലീലാകുമാരിയമ്മയുടെ വീടിന് സമീപത്തായി തുടങ്ങാനിരുന്ന കള്ള്ഷാപ്പാണ് രാവണീശ്വരത്തിനും നമ്പ്യാരടുക്കത്തിനുമിടയില്‍ കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നത്. സിപിഎം ശക്തി കേന്ദ്രമായ രാവണീശ്വരത്ത് കള്ള് ഷാപ്പിന് അനുമതി നല്‍കുന്നതിനെതിരെ പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചിലര്‍ എതിര്‍പ്പുമായി രംഗത്തുവന്നിട്ടുണ്ട്.
ഇതോടെ കള്ള്ഷാപ്പ് വിവാദം വീണ്ടും കൊഴുക്കുകയാണ്. അനധികൃത മദ്യവില്‍പ്പന സജീവമായ പ്രദേശത്താണ് ഇപ്പോള്‍ കള്ള്ഷാപ്പ് തുടങ്ങുന്നത്. പുതിയ കോട്ടയിലെ ബിവറേജ് മദ്യശാലയില്‍ നിന്നും കൊണ്ടുവരുന്ന വിദേശ മദ്യം കൂടിയ വിലക്ക് വില്‍പ്പന നടത്തുന്ന സമാന്തര ബാറുകള്‍വരെയുള്ള പ്രദേശത്താണ് കള്ള് ഷാപ്പും നിലവില്‍വരുന്നത്.
ഇതോടെ പ്രദേശത്ത് മദ്യാസക്തി കൂടുതല്‍ വളരുകയും ക്രമസമാധാന പ്രശ്‌നങ്ങള്‍ പതിവാകുകയും ചെയ്യുമെന്നാണ് മദ്യത്തിനെതിരെ ചിന്തിക്കുന്നവര്‍ ആശങ്കപ്പെടുന്നത്. പെരിയ കായക്കുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കുറ്റിയടുക്കത്തെ കെട്ടിടത്തില്‍ പടന്നക്കാട് സ്വദേശിക്ക് കള്ള് ഷാപ്പ് തുടങ്ങാനാണ് നേരത്തെ എക്‌സൈസ് അനുമതി നല്‍കിയിരുന്നത്.
ഇതിനെതിരെ നാട്ടുകാരും ചാലിങ്കാലിലെ പൗരസമിതിയും സമരരംഗത്തിറങ്ങിയതോടെ കള്ള് ഷാപ്പിനുള്ള അനുമതി താല്‍ക്കാലികമായി റദ്ദ് ചെയ്യാന്‍ എക്‌സൈസ് കമ്മീഷണര്‍ നിര്‍ബന്ധിതമാകുകയായിരുന്നു.
ഡിസംബര്‍ 16ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ നാട്ടുകാര്‍ കള്ള്ഷാപ്പിനെതിരെ പരാതി നല്‍കിയതോടെ കള്ള് ഷാപ്പ് കുറ്റിയടുക്കത്ത് നിന്നും മാറ്റാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുകയാണുണ്ടായത്. ഈ സാഹചര്യത്തിലാണ് കള്ള്ഷാപ്പ് രാവണീശ്വരത്ത് തുടങ്ങാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. ഇന്നത്തെ സാഹചര്യത്തില്‍ കള്ള്ഷാപ്പുകളും വിദേശ മദ്യശാലകളും തുടങ്ങണമെങ്കില്‍ പഞ്ചായത്തുകളുടെ ലൈസന്‍സ് വേണം. പഞ്ചായത്ത് ലൈസന്‍സ് ആവശ്യമില്ലാതിരുന്ന സമയത്താണ് പടന്നക്കാട് സ്വദേശിക്ക് കള്ള്ഷാപ്പിന് എക്‌സൈസിന്റെ ലൈസന്‍സ് ലഭിച്ചത്.
ആ ലൈസന്‍സിന് ഇപ്പോഴും സാധുതയുണ്ടെന്ന് പറഞ്ഞാണ് പടന്നക്കാട്ടെ സ്വകാര്യ വ്യക്തി രാവണീശ്വരത്ത് കള്ള്ഷാപ്പ് തുടങ്ങാനുള്ള ശ്രമം നടത്തിവരുന്നത്. വ്യാജ മദ്യ വില്‍പ്പനയും അനധികൃത വിദേശ മദ്യ വില്‍പ്പനയും സജീവമായ രാവണീശ്വരം മേഖലയില്‍ മദ്യ ലഹരിയിലുള്ള കുടുംബ കലഹങ്ങള്‍ സ്ത്രീകളെയും കുട്ടികളെയും ദുരിതത്തിലാഴ്ത്തുന്നുണ്ട്. ഇതിനുപുറമെ കള്ള്ഷാപ്പ് കൂടി വന്നാല്‍ നാട്ടിലും കുടുംബങ്ങളിലും കലഹങ്ങളും അക്രമങ്ങളും രൂക്ഷമാകും.
Keywords: Toddy, Leela Kumari Amma, House, Kanhangad, Kasaragod