മടിക്കൈ കമ്മാരനെയും കൃഷ്ണാനന്ദപൈയെയും നേതൃ നിരയില്‍ നിന്നും ഒഴിവാക്കാന്‍ നീക്കം
Oct 13, 2012, 20:30 IST
കൃഷ്ണാനന്ദ പൈ |
മടിക്കൈ കമ്മാരന്‍ |
സംസ്ഥാന പ്രസിഡണ്ട് വി മുരളീധരന്‍, കാസര്‍കോട് ജില്ലയിലെ പാര്‍ട്ടിയുടെ ചുമതലയുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ എന്നിവരുടെ അറിവോടെയാണ് മടിക്കൈ കമ്മാരനെ സംസ്ഥാന നേതൃനിരയില്‍ നിന്ന് തഴയാനുള്ള നീക്കം ആരംഭിച്ചത്. ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് പദവി വരെ ഉയര്‍ന്ന മികച്ച സംഘാടകനായ മടിക്കൈ കമ്മാരന്‍, നിലവില്‍ സംസ്ഥാന നേതൃത്വത്തിലുള്ള ചില ഭാരവാഹികളുടെ ശൈലിയോടും നിലപാടിനോടും അതൃപ്തി പ്രകടിപ്പിച്ചതോടെ അദ്ദേഹം പാര്‍ട്ടിക്കകത്ത് ചിലരുടെ കണ്ണിലെ കരടായി തീരുകയായിരുന്നു.
ബിജെപിയുടെ ഭരണഘടനയനുസരിച്ച് ഓരോ ലോകസഭ മണ്ഡലങ്ങളില്‍ നിന്ന് ഒരാളെ ബിജെപി ദേശീയ കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുക്കാറാണ് പതിവ്. നിലവില്‍ കാസര്‍കോട് ലോകസഭാ മണ്ഡല പരിധിയില്‍ നിന്നും മടിക്കൈ കമ്മാരനാണ് ദേശീയ കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിക്കുന്നത്. ദേശീയ കൗണ്‍സില്‍ അംഗത്തിന് സംസ്ഥാന കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കാനുള്ള അവകാശവുമുണ്ട്. ദേശീയ കൗണ്‍സില്‍ അംഗത്വത്തില്‍ നിന്ന് മടിക്കൈ കമ്മാരനെ ഒഴിവാക്കുന്നതോടെ ഫലത്തില്‍ അദ്ദേഹം സംസ്ഥാന നേതൃനിരയില്‍ നിന്നും പൂര്‍ണമായും തഴയപ്പെടും. ജില്ലയിലെ തലയെടുപ്പുള്ള ഒട്ടനവധി നേതാക്കളെ അച്ചടക്ക നടപടിയിലൂടെ മൂലക്കിരുത്തിയെങ്കിലും മടിക്കൈ കമ്മാരനെ തഴഞ്ഞാല്‍ ജില്ലയിലത് പ്രത്യേകിച്ച് ഹൊസ്ദുര്‍ഗ് മേഖലയില്‍ പാര്‍ട്ടിക്കകത്ത് കടുത്ത തിരിച്ചടി നേരിടുമെന്ന് ഉറപ്പാണ്.
അതിനിടെ ബിജെപി ജില്ലാ നേതൃത്വത്തിന്റെ കടുത്ത അപ്രീതിക്കിരയായ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ കാഞ്ഞങ്ങാട്ടെ കൃഷ്ണാനന്ദപൈയെ ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം കൈക്കൊണ്ടതായി അറിയുന്നു. കഴിഞ്ഞ രണ്ട് തവണയായി പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ സ്ഥാനം വഹിച്ചു വരുന്ന കൃഷ്ണാനന്ദപൈക്ക് അദ്ദേഹത്തിന്റെ പ്രവര്‍ത്തന കേന്ദ്രമായ കാസര്‍കോട് ജില്ലയിലെ പാര്‍ട്ടി നേതൃത്വവുമായി വര്‍ഷങ്ങളായി യാതൊരു ബന്ധവുമില്ല. കര്‍ണാടകയിലെയും കേരളത്തിലെയും ചില നേതാക്കളുമായി അടുത്ത ബന്ധമുള്ള ആളാണ് കൃഷ്ണാനന്ദപൈ. പാര്‍ട്ടിയുടെ സജീവ അംഗത്വ പദവി പോലും അദ്ദേഹം സ്വന്തം ബൂത്ത് വഴിയല്ല നേടിയെടുത്തിരുന്നത്. മണ്ഡലം-ജില്ല നേതൃത്വം അറിയാതെയാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം അദ്ദേഹത്തിന് സജീവ അംഗത്വം നല്‍കിയത്. ഇതിനെതിരെയും ഇപ്പോള്‍ ജില്ലാ നേതൃത്വം രംഗത്തിറങ്ങിയിട്ടുണ്ട്.
Keywords: Kasaragod, BJP, Kanhangad, Kerala, Madikai Kammaran, Krishnananda Pai, Kerala Vartha, Malayalam News