പത്രപ്രവര്‍ത്തക വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവിനെ കണ്ടെത്താന്‍ അന്വേഷണം
Apr 16, 2012, 16:55 IST
കാഞ്ഞങ്ങാട്: പത്രപ്രവര്‍ത്തക വിദ്യാര്‍ത്ഥിനിയും കലാകാരിയുമായ യുവതിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി ലോഡ്ജുകളില്‍ താമസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ കാമുകനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ബദിയഡുക്ക സ്വദേശിനിയായ 22 കാരിയുടെ പരാതിയില്‍ എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയായ അനീഷ് കുമാറിനെതിരെയാണ് (31) എറണാകുളം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. അനീഷ് കുമാര്‍ കൊച്ചിയിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് ഇവിടെയെത്തിയെങ്കിലും അനീഷ് കുമാര്‍ കൊച്ചിയില്‍ നിന്നും മുങ്ങിയിരിക്കുകയാണ്. ഇതോടെ പോലീസ് സംഘം അനീഷ്കുമാറിനെ കണ്ടെത്താനാകാതെ തിരിച്ചുവരികയായിരുന്നു.
കാഞ്ഞങ്ങാട്ട് നിന്നും അനീഷ് കുമാര്‍ ബദിയഡുക്ക യുവതിയെ പ്രലോഭിപ്പിച്ച് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്കും തമിഴ്നാട്ടിലേക്കും കൊണ്ടുപോയി ലോഡ്ജുകളില്‍ താമസിപ്പിക്കുകയും ലൈംഗിക ചൂഷണത്തിന് വിധേയയാക്കുകയും ചെയ്തുവെന്നാണ് കേസ്. തീവണ്ടിയാത്രയ്ക്കിടെ നാല് വര്‍ഷം മുമ്പാണ് യുവതി അനീഷ്കുമാറിനെ പരിചയപ്പെട്ടത്. അന്യമതസ്ഥനായ അനീഷ്കുമാറുമായി യുവതി പിന്നീട് പ്രണയത്തിലാവുകയായിരുന്നു.
കേരളത്തിലെ മൂന്നാര്‍ ഉള്‍പ്പെടെയുള്ള ഉല്ലാസ കേന്ദ്രങ്ങളിലേക്കും തമിഴ്നാട്ടിലെ സുഖവാസ കേന്ദ്രങ്ങളിലേക്കും യുവതിയെ കൊണ്ടുപോയ അനീഷ് കുമാര്‍ വിവാഹ വാഗ്ദാനം ചെയ്താണ് ലൈംഗികമായി പീഡിപ്പിച്ചത്. നാലുവര്‍ഷക്കാലം യുവതിയുമായുള്ള ബന്ധം തുടര്‍ന്ന അനീഷ് യുവതിയുടെ ഒന്നര ലക്ഷം രൂപ കൈക്കലാക്കിയ ശേഷം മുങ്ങുകയായിരുന്നു. മൊബൈല്‍ ഫോണിലൂടെയും മറ്റും യുവതി അനീഷിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് ബോധ്യപ്പെട്ട യുവതി അനീഷിനെതിരെ എറണാകുളം സിജെഎം കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. ഹരജി സ്വീകരിച്ച കോടതി യുവതിയെ പരിചയപ്പെട്ട് തീവണ്ടിയില്‍ കൂട്ടിക്കൊണ്ടുപോയത് കാഞ്ഞങ്ങാട്ട് നിന്നായതിനാല്‍ അനീഷിനെതിരെ കേസെടുക്കുന്നതിന് ഹൊസ്ദുര്‍ഗ് പോലീസിന് നിര്‍ദ്ദേശം നല്‍കുകയാണുണ്ടായത്.
Keywords: Journalists, Student, Molestation, Police-enquiry, Kasaragod