മോഷണം പോയ ആടിനെ വിവാഹ വീട്ടില്‍ കണ്ടെത്തി
Mar 5, 2012, 15:58 IST
കാഞ്ഞങ്ങാട്: മാര്‍ച്ച് 2ന് രാത്രി പടന്നക്കാട് കരുവളത്ത് നിന്നും മോഷണം പോയ 10 വയസ്സ് പ്രായമുള്ള ആടിനെ കൊളവയലിലെ വിവാഹ വീട്ടില്‍ കണ്ടെത്തി. കരുവളത്തെ വ്യാപാരിയായ ബി.കാസിമിന്റെ (50)ആടിനെയാണ് കൊളവയലിലെ നബീസയുടെ വീട്ടുമുറ്റത്ത് കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. മോഷ്ടിച്ച ആടിനെ വില്‍പ്പന നടത്തിയതിന് കരുവളത്തെ കന്നുകാലി കച്ചവടക്കാരനായ മുഹമ്മദ് കുട്ടിയെന്ന മമ്മൂട്ടിക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
മാര്‍ച്ച് 3ന് രാവിലെ 7 മണിക്ക് കാസിമിന്റെ ഭാര്യ ആടിന് തീറ്റകൊടുക്കാന്‍ കൂടിന് സമീപം എത്തിയപ്പോഴാണ് കൂടിന്റെ വാതില്‍ പൊളിച്ച നിലയിലും ആട് മോഷണം പോയതായും കണ്ടെത്തിയത്. പത്ത് വയസ് പ്രായമുള്ള ആറായിരം രൂപയോളം വിലവരുന്ന പെണ്ണാടാണ് മോഷണം പോയത്. ഇതേ തുടര്‍ന്ന് കാസിമും വീട്ടുകാരും കാഞ്ഞങ്ങാട്ടും പരിസരങ്ങളിലുമായി അന്വേഷണം നടത്തിയപ്പോഴാണ് വിവാഹ ചടങ്ങ് നടക്കുന്ന കൊളവയലിലെ നബീസയുടെ വീട്ട് മുറ്റത്ത് കാസിമിന്റെ മോഷണം പോയ ആടിന്
സമാനമായ ഒരു ആടിനെ കെട്ടിയിട്ട നിലയില്‍ കണ്ടതായി വിവരം ലഭിച്ചത്.
കാസിം കൊളവയലിലെ നബീസയുടെ വീട്ടിലെത്തി ആടിനെ പരിശോധിച്ചപ്പോള്‍ തന്റെ ആട് തന്നെയാണെന്ന് വ്യക്തമായി. നബീസയോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ കന്നുകാലി കച്ചവടക്കാരനായ മുഹമ്മദ് കുട്ടി 3500 രൂപയ്ക്ക് തനിക്ക് ആടിനെ വിറ്റതാണെന്നും മോഷ്ടിച്ച ആടാണ് ഇതെന്ന് അറിഞ്ഞില്ലെന്നും മറുപടി നല്കി. തുടര്‍ന്ന് മുഹമ്മദ്കുട്ടിക്കെതിരെ കാസിം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Keywords: Goat Robbery, Kanhangad, Kasaragod