റിട്ട. എസ്പിയെയും പോലീസ് ഉദ്യോഗസ്ഥരെയും ആര്‍ഡിഒ ഓഫീസില്‍ തടഞ്ഞു
Nov 10, 2012, 20:18 IST
മണപ്പുറം ഫിനാന്‍സ് കമ്പനി പ്രതിനിധികളെ കാഞ്ഞങ്ങാട് ആര്‍ഡിഒ ഓഫീസില്‍ തടഞ്ഞിട്ട്
സിപിഐ-എഐടിയുസി പ്രവര്‍ത്തകര്‍ ഓഫീസിന് മുമ്പില്‍ പ്രതിഷേധിക്കുന്നു.
|
കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയില്‍ നിന്നും വിരമിച്ച എസ്പി തിരുവനന്തപുരം സ്വദേശി ശശിധരന്, വിജിലന്‍സില്‍ നിന്നും വിരമിച്ച നീലേശ്വരം സ്വദേശി ടി വി കമലാക്ഷന്‍, എസ്ഐയായിരുന്ന പയ്യന്നൂരിനടുത്ത വെള്ളൂരിലെ പത്മനാഭന്, കമ്പനി നിയമോപദേഷ്ടാവ് സാജന് വര്‍ഗീസ് എന്നിവരെയാണ് എഐടിയുസി പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം കാഞ്ഞങ്ങാട് ആര്‍ഡിഒ ഓഫീസില്‍ വെള്ളിയാഴ്ച വൈകിട്ട് തടഞ്ഞുവെച്ചത്.
മണപ്പുറം ഫിനാന്‍സ് കമ്പനിയുടെ സെക്യൂരിറ്റി വിഭാഗം തലവനാണ് റിട്ട. എസ്പി ശശിധരന്. ടി വി കമലാക്ഷന്‍ സെക്യൂരിറ്റി അസിസ്റ്റന്റ് മാനേജറായി ജോലിനോക്കുന്നു. മാസങ്ങളായി മണപ്പുറം ഫിനാന്‍സ് കമ്പനിയില്‍ എഐടിയുസിയുടെ നേതൃത്വത്തില്‍ തൊഴില്‍ സമരം തുടരുകയായിരുന്നു. എന്നാല്‍ ഒത്തുതീര്‍പ്പിന് മാനേജ്മെന്റ് തയ്യാറാകാത്തതിനെ തുടര്‍ന്ന് ഏറ്റവും ഒടുവില്‍ ജില്ലയില്‍ മണപ്പുറം ഫിനാന്‍സ് കമ്പനിയിലെ ജീവനക്കാര്‍ അനിശ്ചിതകാല സമരം തുടങ്ങിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ കാഞ്ഞങ്ങാട് ആര്‍ഡിഒ ദേവീദാസ് മുന്‍കൈയെടുത്ത് വെള്ളിയാഴ്ച ചര്‍ചക്ക് കളമൊരുക്കിയിരുന്നു. എഐടിയുസി നേതാക്കളായ കെ വി കൃഷ്ണന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എസ് കുര്യാക്കോസ്, എ ദാമോദരന്‍, കെ വി മനോജന്, അഡ്വ. ഉണ്ണികൃഷ്ണന്, സുജീഷ്കുമാര്‍ എന്നിവരും മണപ്പുറം കമ്പനി പ്രതിനിധികളും തമ്മില്‍ നടന്ന ആദ്യവട്ട ചര്‍ച പരാജയമായിരുന്നു.
വൈകിട്ട് മൂന്നരക്ക് ആരംഭിച്ച ചര്‍ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് അഞ്ചര മണിയോടെ പുറത്തിറങ്ങിയ നേതാക്കളും പ്രവര്‍ത്തകരും കമ്പനി പ്രതിനിധികളെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ ആര്‍ഡിഒ ഓഫീസിന് മുമ്പില്‍ കുത്തിയിരുന്നു. വിവരം അറിഞ്ഞതോടെ കൂടുതല്‍ സിപിഐ-എഐടിയുസി പ്രവര്‍ത്തകരും രംഗത്തെത്തി. പോലീസിന്റെ വന്‍ പടയും ആര്‍ഡിഒ ഓഫീസിന് മുന്നില്‍ നിലയുറപ്പിച്ചു. ഇതിനിടയില്‍ പുറത്തുപോയ ആര്‍ഡിഒ പിന്നീട് തിരിച്ചുവന്ന് വീണ്ടും ചര്‍ചാ യോഗം വിളിച്ചുചേര്‍ത്തു.
സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദന് പള്ളിക്കാപ്പില്‍, മറ്റ് നേതാക്കളായ കെ എസ് കുര്യാക്കോസ്, കെ വി കൃഷ്ണന് എന്നിവരും കമ്പനി പ്രതിനിധികളും തമ്മില്‍ മണിക്കൂറുകളോളം ചര്‍ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ വിട്ടുവീഴ്ചക്ക് മണപ്പുറം കമ്പനി പ്രതിനിധികള്‍ തയ്യാറായതോടെയാണ് മണിക്കൂറുകള്‍ നീണ്ടുനിന്ന ഉദ്യോഗജനകമായ സംഭവങ്ങള്‍ക്ക് തിരശീല വീണത്.
കമ്പനിയുടെ ലീഗല്‍ അഡൈ്വസറെ കയ്യേറ്റം ചെയ്യാന്‍ മുതിര്‍ന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സസ്പെന്‍ഷനിലായ എഐടിയുസി നേതാവ് കെ വി മനോജിന്റെ പേരിലുള്ള നടപടി പിന്‍വലിച്ച് ജില്ലയിലെ മറ്റേതെങ്കിലും ബ്രാഞ്ചില്‍ നിയോഗിക്കാനും ഉപ്പള ബ്രാഞ്ചില്‍ നിന്ന് തൃശൂരിലെ ഹെഡ്ഡോഫീസിലേക്ക് സ്ഥലം മാറ്റപ്പെട്ട കണ്ണൂര്‍ ജില്ലക്കാരനായ ദീപേഷിനെ കണ്ണൂര്‍ ജില്ലയിലെ ഏതെങ്കിലും ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റാനും കമ്പനി പ്രതിനിധികള്‍ ചര്‍ചയില്‍ സമ്മതിക്കുകയായിരുന്നു. എഐടിയുസി നല്കിയ അവകാശ പത്രിക പ്രത്യേക കണ്‍സള്‍ട്ടന്‍സി ഏജന്‍സിയുമായി ചര്‍ച ചെയ്ത് ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്നും കമ്പനി പ്രതിനിധികള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
Keywords: Kanhangad, Police, March, CPI, Kasaragod, Kerala, Malayalam News, Kerala Vartha